ADVERTISEMENT

ചെന്നൈ ∙കല്ലും ചെളിയും ചരലും  ഇളകിമറിയുന്ന കുന്നിൻമുകളിലേക്ക് വാഹനം ഓടിക്കുന്ന സാഹസിക യാത്ര– ‘ഓഫ്റോ‍ഡ്’ എന്ന് ഒറ്റവാക്കിൽ പറയുന്ന ഇത്തരം യാത്രയുടെ കഠിനപാതകൾ ഒന്നൊന്നായി താണ്ടുകയാണു ചെന്നൈ മലയാളി വീണാ മുരളി. വാഹനങ്ങളെയും യാത്രകളെയും ഹൃദയത്തിൽ സൂക്ഷിക്കുന്ന വീണ ഓഫ്റോഡ് യാത്ര  അത്രയേറെ ഇഷ്ടപ്പെടുന്നു.

ജീപ്പിൽ ഓഫ്റോഡ് യാത്ര നടത്തുന്നവരുടെ  കൂട്ടായ്മയായ ചെന്നൈ ജീപ്പ് ക്ലബ്ബിലെ ഒരേയൊരു വനിതയായ വീണ, കഴിഞ്ഞ മാസം വാഗമണ്ണിൽ നടന്ന ഓഫ്റോഡ് മത്സരത്തിൽ വനിതാവിഭാഗത്തിൽ മികച്ച ഡ്രൈവർക്കുള്ള കിരീടവും നേടി. ഇതിനു പുറമേ, വീട്ടിലേക്ക് ആവശ്യമായ അലങ്കാരവസ്തുക്കൾ ആവശ്യക്കാർക്ക് എത്തിക്കുന്ന സംരംഭവും   നടത്തുന്നുണ്ട്. വ്യത്യസ്തത നിറഞ്ഞ തന്റെ ഇഷ്ടമേഖലകളെ രണ്ടു റോഡുകളിലൂടെ ലക്ഷ്യസ്ഥാനത്തെത്തിക്കുകയാണു വീണ. അവ ചെന്നെത്തുന്നത് വിജയം എന്ന ജംക്‌ഷനിലാണ്.

അച്ഛൻ തന്ന ധൈര്യം, ആത്മവിശ്വാസം
തൊടുപുഴയിലെ വീട്ടിൽ നിന്നാണു ഡ്രൈവിങ് താൽപര്യം ആരംഭിക്കുന്നത്. അച്ഛന്റെ കൂടെയുള്ള യാത്രകൾക്കിടെ ചെറുപ്രായത്തിൽ തന്നെ ഡ്രൈവിങ് പഠിച്ചു. കോളജ് പഠനം പൂർത്തിയാക്കിയ ശേഷം ചെന്നൈയിലെ സ്വകാര്യ െടലികോം കമ്പനിയിൽ ജോലി ലഭിച്ചതോടെ 2005 മുതൽ ഇവിടെയാണ്. ബ്ലോഗിങ്, ഫൊട്ടോഗ്രഫി തുടങ്ങി ഇഷ്ടപ്പെട്ട പല കാര്യങ്ങളുമായി മുന്നോട്ടുപോകുന്നതിനിടയിൽ ഓഫ്റോഡിങ് എന്ന ആഗ്രഹം  വിടാതെ പിടികൂടി. തുടർന്ന്,  2 വർഷം മുൻപ് ഥാർ ജീപ്പ് വാങ്ങി. 

തുടർന്ന്  ജീപ്പ് ക്ലബ്ബിൽ ചേർന്ന് ഓഫ്റോഡ് യാത്ര ആരംഭിച്ചു. പാലാറിന്റെ പരിസരങ്ങളിലാണ് കൂടുതൽ യാത്രകളും നടത്തിയത്. കൂട്ടത്തിൽ വനിതാ ഡ്രൈവർമാരില്ലെങ്കിലും അതൊന്നും ആവേശം ഒട്ടുംകുറയ്ക്കുന്നില്ലെന്ന് വീണ പറയുന്നു. ഇതിനിടെ, കഴിഞ്ഞ മാസം വാഗമണ്ണിൽ നടന്ന മത്സരം  വേറിട്ട അനുഭവമായി. ഡ്രൈവർമാരുടെ വേഗം, നിയന്ത്രണം എന്നിവയെല്ലാം അളക്കുന്ന, ശാരീരികമായും മാനസികമായും വെല്ലുവിളി ഉയർത്തുന്ന മത്സരത്തിൽ രാജ്യത്തെ മറ്റു വനിതാ ഡ്രൈവർമാരെ പിന്തള്ളിയാണ്  ഒന്നാമതെത്തിയത്. 

വീട് അലങ്കരിക്കാനും വീണ ഒപ്പമുണ്ട്
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ പോയി വീട്ടിലേക്കു വാങ്ങിയ കാഴ്ചവസ്തുക്കൾ സുഹൃത്തുക്കളുടെയും മറ്റും പ്രശംസ നേടിയതോടെയാണ് ബിസിനസ് മേഖലയിലും വളയം പിടിക്കാമെന്നു ചിന്തിച്ചത്. ചുരുങ്ങിയ ചെലവിൽ, വീട് ഇന്റീരിയർ സ്റ്റൈലിങ് ചെയ്തുകൊടുത്താണ് സംരംഭമെന്ന ആശയത്തിലേക്ക് എത്തിയത്. ആവശ്യക്കാർ ഏറിയതോടെ ‘വീണ മുരളി ഡെക്കേഴ്സ്’  എന്ന സ്ഥാപനം ആരംഭിച്ചു. 

വിഗ്രഹങ്ങൾ, അലങ്കാര വിളക്കുകൾ, മേശപ്പുറത്തു വയ്ക്കുന്ന കാഴ്ചവസ്തുക്കൾ, മനോഹരമായ വാതിൽപിടികൾ, തടി, പിച്ചള, വെങ്കലം എന്നിവ കൊണ്ടുള്ള വസ്തുക്കൾ എന്നിങ്ങനെ വീടിനെ സുന്ദരമാക്കുന്നവയെല്ലാം ആവശ്യക്കാർക്ക്  ലഭ്യമാക്കുന്നു. രാജ്യത്തിനകത്തും പുറത്തുംനിന്ന് ഓൺലൈനിലും ഓർഡർ ലഭിക്കുന്നുണ്ടെന്ന് വീണ പറഞ്ഞു. ഭർത്താവ് പ്രജീഷും മകൻ ആര്യനുമാണ് സാഹസിക യാത്രയ്ക്കും ബിസിനസിനുമുള്ള കരുത്തു പകർന്ന് കൂടെ നിൽക്കുന്നത്. പ്രയത്നിക്കാനുള്ള മനസ്സും കഠിനാധ്വാനവും ഉണ്ടെങ്കിൽ എല്ലാ സ്ത്രീകൾക്കും ജീവിതയാത്ര ടോപ് ഗിയറിൽ തന്നെ കൊണ്ടുപോകാനാകുമെന്ന് വീണ തെളിയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com