ADVERTISEMENT

ചെന്നൈ ∙ കടുത്ത വേനലിലേക്കു കടന്ന നഗരത്തിന് ആശ്വാസ വാർത്ത; നഗരവാസികൾക്ക് 6 മാസത്തേക്ക് ആവശ്യമായ ശുദ്ധജലം കരുതലിലുണ്ടെന്നാണ് മെട്രോ വാട്ടറിന്റെ കണക്കുകൾ. അതേസമയം, പ്രതീക്ഷിക്കുന്ന അളവിൽ മഴ ലഭിച്ചില്ലെങ്കിൽ ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടായേക്കാമെന്നും അതിനാൽ ശുദ്ധജലം ദുരുപയോഗിക്കരുതെന്നുമുള്ള മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്.

ആശങ്കയൊഴിഞ്ഞു; ശുദ്ധജല ക്ഷാമമില്ല
ഓരോ വേനൽക്കാലത്തും ശുദ്ധജല ക്ഷാമത്തെക്കുറിച്ച് ആശങ്കകൾ ഉണ്ടാകാറുണ്ട്. എന്നാൽ, നഗരത്തിന്റെ ജലസ്രോതസ്സുകളായ സംഭരണികളിൽ ഇക്കുറി ആവശ്യത്തിനു വെള്ളമുള്ളതാണ് നഗരവാസികൾക്ക് ആശ്വാസമേകുന്നത്. ദിവസേന 1,075 ദശലക്ഷം ലീറ്റർ വെള്ളമാണ് നഗരത്തിൽ വിതരണം ചെയ്യുന്നത്. ഏറെക്കാലം 900 ദശലക്ഷം ലീറ്ററായിരുന്നു വിതരണം ചെയ്തത്. 2021ൽ ഇത് 1,000 ദശലക്ഷം ലീറ്ററായി വർധിപ്പിച്ചു. പിന്നീട്, 1,075 ദശലക്ഷം ലീറ്ററായും വർധിപ്പിച്ചു. മെട്രോ വാട്ടറിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ അളവാണിത്. 

ദിവസേനയുള്ള ടാങ്കർ ലോറി ട്രിപ്പുകളുടെ എണ്ണം 900ൽ നിന്ന് 1,050 ആയും കൂട്ടിയിട്ടുണ്ട്. വേനൽക്കാലം ആരംഭിച്ചതിനു പിന്നാലെ ശുദ്ധജല ഉപയോഗം വർധിച്ചിട്ടും തടസ്സമില്ലാതെ എല്ലായിടത്തും വെള്ളമെത്തിക്കാൻ മെട്രോ വാട്ടറിനു സാധിക്കുന്നുണ്ട്. നഗരത്തിലെ ഇടത്തരം കുടുംബങ്ങളിൽ മിക്കവയും കാൻ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. നേരത്തേ 2 ദിവസത്തേക്ക് ഒരു കാൻ മതിയായിരുന്നെങ്കിൽ ഇപ്പോൾ ഒറ്റ ദിവസം കൊണ്ടു അതു തീരുകയാണെന്ന് നഗരവാസികൾ പറയുന്നു. 

ഉപയോഗത്തിൽ ജാഗ്രത വേണം
ഒക്ടോബർ വരെയുള്ള ജലശേഖരം ഭദ്രമാണെങ്കിലും വേനലിന്റെ കാഠിന്യവും മഴയുടെ അളവും ചിലപ്പോൾ കണക്കുകൂട്ടലുകൾ തെറ്റിച്ചേക്കാം. ജൂൺ മുതലുള്ള തെക്കു പടിഞ്ഞാറൻ കാലവർഷവും ഒക്ടോബർ മുതലുള്ള വടക്കുകിഴക്കൻ മഴക്കാലവും പ്രതീക്ഷിച്ച അളവിൽ ലഭിച്ചില്ലെങ്കിൽ അതു ഭാവിയിലെ ജലലഭ്യതയെ ബാധിക്കും. അതിനാൽ, വീടുകളിലും പരിസരങ്ങളിലും ജലം പാഴാക്കുന്നത് തടയണമെന്ന് അധികൃതർ ഓർമിപ്പിച്ചു.

കാത്തിരിക്കുന്നത് കൊടും ചൂട്?
ഇപ്പോഴുള്ള ചൂടിന് ഉടനെ ശമനമുണ്ടാകില്ലെന്നും വരും മാസങ്ങളിൽ താപനില 40 ഡിഗ്രി കടന്നേക്കാമെന്നും കാലാവസ്ഥ വിദഗ്ധർ പ്രവചിക്കുന്നു. എൽനിനോ പ്രതിഭാസമാണ് ഉയർന്ന താപനിലയ്ക്ക് കാരണം. 

സംഭരണികളിലെ ജലനിരപ്പ് (ദശലക്ഷം ഘനയടിയിൽ)

പൂണ്ടി – 1,640
ഷോളവാരം – 218
റെഡ്ഹിൽസ് – 2,808
തേർവോയ് കണ്ടിഗൈ – 432
ചെമ്പരമ്പാക്കം – 2,773

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com