വാർഷിക പരീക്ഷ: യാത്രാ പദ്ധതികൾ തെറ്റിച്ച് തീയതി മാറ്റം; ടൈംടേബിൾ മാറ്റം ചതിച്ചല്ലോ
Mail This Article
ചെന്നൈ ∙ വാർഷിക പരീക്ഷാ തീയതി മാറ്റിയതോടെ വഴിയാധാരമായി നാട്ടിലേക്കുള്ള മലയാളി യാത്രക്കാർ. ഈദുൽ ഫിത്ർ ദിനത്തിൽ പരീക്ഷ നിശ്ചയിച്ച വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ പിടിപ്പുകേടാണ് സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളെയും രക്ഷിതാക്കളെയും പ്രതിസന്ധിയിലാക്കിയത്. 13ന് അവധി ആരംഭിക്കുമെന്ന പ്രഖ്യാപനം വിശ്വസിച്ച് നാട്ടിലേക്കുള്ള യാത്രകൾ ആസൂത്രണം ചെയ്ത് ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും ജോലിസ്ഥലങ്ങളിൽ നിന്ന് ലീവ് എടുക്കുകയും ചെയ്തവരുടെ പദ്ധതികളെ തകിടം മറിച്ച് 2 പരീക്ഷകൾ മാറ്റിവച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് വാർഷിക പരീക്ഷകൾ ഏപ്രിൽ 12ന് പൂർത്തിയാക്കി 13 മുതൽ വേനലവധി ആരംഭിക്കാനുള്ള തീരുമാനം പെട്ടെന്ന് പിൻവലിക്കുകയായിരുന്നു. മലയാളികൾ അടക്കമുള്ള ഒട്ടേറെപ്പേരുടെ യാത്രാ പദ്ധതികളും അവധിയാഘോഷങ്ങളും ഇതോടെ പ്രതിസന്ധിയിലായി.
ഏപ്രിൽ 10ന് ഈദുൽ ഫിത്ർ ആയതിനാലാണ് പരീക്ഷ മാറ്റുന്നതെന്നാണ് വിശദീകരണം. 4–9 ക്ലാസുകളുടെ സയൻസ് പരീക്ഷ 10നായിരുന്നു. ഇത് ഏപ്രിൽ 22ലേക്കും 12ന് നടത്താനിരുന്ന സാമൂഹികപാഠം പരീക്ഷ 23ലേക്കും മാറ്റി. മാർച്ച് 1ന് ആരംഭിച്ച പ്ലസ്ടു പരീക്ഷകൾ 22ന് അവസാനിച്ചിരുന്നു. 26ന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷകൾ ഏപ്രിൽ 8ന് അവസാനിക്കും. 9 വരെയുള്ള ക്ലാസുകളുടെ പരീക്ഷകൾ ഏപ്രിൽ രണ്ടാം വാരം ആരംഭിച്ച് മാസാവസാനത്തോടെ അവധി ആരംഭിക്കുന്നതാണ് തമിഴ്നാട്ടിലെ രീതി.
എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രിൽ 12ന് വാർഷിക പരീക്ഷകൾ പൂർത്തിയാക്കാനായിരുന്നു നിർദേശം. ഏപ്രിൽ 2ന് ആരംഭിച്ച് 12ന് അവസാനിക്കുന്ന രീതിയിൽ ടൈംടേബിളും പ്രസിദ്ധീകരിച്ചു. 2ന് തമിഴ്, 3ന് ഇംഗ്ലിഷ്, 4ന് ഫിസിക്കൽ എജ്യുക്കേഷൻ, 5ന് ഗണിതം 8ന് ഐച്ഛിക വിഷയം എന്നിവ നടക്കും. 10ന് സയൻസ് പരീക്ഷയും 12ന് സാമൂഹികപാഠം പരീക്ഷയും നടത്തുമെന്നും പ്രഖ്യാപിച്ചു. എന്നാൽ ഈദുൽ ഫിത്ർ ദിനത്തിൽ പരീക്ഷ നടത്തുന്നതിനെതിരെ വിമർശനമുയർന്നതോടെ പരീക്ഷ മാറ്റിയതായി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
നാട്ടിൽ പോകാനുള്ള അവസരം നിഷേധിക്കുന്നു
വർഷത്തിൽ ഒരിക്കൽ മാത്രം നാട്ടിൽ പോകുന്നവരെ പ്രതിസന്ധിയിലാക്കുന്നതാണ് പരീക്ഷാ തീയതി മാറ്റലെന്ന് പുരുഷവാക്കത്ത് താമസിക്കുന്ന കെ.കെ.വിനീത പറഞ്ഞു. നാട്ടിലേക്കുള്ള യാത്ര തീരുമാനിക്കാനായി പരീക്ഷാ ടൈംടേബിൾ കാത്തിരിക്കുകയായിരുന്നു. തുടർച്ചയായി അവധികളായിരുന്നതിനാൽ 17നാണ് നാട്ടിലേക്ക് ടിക്കറ്റ് കിട്ടിയത്. പ്ലസ്ടു വിദ്യാർഥിയായ മൂത്ത മകന്റെ പരീക്ഷാഫലം മേയ് ആദ്യ വാരത്തിൽ പ്രസിദ്ധീകരിക്കുന്നതിനാൽ കോളജ് പ്രവേശനം അടക്കമുള്ള കാര്യങ്ങൾക്കായി രണ്ടാഴ്ചയ്ക്കകം മടങ്ങാനായിരുന്നു പദ്ധതിയെന്നും വിനീത പറഞ്ഞു. താണ സ്ട്രീറ്റിൽ ഇവരുടെ ഉടമസ്ഥതയിലുള്ള കട നോക്കി നടത്താൻ ആളെയും ഏർപ്പാടാക്കി. പുതിയ പരീക്ഷാക്രമം അനുസരിച്ച് അവധി തുടങ്ങുന്ന 24ന് ശേഷമുള്ള ദിവസങ്ങളിലൊന്നും നാട്ടിലേക്ക് ടിക്കറ്റുകൾ ലഭ്യമല്ലാത്തതും പ്രതിസന്ധിയായെന്ന് വടകര പുതുപ്പണം സ്വദേശിയായ വിനീത പറഞ്ഞു.
വിഷുവിനും നാട്ടിൽ എത്താനാകില്ല
വിദ്യാർഥികളായ മക്കളുള്ളവർക്ക് ഇത്തവണ നാട്ടിൽ വിഷു ആഘോഷിക്കാൻ കഴിയില്ലെന്ന് താംബരം സ്വദേശി രഘു പറഞ്ഞു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളെല്ലാം പരീക്ഷകൾ നേരത്തെ പൂർത്തിയാക്കാൻ നടപടികളെടുത്തിരുന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം തയാറാക്കിയ വാർഷിക പരീക്ഷാ ടൈംടേബിളിൽ ചെറിയപെരുന്നാൾ ദിനത്തിൽ പരീക്ഷ ഉൾപ്പെടുത്തിയ നടപടി തന്നെ തെറ്റായി. 12ന് പരീക്ഷ കഴിയുന്നതിനാൽ അന്ന് തന്നെ പുറപ്പെട്ട് വിഷു നാട്ടിൽ ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്നതായി പാലക്കാട് സ്വദേശിയായ രഘു പറഞ്ഞു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രഘുവും ഭാര്യയും മുൻകൂട്ടിത്തന്നെ അവധിക്ക് അപേക്ഷ നൽകി, യാത്രാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിരുന്നു. പുതിയ യാത്രാ തീയതികൾ നിശ്ചയിക്കുന്നത് ജോലിസ്ഥലത്തു നിന്ന് അവധി ലഭിക്കുന്നതിന് അനുസരിച്ചായിരിക്കുമെന്നും രഘു പറഞ്ഞു.