പക്ഷിപ്പനി: അതിർത്തികളിൽ പരിശോധന കർശനം; കേരളത്തിൽ നിന്നുള്ള മുട്ട, കോഴി, താറാവ് തിരിച്ചയയ്ക്കും

Mail This Article
ചെന്നൈ ∙ ആലപ്പുഴയിൽ പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്നു തമിഴ്നാട്ടിൽ ജാഗ്രത. അതിർത്തികളിൽ പരിശോധന ശക്തമാക്കാനും കേരളത്തിൽ നിന്നുള്ള കോഴി, കോഴിവളം, കോഴിമുട്ട, കോഴിക്കുഞ്ഞുങ്ങൾ, താറാവ്, താറാവ് മുട്ട എന്നിവയുമായി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കാനുമാണു നിർദേശം. വാളയാർ ഉൾപ്പെടെ 12 ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സംഘത്തെയും നിയോഗിച്ചു.
വെറ്ററിനറി ഡോക്ടർ, വെറ്ററിനറി ഇൻസ്പെക്ടർ, 2 വെറ്ററിനറി അസിസ്റ്റന്റുമാർ എന്നിവരടങ്ങുന്നതാണ് സംഘം. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. സംസ്ഥാനത്തെ ഫാമുകളിൽ കോഴികൾ പെട്ടെന്ന് ചാകുകയോ പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ കാണുകയോ ചെയ്താൽ ഉടൻ വെറ്ററിനറി വകുപ്പിനെ അറിയിക്കാനും ഉടമകളോട് നിർദേശിച്ചിട്ടുണ്ട്.
സാംപിളുകളും ശേഖരിക്കുന്നുണ്ട്. നിലവിൽ ഇതുവരെ പക്ഷിപ്പനി ബാധ കണ്ടെത്തിയിട്ടില്ല. അതേസമയം, വോട്ടെടുപ്പു പൂർത്തിയായെങ്കിലും കേരളം അടക്കമുള്ള അതിർത്തി സംസ്ഥാനങ്ങളിൽ വോട്ടെടുപ്പു നടക്കാനിരിക്കുന്നതിനാൽ ഈ മേഖലകളിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ ഫ്ലെയിങ് സ്ക്വാഡ് സംഘം പരിശോധനകളും നിരീക്ഷണവും തുടരാനും നിർദേശിച്ചു.