ADVERTISEMENT

ചെന്നൈ ∙ ഭക്ഷണവും വെള്ളവും വെളിച്ചവുമില്ലാതെ     ട്രെയിനിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന കുട്ടികൾ അടക്കം അഞ്ഞൂറോളം പേരെ രക്ഷിക്കാൻ തീവ്രശ്രമം. ഇവർക്ക് അടിയന്തരമായി ഭക്ഷണം എത്തിച്ചു നൽകാൻ വ്യോമസേന നടത്തിയ ശ്രമം പരാജയപ്പെട്ടതാണു തിരിച്ചടിയായത്. സുളൂർ വ്യോമതാവളത്തിൽ നിന്ന് 2 ടണ്ണോളം ഭക്ഷ്യവസ്തുക്കളുമായി ഹെലികോപ്റ്റർ എത്തിയെങ്കിലും കനത്ത വെള്ളപ്പാച്ചിൽ തുടരുന്നതിനാൽ ഇതു നിലത്തിറക്കാനായില്ല.

ട്രെയിനിലുള്ള എണ്ണൂറോളം പേരിൽ 300 പേരെ സമീപത്തെ സ്കൂളിലേക്കു മാറ്റിയത് ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ്. മറ്റുള്ളവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത വിധം കനത്ത വെള്ളപ്പാച്ചിലാണ് പ്രദേശത്തുള്ളത്. തിരുച്ചെന്തൂർ – തിരുനെൽവേലി സെക്‌ഷനുകളിൽക്കിടിൽ ശ്രീവൈകുണ്ഠപുരം സ്റ്റേഷനിലാണു ട്രെയിൻ നിർത്തിയിട്ടിരിക്കുന്നത്. ഇൗ ഭാഗത്തെ 7 കിലോമീറ്ററിലധികം വരുന്ന റെയിൽ പാതയുടെ അടിയിൽ നിന്ന് മണ്ണൊലിച്ചു പോയ നിലയിലാണ്. വൈദ്യുതി ബന്ധം നിലച്ചതും ആവശ്യത്തിനു വെളിച്ചമില്ലാതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്. 

പ്രളയത്തെ തുടർന്ന് ഒറ്റപ്പെട്ടു പോയ കന്യാകുമാരിയിലെ മേഖലകളിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന രക്ഷാപ്രവർത്തകർ.
പ്രളയത്തെ തുടർന്ന് ഒറ്റപ്പെട്ടു പോയ കന്യാകുമാരിയിലെ മേഖലകളിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന രക്ഷാപ്രവർത്തകർ.

റോഡുകളിൽ കനത്ത വെള്ളക്കെട്ട് തുടരുന്നതിനാൽ ദേശീയ ദുരന്ത നിവാരണ സേനയ്ക്കും സ്ഥലത്തെത്താൻ കഴിഞ്ഞിട്ടില്ല. പെരുമഴയിലും വെള്ളക്കെട്ടിലും പുറത്തിറങ്ങാൻ പോലുമാകാതായ യാത്രക്കാരിൽ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരുണ്ട്. ഭക്ഷണവും വെള്ളവുമില്ലാതെ തളർന്ന അവസ്ഥയിലായ യാത്രക്കാർക്ക് ഭക്ഷ്യവസ്തുക്കളെത്തിച്ചു നൽകാനുള്ള ശ്രമത്തിലാണ് അധികൃതർ. 

ജീവനെടുത്ത് മഴ
തിരുനെൽവേലി ജില്ലയിൽ കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണ് 2 പേർ മരിച്ചു. മേലപ്പാളയം നടരാജപുരം സ്വദേശി പട്ടത്തി (75) ഓടിട്ട വീട് ഇടിഞ്ഞു വീണാണു മരിച്ചത്. പാളയംകോട്ട കുലവണികർപുരം റെയിൽവേ ഗേറ്റിനു സമീപം കൂലിത്തൊഴിലാളിയായ  ശിവകുമാർ (55) രാവിലെ വീടിന്റെ മൺചുവര് ഇടിഞ്ഞുവീണ് മരിച്ചു. രാമനാഥപുരത്ത് മതിൽ തകർന്ന് ശരീരത്തിൽ പതിച്ച് വേലുച്ചാമി(75) കൊല്ലപ്പെട്ടു. മകൾ പൊന്നുത്തായി(32)യുടെ ഇടുപ്പിനും കാലിനും പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഇവരെ കടലടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കന്യാകുമാരിക്കും തിരുനെൽവേലിക്കും നേരിയ ആശ്വാസം 
കന്യാകുമാരി ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് ഇന്നലെ പകൽ നേരിയ ശമനം. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ജില്ലാ ഭരണകൂടം സുരക്ഷിത കേന്ദ്രങ്ങളിലേക്ക്  മാറ്റി. 11 ക്യാംപുകളിലായി 553 പേരെയാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്. വെള്ളം കയറിയ പ്രദേശങ്ങൾ  മന്ത്രി ടി.മനോ തങ്കരാജ്, ജില്ലാ കലക്ടർ പി.എൻ.ശ്രീധർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. 

കന്യാകുമാരി വിവേകാനന്ദസ്മാരകത്തിലേക്കുള്ള ബോട്ട് സർവീസ് രണ്ടാം ദിനമായ ഇന്നലെയും നിർത്തി വച്ചു. ജില്ലയിലെ പ്രധാന ജലസംഭരണികളായ പേച്ചിപ്പാറ, പെരുഞ്ചാണി എന്നിവിടങ്ങളിൽ നിന്ന് 4600 ഘനഅടി ഉപരിജലം വീതം തുറന്നുവിടുന്നുണ്ട്. തിരുനെൽവേലി ജില്ലയിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയ്ക്ക് ഇന്നലെ പകൽ നേരിയ ശമനമുണ്ട്. തിരുനെൽവേലിയിൽ നിന്നു നാഗർകോവിലിലേക്ക് മാത്രമേ നിലവിൽ തമിഴ്നാട് സർക്കാർ ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് സർവീസ് നടത്തുന്നുള്ളൂ. 

തുത്തൂക്കുടി, തിരുച്ചെന്തൂർ, തെങ്കാശി എന്നിവിടങ്ങളിലേക്കുള്ള ബസ് സർവീസ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. തെങ്കാശി കുറ്റാലത്തും പഴയ കുറ്റാലത്തും അഞ്ചരുവിയിലും സഞ്ചാരികളുടെ പ്രവേശനം വിലക്കി. ശബരിമല സീസൺ ആയതിനാൽ തീർഥാടകരുടെ വലിയ തിരക്കിലാണു കുറ്റാലം. നീരൊഴുക്ക് ശാന്തമാകാതെ വെള്ളച്ചാട്ടങ്ങളിലേക്കു സഞ്ചാരികളെ കയറ്റിവിടില്ല. 

രക്ഷാപ്രവർത്തനത്തിന് വ്യോമസേനയും; പ്രധാനമന്ത്രിയെ കാണാൻ സ്റ്റാലിൻ 
ചെന്നൈ ∙ ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലുമുണ്ടായ ന്യൂനമർദത്തെ തുടർന്നുണ്ടായ പേമാരിയിൽ വിറച്ച് തെക്കൻ തമിഴക നാടുകൾ. കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി ജില്ലകളിൽ ജനജീവിതം അതീവ ദുഷ്കരമായി. തെക്കൻ തമിഴ്‌നാട്ടിലെ 39 പ്രദേശങ്ങളിൽ അതിശക്തമായ മഴ ലഭിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാലു ജില്ലകളിൽ ഇന്നും റെഡ് അലേർട്ട് മുന്നറിയിപ്പു തുടരും. 

അണക്കെട്ടുകളിലും അതിവേഗം വെള്ളം നിറയുകയാണ്. വിവിധ അണക്കെട്ടുകൾ തുറന്നു വിട്ടതോടെ താമ്രപർണി നദി കരകവിഞ്ഞോഴുകുന്നതും തിരുനെൽവേലിയിലെ പ്രളയത്തിനു കാരണമായി.  സ്ഥിതിഗതികൾ കണക്കിലെടുത്ത്, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് 67 ഫയർ എൻജിനുകളും 43 ബോട്ടുകളും സഹിതം 1,000 അഗ്നിശമന സേനാംഗങ്ങളെ അയച്ചു. വ്യോമസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഓരോ ജില്ലയിലും മന്ത്രിമാരെയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയോഗിച്ചു.  ആവശ്യമെങ്കിൽ ആളുകളെ നേരത്തെ ഒഴിപ്പിക്കാൻ കലക്ടർമാർക്കും നിർദേശം നൽകി. ദുരന്തനിവാരണ സേനകളും ദുരിതബാധിത ജില്ലകളിൽ രക്ഷാപ്രവർത്തനം നടത്തുന്നതു തുടരുകയാണ്. ഡൽഹിയിലെത്തിയ മുഖ്യമന്ത്രി ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽക്കണ്ട് സ്ഥിഗതികൾ അറിയിക്കും. 

തെക്കൻ തമിഴ്നാടിനെ സംരക്ഷിക്കുമെന്ന് സ്റ്റാലിൻ
കോയമ്പത്തൂർ∙ വെള്ളപ്പൊക്കത്തിലായ തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലുള്ളവരെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. കോയമ്പത്തൂരിൽ 'മക്കളുടൻ മുതൽവർ' ജനസമ്പർക്ക പരിപാടി സ്റ്റാലിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2 ദിവസമായി പെയ്യുന്ന മഴയിൽ സർക്കാർ സംവിധാനം പൂർണമായും സ്ഥലത്ത് പ്രവർത്തിക്കുകയാണ്. ചെന്നൈയിൽ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ മാതൃകയിൽ തെക്കൻ ജില്ലകളിലും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കും.  പൊതുജനങ്ങൾക്ക് സേവനങ്ങൾ പെട്ടെന്ന് ലഭിക്കാനും പരാതികളും നിർദേശങ്ങളും ദ്രുതഗതിയിൽ തീർപ്പാക്കാനും ജനസമ്പർക്ക പരിപാടി ഉപകരിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു.

കോയമ്പത്തൂർ എസ്എൻആർ കോളജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജനസമ്പർക്ക പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച ശേഷം അദ്ദേഹം ഗാന്ധിപുരം സെൻട്രൽ ജയിലിന്റെ സ്ഥലത്തു ചെമ്മൊഴി പാർക്ക് ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്തു. ഇതേസമയം മറ്റു ജില്ലകളിലും ജനസമ്പർക്ക പരിപാടികൾ മന്ത്രിമാർ ഉദ്ഘാടനം ചെയ്തു. കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് 9.30ഓടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം ചടങ്ങിലേക്ക് നേരിട്ട് എത്തുകയായിരുന്നു മുഖ്യമന്ത്രി. ശേഷം ഗാന്ധിപുരത്തിലേക്ക് പുറപ്പെട്ടു.

നേരിട്ട് യോഗം വിളിച്ച്‌ ഗവർണറും: സർക്കാരിന് അതൃപ്തി
കോയമ്പത്തൂരിലെത്തിയ തമിഴ്നാട് ഗവർണർ ആർ.എൻ.രവി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രളയ ബാധിത മേഖലകളിലെ സ്ഥിതി വിലയിരുത്തി. ദുരിത മേഖലകളിൽ ഗവർണർ നേരിട്ടെത്തി യോഗം വിളിച്ചതിൽ സർക്കാരിന് അതൃപ്തിയുണ്ട്.  ഇന്നലെ രാവിലെ കോയമ്പത്തൂരിലെത്തിയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.  നിലവിൽ മന്ത്രി ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മന്ത്രി സംഘമാണു ജില്ലകളിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തൂത്തുക്കുടിയിലെ എംപി കനിമൊഴിയും പ്രദേശത്തെത്തിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് ഒരേ വിമാനത്തിലാണു മുഖ്യമന്ത്രിയും ഗവർണറും കോയമ്പത്തൂരിലെത്തിയത്.

തെക്കൻ മേഖലയിൽ ഇന്നും മഴ തുടരും
ഇന്ന് വിരുദുനഗർ, മധുര ജില്ലകളിൽ ഇടിയോടും മിന്നലോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇരു ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധുര, വിരുദുനഗർ ജില്ലകളിൽ ഉച്ചയ്ക്ക് ഒരു മണിയോടെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തൂത്തുക്കുടി, തേനി, നീലഗിരി, ഡിണ്ടിഗൽ, കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ, ഇന്നു വൈകിട്ടോടെ മഴയുടെ ശക്തി കുറഞ്ഞേക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com