ADVERTISEMENT

പെരുമ്പാവൂർ∙ വീട് കുത്തിത്തുറന്ന്  ആധാരങ്ങൾ മോഷ്ടിച്ച് ഭീഷണിപ്പെടുത്തി ബാർ ഉടമയിൽ നിന്ന് 10 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച 2 പേർ അറസ്റ്റിൽ. ബാർ ഉടമയും പൊതുപ്രവർത്തകനുമായ തോട്ടുവ  നെടുങ്കണ്ടത്തിൽ ജോയി  ജോസഫിന്റെ വീട്ട‌ിൽ കഴിഞ്ഞ മാസം 12നാണ്  മോഷണം നടന്നത്. ജോയ് ജോസഫിന്റെ അയൽവാസികളായ തോട്ടുവ കൃഷ്ണൻകുട്ടി റോഡിൽ പാറയിൽ ജൈജോ (കുട്ടൻ– 36), പനേലിക്കുടി നോബിൻ(29) എന്നിവരാണ് കോടനാട് പൊലീസിന്റെ പിടിയിലായത്. 

ജോയി  വീട് പൂട്ടി ഔദ്യോഗിക പരിപാടികൾക്കായി പോയി  രാത്രി 8.30ഓടെ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് അലങ്കോലമായ നിലയിൽ‌ കണ്ടത്. 14 ആധാരങ്ങളും മുന്നാധാരണങ്ങളും ഭാഗ ഉടമ്പടിയും സൂക്ഷിച്ചിരുന്ന സ്യൂട്ട്കേസ് പണമടങ്ങിയ ബാഗെന്ന ധാരണയിലാണ് മോഷ്ടിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആദ്യഘട്ടത്തിൽ പ്രതികളെ കുറിച്ച്  സൂചന ലഭിച്ചില്ല.

ഫോൺവിളിയിൽ പ്രതികൾ കുരുങ്ങി

മോഷ്ടാക്കളിൽ ഒരാൾ  ജോയിയെ കഴിഞ്ഞ ബുധനാഴ്ച ഫോണിൽ വിളിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. ആധാരം തിരികെ വേണമെങ്കിൽ 10 ലക്ഷം രൂപ  വേണമെന്നായിരുന്നു ആവശ്യം. പൊലീസിൽ അറിയിച്ചാൽ  സ്കൂൾ വിദ്യാർഥിയായ ചെറുമകനെ തട്ടിക്കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി.  3 ലക്ഷം രൂപ തരാമെന്നു ജോയി പറഞ്ഞത് പ്രതികൾ സമ്മതിച്ച‌ു. തുകയുമായി മലയാറ്റൂരിലെത്തിയാൽ ആധാരം നൽകാമെന്നും അറിയിച്ചു.

ഇക്കാര്യ‌ം ജോയി കോടനാട് പൊലീസിൽ അറിയിച്ച‌ു പണം വാങ്ങാൻ നേരിട്ടെത്തുമെന്നു പറഞ്ഞ പ്രതികൾ അവസാന നിമിഷം ഒരു  ഓട്ടോറിക്ഷ‌ാ ഡ്രൈവറുടെ കൈവശമാണ്  ആധാരം കൊടുത്തു വിട്ടത്. ഓട്ടോ ഡ്രൈവർ ആധാരം നൽകി പണം ആവശ്യപ്പെടുന്ന സമയത്ത് മഫ്ടി പൊലീസ് പിടികൂടി. താൻ സംഘത്തിലുള്ളതല്ലെന്നും 1000 രൂപയ്ക്കാണ് ദൗത്യം ഏറ്റതെന്നും അയാൾ പറഞ്ഞു. 

തുടർന്ന് ഓട്ടോ ഡ്രൈവറെ കൊണ്ട് പ്രതികളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കുറിച്ചലക്കോട് ഒരു ഹോട്ടലിനു മുൻപിലുണ്ടെന്നും അവിടേക്കു വരാനും പറഞ്ഞു. ഡ്രൈവറുടെ പിന്നാലെയെത്തിയ മഫ്ടി പൊലീസ് പ്രതികളെ പിടികൂടി.  സിഐ സജി മർക്കോസിന്റെ നേതൃത്വത്തിൽ എസ്ഐ ഒ.എം.സാലി, എഎസ്ഐ പി.എൻ. പ്രസാദ്, രാജേന്ദ്രൻ, അബ്ദുൽ സത്താർ, ലാൽജി, നജാഷ്, സാബു എന്നിവരാണു പ്രതികളെ പിടികൂടിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com