ADVERTISEMENT

കൊച്ചി∙ മേയർമാറ്റ ചർച്ചകളും തുടർ നാടകങ്ങളും കൊച്ചി നഗരസഭയിൽ യുഡിഎഫിനെ ഉലയ്ക്കുമ്പോൾ നഗരസഭാ ഭരണം നിശ്ചലമായിട്ട് 2 മാസം. വാർധക്യ പെൻഷൻ ഉൾപ്പെടെ ക്ഷേമ പെൻഷനുകൾക്കുള്ള നൂറുകണക്കിന് അപേക്ഷകളിൽ തീരുമാനമില്ല.   കെട്ടിട നികുതിക്ക് അപ്പീൽ നൽകാനുള്ള അവസരം ജനങ്ങൾക്കു നഷ്ടപ്പെടുന്നു, കോടിക്കണക്കിനു രൂപയുടെ പദ്ധതികൾ തുടങ്ങിയിട്ടു പോലുമില്ല. നികുതിപിരിവും തഥൈവ. വരുമാനം കഴിഞ്ഞ വർഷത്തേതിലും മോശം സ്ഥാനമാനങ്ങൾക്കു വേണ്ടിയുള്ള നാടകങ്ങളുടെ ദുരിതം ജനം അനുഭവിക്കുകയാണ്. നഗരസഭയിലെ 8 സ്റ്റാൻഡിങ് കമ്മിറ്റികളിൽ മൂന്നെണ്ണത്തിന് അധ്യക്ഷനില്ല. 3 കമ്മിറ്റികളും നിശ്ചലമായിട്ടു 2 മാസം. ബജറ്റു തയാറാക്കേണ്ട ധനകാര്യ കമ്മിറ്റിയിൽ യുഡിഎഫിനു ഭൂരിപക്ഷമില്ലാത്ത അവസ്ഥ.

 7 സ്റ്റാൻഡിങ് കമ്മിറ്റികളിൽ ചെയർമാൻ സ്ഥാനവുമായി അധികാരത്തിൽ വന്ന യുഡിഎഫിന് ഇപ്പോൾ വർക്സ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ മാത്രം അധ്യക്ഷ സ്ഥാനം. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ ഗ്രേസി ജോസഫ് പാർട്ടിക്കു പുറത്തായി.  ഭരണം തുടങ്ങുമ്പോൾ കോൺഗ്രസിനു മാത്രം 4 സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനമുണ്ടായിരുന്നു. മേയറെ മാറ്റാൻ 3 പേർ രാജിവച്ചു. ആ 3 കമ്മിറ്റികളും അനാഥമായി. പുതിയ ഡെപ്യുട്ടി മേയറെ ജയിപ്പിച്ചെടുക്കാൻ കഴിഞ്ഞതാണ് ഇക്കാലത്തുണ്ടായ ഏക ആശ്വാസം.

സ്ഥിരം സമിതി നിർണായകം 

സ്റ്റാൻഡിങ് കമ്മിറ്റികൾ എന്ന സ്ഥിരം സമിതി വഴിയാണു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം. കമ്മിറ്റികൾ ചർച്ചചെയ്തു തീരുമാനിച്ചു കൗൺസിലിൽ വരുന്നതു കൗൺസിൽ അംഗീകരിക്കുന്നു. ഭരിക്കുന്ന മുന്നണിക്കു ഭൂരിപക്ഷം ലഭിക്കാത്ത സ്റ്റാൻഡിങ് കമ്മിറ്റികൾ ഉണ്ടാവാമെങ്കിലും തീരുമാനങ്ങൾക്കു കൗൺസിലിന്റെ അംഗീകാരം വേണം എന്നതിനാൽ കൗൺസിലിലെ ഭൂരിപക്ഷമാണു പ്രധാനം. സ്റ്റാൻഡിങ് കമ്മിറ്റികൾ യോഗം ചേർന്നില്ലെങ്കിൽ ആ കമ്മിറ്റികൾക്കു കീഴിലെ അജൻഡകൾ കൗൺസിലിലേക്ക് എത്തില്ല.

കെണി വച്ചതു മേയർക്ക്,കൊണ്ടതു ജനത്തിന്

മേയർ സൗമിനി ജെയിൻ രണ്ടര വർഷം കഴിയുമ്പോൾ മാറിക്കൊടുക്കണമെന്നു ധാരണയുണ്ടായിരുന്നുവെന്നു ഭരണത്തിന്റെ 5 –ാം വർഷത്തിനു തുടക്കത്തിൽ കോൺഗ്രസിലെ ചില ഗ്രൂപ്പു നേതാക്കൾക്കു തോന്നിയതാണു ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം.    മേയറെ പുകച്ചു പുറത്തുചാടിക്കാൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെ രാജി ആവശ്യപ്പെട്ടു. ചിലർ പ്രതിഷേധിച്ചു രാജി വൈകിപ്പിച്ചു. രാജിവയ്ക്കാതിരുന്ന അവസാനത്തെയാളെ പാർട്ടിയിൽ നിന്നു പുറത്താക്കി. സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പുകളി‍ൽ യുഡിഎഫ് അംഗ ങ്ങൾ തോറ്റു. മേയറെ മാറ്റിയാൽ യുഡിഎഫിനു പിന്തുണയില്ലെന്നു 2 കൗൺസിലർമാർ തുറന്നുപറഞ്ഞു. പുതിയൊരാളെ മേയർ സ്ഥാനത്തേക്കു വിജയിപ്പിച്ചെടുക്കാൻ കഴിയുമോയെന്ന ഉറപ്പൊന്നും യുഡിഎഫിനില്ല. 

ഇത്രയുമൊക്കെ പരുക്കേറ്റിട്ടും മേയർ മാറ്റമെന്ന ആവശ്യം സാധിച്ചെടുക്കാൻ ഗ്രൂപ്പു നേതാക്കൾക്കു കഴിഞ്ഞില്ലെന്നു മാത്രമല്ല, അതുവഴി പാർട്ടിയും മുന്നണിയും പരാജയപ്പെടുകയും ചെയ്തു. കെപിസിസി പുനസംഘടന സജീവമായതോടെ മേയർ മാറ്റം മാറ്റിവച്ച് നേതാക്കൾ ആ വഴി പാഞ്ഞു. ഇതിന്റെയൊക്കെ പേരിലുള്ള നഷ്ടം ജനങ്ങൾക്കു മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com