ADVERTISEMENT

ചെന്നൈ ∙ മഴക്കെടുതിയിൽ നിന്നു ദുരിതക്കയത്തിലേക്കു നഗരവാസികളെ തള്ളിയിട്ട് നഗരത്തിലെ റോഡുകൾ. മഴയ്ക്കു പിന്നാലെ, നഗരത്തിൽ പലയിടങ്ങളിലും റോഡുകൾ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. റോഡിലെ കുഴികളിൽ ചാടാതെ വാഹനംവെട്ടിക്കാൻ ശ്രമിക്കുമ്പോഴും മറ്റും യാത്രക്കാർ അപകടങ്ങളിൽപെടുന്നതും പതിവായി. സർക്കാർ, കോർപറേഷൻ സംവിധാനങ്ങളെല്ലാം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകിയതിനാൽ റോഡിന്റെ ശോച്യാവസ്ഥ എന്നു പരിഹരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

ഇരുചക്രവാഹനത്തിൽ സാഹസിക യാത്ര
നഗരത്തിലെ പ്രധാന പാതയായ പൂനമല്ലി ഹൈറോഡിൽ ഒറ്റനോട്ടത്തിൽ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും ഇതേ റോഡിന്റെ അരികിലുള്ള കുഴിയിൽ ഇന്നലെ ഇരുചക്രവാഹന യാത്രക്കാരൻ വീണത് ആശങ്ക ഉയർത്തുന്നു. സിഗ്‌നലിനു സമീപമുള്ള റോഡിൽ വീണ യാത്രക്കാരൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും അപകടസാധ്യത നിലനിൽക്കുന്നു. അതേസമയം, പ്രധാന റോഡുകളെ അപേക്ഷിച്ച് നഗരത്തിലെ ഇടറോഡുകളുടെ സ്ഥിതി കൂടുതൽ മോശമാണ്. പൂനമല്ലി ഹൈറോഡിൽ നിന്നുള്ള കിൽപോക് ഗാർഡൻ റോഡ്, ഹാൾസ് റോഡ് തുടങ്ങിയ റോഡുകളിലൂടെയുള്ള യാത്ര അൽപം സാഹസികത നിറഞ്ഞതാണ്. ഹാൾസ് റോഡ് നവീകരിച്ചിട്ട് ഒരു വർഷം മാത്രമേ ആകുന്നുള്ളൂവെങ്കിലും ഇപ്പോഴേ പൊട്ടിപ്പൊളിഞ്ഞു. എഗ്മൂർ ബസ് സ്റ്റാൻഡിനു സമീപത്തെ റോഡിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ബസ് സ്റ്റാൻഡിൽ നിന്നു പുറത്തേക്കു ബസ് തിരിയുമ്പോൾ പിടിച്ചിരുന്നില്ലെങ്കിൽ സീറ്റിൽ നിന്നു വീഴുന്ന അവസ്ഥയാണ്.

ഇടറോഡുകളുടെ സ്ഥിതി ദയനീയം
പൂനമല്ലി ഹൈറോഡിൽ നെൽസൺ മാണിക്കം റോഡിനു സമീപമുള്ള സിഗ്‌നലിന് മുൻപിലെ കുഴിയിൽ വീണെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു, പ്രധാന റോഡുകളിൽ പ്രശ്‌നങ്ങൾ പൊതുവേ കുറവാണ്. എന്നാൽ ഇടറോഡുകളിൽ മിക്കവയുടെയും സ്ഥിതി ദയനീയമാണ്.

നവീകരിച്ച റോഡുകൾ നശിച്ചു
ഒട്ടേറെപ്പേർ സഞ്ചരിക്കുന്ന ഇടറോഡുകളാണ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. പല സ്ഥലങ്ങളിലും ഈ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്. അടുത്തയിടെ നവീകരിച്ച പല റോഡുകൾ പോലും ഇപ്പോൾ മോശമായ നിലയിലാണുള്ളത്.

ന്യൂ ആവഡി റോഡിലും ദുരിതയാത്ര തന്നെ
മഴയ്ക്കു മുൻപേ തകരാറിലായ ന്യൂ ആവഡി റോഡിന്റെ പല ഭാഗങ്ങളും പ്രളയത്തിനു ശേഷം വളരെ മോശം അവസ്ഥയിലാണുള്ളത്. ഇടയ്ക്കിടെയുള്ള കുഴികളും ടാറിങ്ങിലെ അപാകതകളും യാത്രക്കാർക്കു തലവേദനയായി മാറുന്നു. കനത്ത മഴയ്ക്കു ശേഷം, പാതയിലെ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ അവ അപ്രത്യക്ഷമായെന്നും ചില യാത്രക്കാർ പറയുന്നു. പാതയിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി റോഡിലെ കുഴികൾ കൃത്യമായി അടയ്ക്കുകയും ടാറിങ്ങിലെ അപാകതകൾ പരിഹരിക്കുകയും വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com