ADVERTISEMENT

ചെന്നൈ ∙ ബീൻസ് വില കുതിച്ചുയർന്നതോടെ നഗരത്തിൽ ബിരിയാണിക്ക് ‘കഷ്ടകാലം’. ബീൻസ് ഇല്ലാത്ത ബിരിയാണിയും ഫ്രൈഡ് റൈസും ചിന്തിക്കാൻ പോലും സാധിക്കില്ലെന്നിരിക്കെ, എന്തു വില കൊടുത്തും ബീൻസ് ഉറപ്പാക്കാനുള്ള തത്രപ്പാടിലാണ് ഹോ‍ട്ടലുകൾ. അതേസമയം, നിലവിലെ വിലക്കയറ്റം താങ്ങാനാകാത്ത ചില ഹോട്ടലുകൾ ഇതിനകം ബീൻസിനെ ഉപേക്ഷിച്ചു കഴിഞ്ഞു. കിലോയ്ക്ക് 225 രൂപയാണു കോയമ്പേട് മാർക്കറ്റിൽ ഇന്നലത്തെ വില. ചില്ലറ വിപണിയിൽ 250നു മുകളിലാണു വില ഈടാക്കുന്നത്. മിക്ക ഭക്ഷ്യവിഭവങ്ങളിലും ബീൻസ് ചേർക്കുന്നുണ്ടെന്നും വിലക്കയറ്റം വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നതെന്നും ട്രിപ്ലിക്കേനിലെ സീലോഡ് ഹോട്ടൽ ഉടമ അബ്ദുൽ ജലീൽ പറഞ്ഞു. നാട്ടിൽ നിന്നു വ്യത്യസ്തമായി, ഇവിടെ ബീൻസ് ഇല്ലാത്ത പാചകം ചിന്തിക്കാനാകില്ലെന്ന് ജലീൽ പറയുന്നു.

പച്ചക്കറി വിഭാഗങ്ങളിലും മാംസ വിഭവങ്ങളിലും ബീൻസിന്റെ സാന്നിധ്യം നിർബന്ധമായതിനാൽ അത് ഒഴിവാക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നും പറഞ്ഞു. വില കുതിച്ചുയർന്നതോടെ ബീൻസ് തൽക്കാലം വീട്ടിലെ അടുക്കളയിൽ നിന്ന് ഒഴിവാക്കിയതായി നഗരവാസികൾ പറയുന്നു. തമിഴ്നാട്ടുകാരെ പോലെ എന്തിനും ഏതിനും ബീൻസ് ആവശ്യമില്ലാത്തതിനാൽ കുറച്ചു നാളത്തേക്ക് ബീൻസ് ഇല്ലാതെ അഡ്ജസ്റ്റ് ചെയ്യാമെന്ന് മലയാളികളും പറയുന്നു.മഴയെ തുടർന്ന് ലോഡ് വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണമെന്ന് കോയമ്പേട് മാർക്കറ്റിലെ പച്ചക്കറി വ്യാപാരി പ്രദീപ് പറഞ്ഞു. ഹൊസൂർ, കർണാടകയിലെ കോലാർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണു പ്രധാനമായും ബീൻസ് എത്തുന്നത്. കനത്ത മഴ മിക്ക പച്ചക്കറികളുടെയും വരവിനെ ബാധിച്ചിട്ടുണ്ടെന്നും ഇതു കച്ചവടത്തെ ബാധിക്കുന്നതായും പ്രദീപ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com