ADVERTISEMENT

ചെന്നൈ ∙ തുടർച്ചയായ രണ്ടാം ദിനത്തിലും ടിക്കറ്റ് സംവിധാനത്തിലെ സാങ്കേതികക്കുരുക്കിൽ മെട്രോ യാത്രക്കാർ വലഞ്ഞു. വാട്സാപ്, ക്യുആർ കോഡ് ടിക്കറ്റ് സംവിധാനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. മൊബൈൽ ഫോണിൽ ടിക്കറ്റ് എടുത്തവരിൽ ചിലർക്ക് ഗേറ്റ് കടക്കാൻ സാധിക്കാതെ വരികയും മറ്റു ചിലർക്ക് ഫോണിൽ ടിക്കറ്റ് ലഭിക്കാതിരിക്കുകയും ചെയ്തതാണു പ്രതിസന്ധിയായത്. പ്രശ്നം പരിഹരിച്ചതായും സേവനം തടസ്സപ്പെടില്ലെന്നും സിഎംആർഎൽ അറിയിച്ചു.

ട്രാക്ക് തെറ്റി ടിക്കറ്റ് സംവിധാനം
31നു രാവിലെ 11 മുതൽ രാത്രി 8 വരെയും ഇന്നലെ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1 വരെയുമാണ് ടിക്കറ്റ് സംവിധാനം താറുമാറായത്. പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കുന്നതിനുള്ള ഓട്ടമാറ്റിക് ഫെയർ കലക്‌ഷൻ സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങളാണ് ബാധിച്ചത്. ക്യുആർ, വാട്സാപ് എന്നിവ വഴി ഫോണിൽ ടിക്കറ്റ് എടുത്തവർ ഓട്ടമാറ്റിക് ഫെയർ കലക്‌ഷൻ ഗേറ്റുകളിൽ സ്കാൻ ചെയ്താണ് അകത്തേക്കു പ്രവേശിക്കാറുള്ളത്.

എന്നാൽ സ്കാൻ ചെയ്യാൻ സാധിക്കാതെ വന്നതോടെ കൗണ്ടറിൽ നിന്നു വീണ്ടും ടിക്കറ്റ് എടുത്താണു പലരും യാത്ര ചെയ്തത്. വാട്സാപ് വഴി ടിക്കറ്റ് എടുക്കുമ്പോൾ അധിക സമയം എടുത്തതായും ചില യാത്രക്കാർ ആരോപിക്കുന്നു. ബാധിക്കപ്പെട്ട യാത്രക്കാരിൽ ചിലർക്ക് തുക അധികം വൈകാതെ തന്നെ തിരികെ ലഭിച്ചു. എന്നാൽ ചിലർക്ക് ലഭിച്ചിട്ടില്ല. ഇവർക്ക് 2 ദിവസത്തിനകം പണം തിരികെ ലഭിക്കുമെന്ന് സിഎംആർഎൽ ഉറപ്പു നൽകി. 

സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ കാത്തുനിൽക്കാതെ മൊബൈൽ ഫോണിൽ ടിക്കറ്റ് എടുത്തവർക്കാണു പണി കിട്ടിയത്. തിരക്ക് ഒഴിവാക്കുന്നതിനായി ഒട്ടേറെപ്പേർ ഫോണിൽ ടിക്കറ്റ് എടുത്താണു യാത്ര ചെയ്യുന്നത്. മുൻപും ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് തുടർച്ചയായി 2 ദിവസവും പ്രശ്നങ്ങൾ അനുഭവപ്പെടുന്നത്. ഇന്നു മുതൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണു പ്രതീക്ഷ. 

മാർച്ചിൽ 86.82 ലക്ഷം യാത്രക്കാർ
മാർച്ചിൽ 86.82 ലക്ഷം പേർ മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്തതായി സിഎംആർഎൽ അറിയിച്ചു. ഫെബ്രുവരിയെ അപേക്ഷിച്ച് 67,449 പേർ അധികമായി യാത്ര ചെയ്തു. കഴിഞ്ഞ മാസം 86.15 ലക്ഷം പേരും ജനുവരിയിൽ 84.63 ലക്ഷം പേരുമാണ് യാത്ര ചെയ്തത്. ട്രാവൽ കാർഡ് ഉപയോഗിച്ചാണു കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്. 37.64 ലക്ഷം പേർ ട്രാവൽ കാർഡ് ഉപയോഗിച്ചു. 20 ലക്ഷം പേർ സ്റ്റേഷൻ കൗണ്ടറിൽ നിന്നു ലഭിക്കുന്ന കടലാസ് ക്യുആർ ഉപയോഗിച്ച് യാത്ര ചെയ്തു. ട്രാവൽ കാർഡ്, വാട്സാപ് അടക്കമുള്ള ക്യുആർ കോ‍ഡ് ടിക്കറ്റ് എന്നിവ വഴി ടിക്കറ്റ് എടുക്കുന്നവർക്ക് 20 ശതമാനം നിരക്കിളവ് ലഭിക്കും. വാട്സാപ് വഴി ടിക്കറ്റ് എടുക്കുന്നതിന് 8300086000.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com