ADVERTISEMENT

ചെന്നൈ ∙ ട്രാൻസ്പോർട്ട് യൂണിയനുകൾ തുടങ്ങിയ ബസ് സമരം നഗരത്തിൽ ഭാഗികമായിരുന്നെങ്കിലും മധ്യ, തെക്കൻ മേഖലകളിലെ യാത്രക്കാർ വലഞ്ഞു. അതേസമയം, ചെന്നൈ നഗരത്തിൽ നിന്നുള്ള മിക്ക എംടിസി ബസുകളും സർവീസ് നടത്തിയെന്നത് യാത്രക്കാർക്ക് ആശ്വാസമായി.

സമരം സർവീസുകളെ ബാധിച്ചില്ലെന്നും 95% ബസുകളും നിരത്തിലിറങ്ങിയെന്നും ഗതാഗത മന്ത്രി എസ്.എസ്.ശിവശങ്കർ അവകാശപ്പെട്ടു. 

പൊങ്കൽ സ്പെഷൽ  സർവീസുകളെ   ബാധിക്കില്ലെന്ന് മന്ത്രി
ബസ് സർവീസുകൾ തടസ്സമില്ലാതെ പ്രവർത്തിക്കാൻ സംവിധാനം ഏർപ്പെടുത്തിയതായി ഗതാഗത മന്ത്രി എസ്.എസ്.ശിവശങ്കർ പറഞ്ഞു. ഏതാനും ജീവനക്കാർ മാത്രമാണ് സമരത്തിൽ പങ്കെടുക്കുന്നത്.

പൊങ്കൽ സ്പെഷൽ ബസുകൾ സർവീസുകൾ നടത്തും. ആവശ്യമെങ്കിൽ താൽക്കാലിക ജീവനക്കാരെ നിയോഗിച്ചും സർവീസുകൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

ഇതര സംസ്ഥാന സർവീസുകൾ കുറച്ചു
ജീവനക്കാരുടെ പണിമുടക്ക് കണക്കിലെടുത്ത് കേരളം, ആന്ധ്ര, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലേക്കു നടത്തിയിരുന്ന ദീർഘദൂര സർവീസുകളുടെ എണ്ണം ഗതാഗത വകുപ്പ് വെട്ടിക്കുറച്ചിരുന്നു. കന്യാകുമാരി, തെങ്കാശി, തേനി, കോയമ്പത്തൂർ, നീലഗിരി തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കു നടത്തിയിരുന്ന സർവീസുകളുടെ എണ്ണം ഗണ്യമായി കുറച്ചിരുന്നു. കേരളത്തിൽ നിന്ന് ഇവിടങ്ങളിലേക്കുള്ള കെഎസ്ആർടിസി സർവീസുകളെയാണ് ജനങ്ങൾ കൂടുതലായി ആശ്രയിച്ചത്. 

പുര കത്തുമ്പോൾ വാഴ വെട്ടാൻ ഓട്ടോക്കാരും
ബസ് സമരത്തെ തുടർന്ന് അത്യാവശ്യ യാത്രയ്ക്ക് ഓട്ടോറിക്ഷകളെ ആശ്രയിച്ചവരെ പിഴിഞ്ഞ് ഓട്ടോ ഡ്രൈവർമാർ. കിട്ടിയ അവസരം മുതലെടുത്ത് ചെറിയ ദൂരത്തേക്കു പോലും 75 മുതൽ 100 രൂപ വരെയാണ് ഓട്ടോക്കാർ ഈടാക്കിയതെന്ന് പരാതി ഉയർന്നു. തിരക്കേറിയ സമയങ്ങളിൽ കൃത്യസമയത്ത് ഓഫിസിലും മറ്റു ലക്ഷ്യസ്ഥാനങ്ങളിലും എത്താൻ ഓട്ടോറിക്ഷകളെ ആശ്രയിച്ചവർ അമിത നിരക്കു നൽകി യാത്ര ചെയ്യേണ്ടി വന്നു.

കേസ് ഇന്നത്തേക്ക് മാറ്റി
ട്രാൻസ്പോർട്ട് യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്കിനെതിരെ ഫയൽ ചെയ്ത കേസ് പരിഗണിക്കുന്നതു ഹൈക്കോടതി ഇന്നത്തേക്കു മാറ്റി. പൊങ്കൽ അടുത്ത സാഹചര്യത്തിൽ ബസ് ജീവനക്കാർ പണിമുടക്ക് നടത്തുന്നതു ജനജീവിതത്തെ ബാധിക്കുമെന്നു കാണിച്ചു സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷയെ തുടർന്നാണിത്.

പൊലീസ് സുരക്ഷയിൽ സർവീസ്
ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ഒഴിവുകൾ നികത്തുക തുടങ്ങിയ 6 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചത്. ഡിഎംകെ അനുകൂല സംഘടനയായ എൽപിഎഫ് സമരത്തിൽ നിന്നു വിട്ടുനിൽക്കുകയാണ്.

സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്ന കോൺഗ്രസ് അനുകൂല ഐഎൻടിയുസി സമരത്തിൽ നിന്നു പിന്മാറിയതായി പ്രഖ്യാപിച്ചു. ചെന്നൈയിൽ താൽക്കാലിക ജീവനക്കാരെ ഉൾപ്പെടെ ഉപയോഗിച്ച് എംടിസി സർവീസുകൾ നടത്തിയതിനാൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടില്ല.

ചെന്നൈ, മധുര, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ, സമരം നടത്തുന്ന ജീവനക്കാർ പ്രകടനങ്ങളും നടത്തി. കടലൂർ, തിരുച്ചിറപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പണിമുടക്കിയവരും ജോലിക്കെത്തിയവരും തമ്മിൽ വാക്കേറ്റമുണ്ടായത് സംഘർഷത്തിനിടയാക്കി. ചിലയിടങ്ങളിൽ പൊലീസ് സംരക്ഷണയിലാണ് സർവീസുകൾ നടത്തിയത്.

തെക്ക് സമരം ശക്തം
ചെന്നൈയെ അപേക്ഷിച്ച് പുതുക്കോട്ട, മധുര തുടങ്ങിയ സ്ഥലങ്ങളിൽ സമരം കൂടുതൽ ശക്തമായിരുന്നു. ഇവിടങ്ങളിൽ ഒട്ടേറെ സർവീസുകൾ മുടങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി. മിക്കയിടങ്ങളിലും രാവിലെ മുതൽ മഴ പെയ്തതും ദുരിതം ഇരട്ടിപ്പിച്ചു. സർവീസ് നടത്തിയ ചില സ്വകാര്യ ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 

വിദ്യാർഥികളും ജോലിക്കാരും അടക്കമുള്ളവർ രാവിലെയും വൈകിട്ടുമുള്ള തിരക്കേറിയ സമയത്ത് ദുരിതത്തിലായി. കടലൂരിൽ ഭൂരിഭാഗം തൊഴിലാളികളും ജോലിക്കെത്തിയില്ല. ബസ് സ്റ്റാൻഡുകളിലും വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. താൽക്കാലിക ജീവനക്കാരെ ഏർപ്പെടുത്തിയിട്ടും 25% സർവീസുകൾ മാത്രമാണ് നടത്താനായതെന്ന് ജീവനക്കാരുടെ സംഘടനകൾ പറഞ്ഞു. കാഞ്ചീപുരം, ചെങ്കൽപെട്ട്, വിഴുപ്പുറം തുടങ്ങിയ സ്ഥലങ്ങളിലും സമരം ശക്തമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com