ADVERTISEMENT

ചെന്നൈ ∙ കൊടും ചൂട് അനുഭവപ്പെടുന്ന തമിഴ്നാട്ടിൽ താപനിലയിൽ കുറവില്ല. രാജ്യത്ത് താപനില കൂടിയ സ്ഥലങ്ങളിൽ സേലം ഇന്നലെ മൂന്നാമതായിരുന്നു. 42.3 ഡിഗ്രി സെൽഷ്യസ്. കഴിഞ്ഞ ദിവസം ഈറോഡ് കൂടിയ താപനിലയിൽ രണ്ടാമതായിരുന്നു. വെല്ലൂർ, കരൂർ, ധർമപുരി തുടങ്ങിയ ജില്ലകളിലും 40 ഡിഗ്രിക്കു മുകളിലാണു ചൂട്. ചെന്നൈ അടക്കമുള്ള മറ്റു ജില്ലകളിൽ 36 ഡിഗ്രിക്കു മുകളിലാണ് ചൂട്. വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരുമെന്നും ഉഷ്ണ തരംഗം അനുഭവപ്പെടുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. 

മുൻകരുതലുമായി ദക്ഷിണ റെയിൽവേ
റെയിൽവേ സ്റ്റേഷൻ, പ്ലാറ്റ്ഫോം എന്നിവിടങ്ങളിൽ ശുദ്ധജല സൗകര്യവും വെള്ളം തണുപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു. യാത്രക്കാർ ഇഷ്ടംപോലെ വെള്ളം കുടിക്കണമെന്നും ചൂടിനെ പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഒആർഎസ് ലായനി, മോര്, നാരങ്ങവെള്ളം തുടങ്ങിയവ കരുതണമെന്നും തമിഴ്നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളിൽ 27 വരെ കടുത്ത ചൂടിനു സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണ കൗണ്ടറുകൾ

ദക്ഷിണ റെയിൽവേ പാലക്കാട് സ്റ്റേഷനിൽ ആരംഭിച്ച ഭക്ഷണ കൗണ്ടർ.
ദക്ഷിണ റെയിൽവേ പാലക്കാട് സ്റ്റേഷനിൽ ആരംഭിച്ച ഭക്ഷണ കൗണ്ടർ.

ചൂടുകാലത്ത് യാത്രക്കാർക്ക് ആശ്വാസമേകുന്നതിനായി ദക്ഷിണ റെയിൽവേ വിലക്കുറവിൽ ഭക്ഷണം ലഭിക്കുന്ന 34 കൗണ്ടറുകൾ ആരംഭിച്ചു. ജനറൽ കോച്ചുകൾ നിർത്തുന്ന ഇടങ്ങളിലാണു കൗണ്ടറുകൾ പ്രവർത്തിക്കുക. ജനത ഖാനാ (20 രൂപയ്ക്ക് 7 പൂരിയും കിഴങ്ങ് കറിയും), 20 രൂപയ്ക്കു തൈര് സാദം, ലെമൺ റൈസ്, പുളിയോദരം, 50 രൂപയ്ക്ക് ദക്ഷിണേന്ത്യൻ ചോറും മറ്റു വിഭവങ്ങളും, 3 രൂപയ്ക്ക് ഒരു ഗ്ലാസ് വെള്ളം എന്നിവയാണു കൗണ്ടറുകളിൽ ലഭിക്കുക. ചെന്നൈ ഡിവിഷനു കീഴിലുള്ള 5 സ്റ്റേഷനുകളിലും പാലക്കാട് ഡിവിഷനിലെ 9 സ്റ്റേഷനുകളിലും തിരുവനന്തപുരം ഡിവിഷനിലെ 11 സ്റ്റേഷനുകളിലും ഈ സൗകര്യം ലഭ്യമാണ്. 

ആവിൻ വിൽപന വർധിച്ചു
ചൂട് കൂടിയതോടെ ആവിന്റെ മോര്, തൈര്, വെണ്ണ എന്നിവയുടെ വിൽപന വർധിച്ചു. ദിവസേന 40,000 കുപ്പി മോരാണ് വിറ്റഴിക്കുന്നത്. 200 മില്ലി മോര് 12 രൂപയ്ക്കും പായ്ക്കറ്റ് 8 രൂപയ്ക്കുമാണ് വിൽക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം അധിക വിൽപന ഇതിനകം നടന്നതായി ആവിൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com