ലോക്സഭ തിരഞ്ഞെടുപ്പ്: ഇനി പ്രചാരണപ്പോരാട്ടം
Mail This Article
ചെന്നൈ ∙ ലോക്സഭ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകൾ പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ നേരിട്ടുള്ള പ്രചാരണത്തിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ച് തമിഴ്നാട്ടിലെ മുന്നണികൾ. പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി ഇന്നലെ അവസാനിച്ച ശേഷമുള്ള അന്തിമ കണക്കുകൾ പ്രകാരം 950 സ്ഥാനാർഥികളാണു മത്സര രംഗത്തുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 874 പുരുഷ സ്ഥാനാർഥികളും 76 വനിതാ സ്ഥാനാർഥികളുമാണുള്ളത്.
28നു നടന്ന സൂക്ഷ്മ പരിശോധനയിൽ 1085 സ്ഥാാനാർഥികളുടെ പത്രികകളാണ് അംഗീകരിച്ചത്. എന്നാൽ 135 പേർ പത്രിക പിൻവലിച്ചു. ഏപ്രിൽ 19നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. ശക്തമായ ത്രികോണ പോരാട്ടമാണ് ഇത്തവണ തമിഴ്നാട്ടിൽ. ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം, അണ്ണാഡിഎംകെ സഖ്യം, എൻഡിഎ മുന്നണി എന്നിവ തമ്മിൽ തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഏക മണ്ഡലത്തിലും ഏറ്റുമുട്ടും.
കന്യാകുമാരി, രാമനാഥപുരം, കോയമ്പത്തൂർ, നീലഗിരി, തേനി, വിരുദുനഗർ, ചെന്നൈ സൗത്ത് തുടങ്ങിയ മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർഥികളെയാണു മൂന്നു മുന്നണികളും രംഗത്തിറക്കിയിട്ടുള്ളത്.
ഡിഎംകെ, അണ്ണാഡിഎംകെ സഖ്യങ്ങൾക്കു കടുത്ത വെല്ലുവിളി ഉയർത്തുന്നതിനായി മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്രമന്ത്രി എൽ.മുരുകൻ, മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ എന്നിവരെ ബിജെപി സ്ഥാനാർഥികളാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി, ബിജെപി പ്രസിഡന്റ് കെ.അണ്ണാമലൈ എന്നിവർ നേരിട്ടാണു പ്രചാരണത്തിനു സംസ്ഥാനത്തുടനീളം നേതൃത്വം നൽകുന്നത്.