ADVERTISEMENT

ചെന്നൈ ∙ നഗരത്തിലെ വെള്ളക്കെട്ടിനെ തുടർന്ന് പകർച്ചവ്യാധികൾക്കും മറ്റു രോഗങ്ങൾക്കും സാധ്യതയുള്ളതിനാൽ കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ആരോഗ്യ പരിചരണം, ശുചിത്വം, കൊതുകു നശീകരണം, വാക്സിനേഷൻ തുടങ്ങിയ കാര്യങ്ങളിൽ‌ അതീവശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

പരുക്കേറ്റവർ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കണം, സംപ്, ടാങ്ക് എന്നിവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് അണുമുക്തമാക്കണം, പകർച്ചവ്യാധിക്കു സാധ്യതയുള്ളതിനാൽ വെള്ളം തിളപ്പിച്ച ശേഷം മാത്രം കുടിക്കണം, പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകി. ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ മെഡിക്കൽ ക്യാംപുകളിലോ ആരോഗ്യ കേന്ദ്രങ്ങളിലോ എത്തി ചികിത്സ തേടണമെന്നും അറിയിച്ചു.

മഴക്കാല രോഗങ്ങൾ തടയുന്നതിനായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന പ്രതിവാര ക്യാംപ് ഇന്നു നടക്കും. എല്ലാ ശനിയാഴ്ചയുമാണു ക്യാംപ്. ഇന്ന് സംസ്ഥാനത്ത് മൂവായിരത്തോളം ഇടങ്ങളിൽ ക്യാംപ് ഉണ്ടാകും.

ഒരു മാസത്തെ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും
മഴക്കെടുതികളിൽ നിന്നു സംസ്ഥാനത്തെ കരകയറ്റുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി തന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു. എല്ലാ എംപിമാരും എംഎൽഎമാരും തുക സംഭാവന ചെയ്യാൻ തയാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്ന് ഡിഎംകെയുടെയും കോൺഗ്രസിന്റെയും എംപിമാർ പിന്നീട് അറിയിച്ചു. ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് ഐഎഎസ്, ഐഎപിഎസ് ഉദ്യോഗസ്ഥരുടെ അസോസിയേഷനുകൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

സാംപിൾ പരിശോധിച്ച് മെട്രോ വാട്ടർ
ശുദ്ധജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി മെട്രോ വാട്ടർ അറുനൂറോളം സാംപിളുകൾ ശേഖരിച്ചു. ജലം അണുമുക്തമാക്കുന്നതിനായി ക്ലോറിൻ ഗുളികകളും വിതരണം ചെയ്യുന്നുണ്ട്. 325 മലിനജല പമ്പിങ് സ്റ്റേഷനുകളും 179 ജനറേറ്ററുകളും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്. ശുദ്ധജലം ആവശ്യമുള്ളവർക്കു ബന്ധപ്പെടാൻ 1916, 044–4567 4567.

ദുരിതാശ്വാസ നിധിയിലേക്ക് പണം അയയ്ക്കാം
മഴക്കെടുതിയിൽ വലയുന്ന ജനങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു (സിഎംപിആർഎഫ്) പണം അയയ്ക്കുന്നതിനുള്ള നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി.

ബാങ്കിൽ ചെന്ന് നേരിട്ടു പണം അടയ്ക്കുന്നതിന്:

∙ ബാങ്ക് പേര്– ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെക്രട്ടേറിയറ്റ് ശാഖ

∙ അക്കൗണ്ട് നമ്പർ– 117201000000070

∙ ഐഎഫ്എസ് കോഡ്– IOBA0001172.

∙ യുപിഐ പേയ്മെന്റ് ഐഡി– tncmprf@iob.

∙ നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എന്നിവ വഴി https://cmprf.tn.gov.inഎന്ന വെബ്സൈറ്റ് വഴി പണമടച്ച് രസീത് നേടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com