ADVERTISEMENT

ചെന്നൈ ∙  പ്രളയ ദുരിതാശ്വാസ തുകയായ 6,000 രൂപ ചെന്നൈയിലെ മുഴുവൻ താലൂക്കുകളിലും വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. മറ്റു ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട താലൂക്കുകളിൽ മാത്രമായിരിക്കും തുക വിതരണം ചെയ്യുക. റേഷൻ കടകൾ വഴിയാണ് വിതരണം. പ്രളയ ദുരിതത്തിനിരയായവർക്ക് അടിയന്തര ധനസഹായമായി 6,000 രൂപ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, റേഷൻ കാർഡ് ഇല്ലാത്ത ഇതര സംസ്ഥാനക്കാർ അടക്കമുള്ളവർക്കു ദുരിതാശ്വാസം നൽകുന്ന കാര്യത്തിൽ ഇതുവരെ പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.

വിതരണം റേഷൻ കടകൾ വഴി
സഹായധനം ലഭിക്കുന്നതിനുള്ള ടോക്കൺ ഇന്നു മുതൽ വിതരണം ചെയ്യും. 16 മുതൽ വിതരണം ചെയ്യുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ചെന്നൈയിൽ മഴക്കെടുതി കൂടിയും കുറഞ്ഞുമുള്ള പ്രദേശങ്ങളുണ്ടെങ്കിലും എല്ലാ താലൂക്കുകളിലുള്ളവർക്കും തുക നൽകാനാണു സർക്കാരിന്റെ തീരുമാനം. ചെങ്കൽപെട്ട് ജില്ലയിൽ താംബരം, വണ്ടല്ലൂർ, പല്ലാവരം താലൂക്കുകളിലും തിരുപ്പോരൂർ താലൂക്കിലെ മൂന്നു വില്ലേജുകളിലും താമസിക്കുന്നവർക്കു ദുരിതാശ്വാസ തുക ലഭിക്കും.

കാഞ്ചീപുരം ജില്ലയിൽ കുണ്ട്രത്തൂർ താലൂക്ക്, ശ്രീപെരുംപുത്തൂർ താലൂക്കിലെ 3 റവന്യു വില്ലേജുകൾ, തിരുവള്ളൂർ ജില്ലയിൽ പൊന്നേരി, ഗുമ്മിടിപൂണ്ടി, ആവഡി, പൂനമല്ലി, ഉത്തുക്കോട്ട, തിരുവള്ളൂർ താലൂക്കുകൾ എന്നിങ്ങനെയാണു തുക ലഭിക്കുന്ന സ്ഥലങ്ങൾ. ഈ പ്രദേശങ്ങളിലുള്ളവർക്കു നൽകുന്ന ടോക്കണിന്റെ അടിസ്ഥാനത്തിൽ റേഷൻ കടകളിൽ പോയി പണം കൈപ്പറ്റാം. 

പ്രളയം ബാധിച്ചവർക്ക് പ്രത്യേക അപേക്ഷ
ചെന്നൈയിൽ താമസിക്കുന്നവരിൽ റേഷൻ കാർഡ് ഇല്ലാത്തവർക്കും 6,000 രൂപ നൽകാൻ സർക്കാർ നേരത്തെ ആലോചിച്ചിരുന്നെങ്കിലും ഇന്നലെ പുറത്തിറങ്ങിയ ഉത്തരവിൽ ഇതു സംബന്ധിച്ച നിർദേശമില്ല. മലയാളികളടക്കം ചെന്നൈ നിവാസികളായ ഒട്ടേറെ ഇതര സംസ്ഥാനക്കാർ ഇതുവരെ റേഷൻ കാർഡിന് അപേക്ഷിച്ചിട്ടില്ല. അതേസമയം കാർഡുള്ള ആയിരക്കണക്കിനു മലയാളികൾക്ക് പണം ലഭിക്കും.

കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖല ജീവനക്കാർ, ആദായ നികുതി അടയ്ക്കുന്നവർ, പഞ്ചസാര റേഷൻ കാർഡ് ഉള്ളവർ എന്നിവർക്കു ബാങ്ക് അക്കൗണ്ട് വഴിയാകും പണം വിതരണം ചെയ്യുക. ഈ വിഭാഗത്തിലുള്ളവർക്കു പ്രളയക്കെടുതിയെ തുടർന്ന് ജീവിത വരുമാനം, വസ്ത്രങ്ങൾ, പാത്രങ്ങൾ, മറ്റു വീട്ടുപകരണങ്ങൾ എന്നിവയെ ബാധിച്ചിട്ടുണ്ടെങ്കിൽ പ്രത്യേകം അപേക്ഷ നൽകണം. നാശനഷ്ടങ്ങളുടെയും ബാങ്ക് അക്കൗണ്ടിന്റെയും വിവരങ്ങൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. പരിശോധനയ്ക്കു ശേഷം അക്കൗണ്ടിൽ പണം ലഭിക്കും. 

പൊങ്കൽ സമ്മാനമായി 1,000 രൂപ
സംസ്ഥാനത്തെ അരി റേഷൻ കാർഡുകാർക്ക് പൊങ്കൽ സമ്മാനമായി 1,000 രൂപ നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. 1 കിലോ വീതം അരിയും പഞ്ചസാരയും നൽകിയേക്കും. 1,000 രൂപയ്ക്കു പുറമേ 1 കിലോ വീതം പച്ചരി, പഞ്ചസാര, ഒരു കരിമ്പ് എന്നിവയാണു കഴിഞ്ഞ വർഷം നൽകിയത്. 

പരിശോധന തുടർന്ന് കേന്ദ്ര സംഘം
സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇന്നലെയും പരിശോധന തുടർന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചെന്നൈയിലും സമീപ ജില്ലകളിലും സന്ദർശനം നടത്തുന്നത്. പ്രളയക്കെടുതി തടയുന്നതിനു സർക്കാർ സ്വീകരിച്ച നടപടികൾ തൃപ്തികരമാണെന്നു സംഘം വിലയിരുത്തി. ഇപ്പോൾ നടക്കുന്ന രക്ഷാപ്രവർത്തനം താൽക്കാലിക നടപടി മാത്രമാണ്.

ചെന്നൈയിൽ ഭാവിയിൽ ഇത്തരം ആഘാതം ഉണ്ടാകാതിരിക്കുന്നതിനുള്ള ആസൂത്രണത്തെക്കുറിച്ചു പഠിക്കുന്നുണ്ട്. നാശനഷ്ടത്തിന്റെ കണക്കെടുപ്പ് പുരോഗമിക്കുന്നതിനാൽ കൃത്യമായ വിവരം ഇപ്പോൾ നൽകാനാകില്ലെന്നും എല്ലാ വിവരങ്ങളും ശേഖരിച്ച ശേഷം റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിക്കുമെന്നും സംഘം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com