ADVERTISEMENT

ചെന്നൈ ∙ മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിലെ ദുരിതബാധിതരായവർക്ക് 6,000 രൂപ വീതം സഹായധനം പ്രഖ്യാപിച്ച് സർക്കാർ. ‌ റേഷൻ കടകൾ വഴി പണം വിതരണം ചെയ്യുമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു. ജോലിക്കും മറ്റുമായി ചെന്നൈയിലും പരിസരങ്ങളിലും താമസിക്കുന്ന, റേഷൻ കാർഡില്ലാത്തവർക്കും വാടകവീടുകളിൽ കഴിയുന്നവർക്കും പണം നൽകുന്നതു പരിഗണിക്കുന്നുണ്ട്. ചെന്നൈയിൽ മുഴുവൻ താലൂക്കുകളിലും ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ ദുരിതബാധിത താലൂക്കുകളിലുമാണു തുക നൽകുക. ചെന്നൈയിൽ മാത്രം 1.59 കോടി ജനങ്ങളാണു കഴിയുന്നത്. 

മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം 4 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷമായി വർധിപ്പിച്ചു. 24 പേരാണ് ഇതുവരെ മരിച്ചത്. മഴയിൽ കുടിലുകൾ തകർന്നവർക്കുള്ള സാമ്പത്തിക സഹായം 8,000 രൂപയാക്കി. മഴക്കെടുതികളുമായി ബന്ധപ്പെട്ട് മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിനു ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നഗരത്തിലെ മുഴുവൻ എടിഎം യന്ത്രങ്ങളും ഇപ്പോഴും പൂർണമായി പ്രവർത്തിക്കാത്തതിനാലാണു പണം നേരിട്ടു നൽകാൻ സർക്കാർ തീരുമാനിച്ചത്. അതത് പ്രദേശങ്ങളിലെ റേഷൻ കടകളിലൂടെ ടോക്കൺ അടിസ്ഥാനത്തിലാകും വിതരണം.

2 കോടിയോളംപേർക്ക് സഹായം 
5,900 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ചെന്നൈ മെട്രോപ്പൊലിറ്റൻ പ്രദേശത്ത് 1.59 കോടിയാണ് ജനസംഖ്യ. ഇവരിൽ 70 ശതമാനത്തിലധികം പേർ വാടക വീടുകളിലാണു കഴിയുന്നത്. അതായത് 1.1 കോടിയിലേറെ പേർ. കേരളത്തിൽ നിന്നു മാത്രം ലക്ഷക്കണക്കിനു പേരാണു ചെന്നൈയിൽ കഴിയുന്നത്. എല്ലാവർക്കും 6,000 രൂപ നൽകാൻ തീരുമാനിച്ചാൽ ലക്ഷക്കണക്കിനു മലയാളികൾക്കും ഇതിന്റെ ഗുണം ലഭിക്കും. 2015ൽ നഗരത്തിൽ പ്രളയം ഉണ്ടായപ്പോൾ അന്നത്തെ ജയലളിത സർക്കാർ 5,000 രൂപയായിരുന്നു നൽകിയത്. നഗരത്തിൽ താമസിക്കുന്ന എല്ലാവർക്കും തുക നൽകാനായിരുന്നു തീരുമാനം.

നഷ്ടപരിഹാരത്തിൽ വർധന
മഴയിൽ നശിച്ച നെല്ല് ഉൾപ്പെടെയുള്ള വിളകൾക്ക് ഹെക്ടറിന് 17,000 രൂപ, നിത്യവിളകൾക്കും മരങ്ങൾക്കും ഹെക്ടറിന് 22,500 രൂപ, മഴയെ ആശ്രയിച്ചുള്ള വിളകൾക്ക് ഹെക്ടറിന് 8,500 രൂപ എന്നിങ്ങനെയും നഷ്ടപരിഹാരം നൽകും. കാളയും പശുവും ഉൾപ്പെടെയുള്ള കന്നുകാലികൾ ചത്തവർക്ക് 37,500 രൂപ നഷ്ടപരിഹാരം നൽകുമെന്നും ആട്, ചെമ്മരിയാട് എന്നിവയുടെ ജീവഹാനിക്ക് 4,000 രൂപ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സർക്കാരിനെതിരെരാജീവ് ചന്ദ്രശേഖർ
വെള്ളക്കെട്ട് ഒഴിവാകാൻ 4 ദിവസം വരെ എടുക്കാനുള്ള കാരണത്തെക്കുറിച്ച് സർക്കാർ അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ദിവസങ്ങളോളമുള്ള വെള്ളക്കെട്ട് ജനങ്ങളുടെ, പ്രത്യേകിച്ചും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ആരോഗ്യത്തിനും വീടുകൾക്കും വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സാഹചര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ സഹായങ്ങൾ ചെയ്യാൻ കേന്ദ്രം തയാറാണെന്നും മന്ത്രി ചെന്നൈയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com