ADVERTISEMENT

ചെന്നൈ ∙ മടിപ്പാക്കത്തെ പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് വിഷപ്പുക പടർന്നതോടെ സമീപവാസികൾ ദുരിതത്തിലായി. കാമാക്ഷി മെമ്മോറിയൽ ആശുപത്രിക്കു സമീപം പഴയ പ്ലാസ്റ്റിക് വസ്തുക്കൾ സൂക്ഷിച്ച കെട്ടിടത്തിലാണ് ഉച്ചയോടെ തീപിടിത്തമുണ്ടായത്. കെട്ടിടത്തിനകത്തു നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. തുടർന്ന്, സമീപത്തെ 2 കെട്ടിടങ്ങളിലേക്കു കൂടി തീ വ്യാപിക്കുകയായിരുന്നു. പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ കത്തിയതിന്റെ പുക വ്യാപിച്ചതിനെ തുടർന്ന് ഒട്ടേറെപ്പേർക്ക് ശ്വാസംമുട്ടൽ നേരിട്ടതായി സമീപവാസികൾ പറഞ്ഞു. അഗ്നിരക്ഷാ സേനാംഗങ്ങൾ മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മടിപ്പാക്കം പൊലീസ് പറഞ്ഞു.

ആശുപത്രികൾക്ക് നിർദേശം: തീപിടിത്തം ഒഴിവാക്കാൻ മുൻകരുതലെടുക്കണം
ചെന്നൈ ∙ സംസ്ഥാനത്തെ താപനില ഉയരുന്ന സാഹചര്യത്തിൽ, തീപിടിത്തമുണ്ടാകാതിരിക്കാൻ ആശുപത്രികൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. എല്ലാ ആശുപത്രികളും അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താൻ ആരോഗ്യ വകുപ്പും ദുരന്ത നിവാരണ വകുപ്പും സഹകരിച്ച് പ്രവർത്തിക്കുമെന്ന് അധിക‍ൃതർ പറഞ്ഞു. 

ഫയർ അലാം, സ്മോക്ക് ഡിറ്റക്ടർ, തീ കെടുത്താനുള്ള ഉപകരണങ്ങൾ എന്നിവ സജ്ജമാക്കണം, അടിയന്തരഘട്ടങ്ങളിൽ ആളുകളെ സുരക്ഷിതമായി രക്ഷപ്പെടുത്താനുള്ള വഴികൾ വേണം, വൈദ്യുതോപകരണങ്ങളുടെ കേടുപാടുകൾ അടിയന്തരമായി പരിഹരിക്കണം, അഗ്നിരക്ഷാ സേനയിൽ നിന്ന് ആശുപത്രികൾ നിരാക്ഷേപ പത്രങ്ങൾ (എൻഒസി) നേടണം എന്നീ നിർദേശങ്ങളുമുണ്ട്. ചൂട് കൂടിയതോടെ വിവിധയിടങ്ങളിൽ തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com