ADVERTISEMENT

ചെന്നൈ ∙ വേനൽക്കാലം കടുത്തത്തോടെ സജീവമായ പഴം വിപണിയിൽ ആശങ്ക പരത്തി കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങൾ. കോയമ്പേട് മാർക്കറ്റിൽ‌ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കൃത്രിമമായി പഴുപ്പിച്ച 4 ടൺ വീതം മാമ്പഴവും വാഴപ്പഴവും പിടിച്ചെടുത്തു.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്ന കാൽസ്യം കാർബൈഡ് അടക്കമുള്ള രാസവസ്തുക്കൾ ചേർത്തു പഴുപ്പിച്ചവയാണു പിടിച്ചെടുത്തത്. നഗരത്തിൽ മാമ്പഴത്തിന്റെയും മറ്റും വരവ് ഇനിയും കൂടുമെന്നിരിക്കെ പരിശോധന ശക്തമാക്കുകയാണ് അധികൃതർ.

ആളെ കൊല്ലും മാമ്പഴം‍
മാമ്പഴം പെട്ടെന്നു പഴുക്കാൻ കാൽസ്യം കാർബൈഡ്, ആഴ്സനിക്, ഫോസ്ഫറസ് എന്നീ രാസവസ്തുക്കളാണു പ്രധാനമായും ചേർക്കുന്നത്. ഇവ കഴിക്കുന്നത് ത്വക്ക് രോഗം, ശ്വസന സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കു പുറമേ അർബുദത്തിനു വരെ കാരണമാകും. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ വിഷാംശം കലർന്ന പഴങ്ങൾ കഴിച്ചാൽ മരണം സംഭവിക്കാനും സാധ്യതയുണ്ട്.

കൃത്രിമമായി പഴുപ്പിച്ച മാങ്ങ എല്ലാ വർഷവും വേനൽക്കാലത്ത് നഗരത്തിൽ പിടിച്ചെടുക്കാറുണ്ട്. ഈ സമയം കൂടുതൽ വിൽപന നടക്കുന്നതിന്റെ മറവിലാണ് ഇവ എത്തുന്നത്. കൃത്രിമമായി പഴുപ്പിച്ച പഴങ്ങൾ വിൽക്കുന്ന കച്ചവടക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പരിശോധന തു‍ടരുമെന്നും പഴങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണമെന്നും ഭക്ഷ്യ സുരക്ഷാ ഓഫിസർ പി.സതീഷ് കുമാർ പറഞ്ഞു. 

കൃത്രിമമാണോയെന്ന് എങ്ങനെ മനസ്സിലാക്കാം?
നഗരത്തിൽ ചൂട് കൂടിയതോടെ ക്ഷീണം മാറ്റുന്നതിനായി പഴങ്ങളെയാണു കൂടുതൽ പേരും ആശ്രയിക്കുന്നത്. ഓറഞ്ച്, ആപ്പിൾ, മുന്തിരി തുടങ്ങിയവ എപ്പോഴും ലഭിക്കാറുള്ളതിനാൽ ഈ സീസണിൽ മാത്രം ലഭിക്കുന്ന മാമ്പഴമാണു കൂടുതൽ പേരും വാങ്ങുന്നത്. ചെറിയ മാങ്ങ മുതൽ വലിയ മാങ്ങ വരെ കടകളിൽ ലഭ്യമാണ്. വാങ്ങുന്ന മാങ്ങ സ്വാഭാവികമായി പഴുത്തതാണോ അല്ലയോയെന്ന് സ്വയം കണ്ടെത്താമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പറയുന്നു.

∙ സ്വാഭാവികമായി പഴുത്ത മാങ്ങയ്ക്ക് പൂർണമായി മഞ്ഞ നിറമുണ്ടാകും. എന്നാൽ കൃത്രിമമായി പഴുപ്പിച്ചവയിൽ ചില സ്ഥലങ്ങളിൽ മാത്രമാകും മഞ്ഞ നിറം.

∙ കൃത്രിമമായി പഴുപ്പിച്ചവയിൽ കറുത്ത പാടുകൾ ഉണ്ടാകും

∙ മാങ്ങയിൽ ലഭിക്കുന്ന സ്വാഭാവികമായ പഴുത്ത മണവും മധുരവും കൃത്രിമമായി പഴുപ്പിച്ചവയിൽ ലഭിക്കില്ല

∙ സ്വാഭാവികമായി പഴുത്ത മാങ്ങ എളുപ്പത്തിൽ മുറിക്കാനാകും. എന്നാൽ മറ്റുള്ളവ എളുപ്പത്തിൽ മുറിക്കാൻ സാധിക്കില്ല

∙ കൃത്രിമമായി പഴുപ്പിച്ച മാങ്ങ വെള്ളം നിറഞ്ഞ ബക്കറ്റിൽ പൊങ്ങിക്കിടക്കും. എന്നാൽ മറ്റുള്ളവ വെള്ളത്തിൽ മുങ്ങി അടിയിലേക്കു പോകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com