ADVERTISEMENT

കൊച്ചി∙ തെരുവിൽ അലഞ്ഞിരുന്ന നൂറിലേറെ നായ്ക്കളും പൂച്ചകളും. അവയെ സ്വന്തമാക്കാനെത്തിയ ഒരുകൂട്ടം മൃഗസ്നേഹികൾ... രാജേന്ദ്ര മൈതാനം ഇന്നലെ ദത്തെടുക്കൽ കേന്ദ്രമായി മാറി. തെരുവിന്റെ അനാഥത്വത്തിൽ അലഞ്ഞ മിണ്ടാപ്രാണികളെ ഏറ്റെടുക്കാൻ മനസ്സുള്ളവർക്ക് അതിനവസരം ഒരുക്കിയതു ന്യൂഡൽഹി ആസ്ഥാനമായുള്ള ധ്യാൻ ഫൗണ്ടേഷൻ. ജില്ലയിലെ മൃഗസ്നേഹി സംഘടനകളിലെ അംഗങ്ങളും സംരംഭത്തിനായി കൈകോർത്തു. 4നു മേള സമാപിക്കുമ്പോൾ ഉടമസ്ഥരായതു നാൽപതിലേറെ മൃഗങ്ങൾക്ക്.    മൃഗത്തിനുള്ള ഭക്ഷണപ്പൊതിയടങ്ങിയ സമ്മാനവും സംഘാടകർ നൽകി.

സനാതൻ ക്രിയയുടെ പ്രചാരകനായ യോഗി അശ്വിനിയാണു ആത്മീയ– ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഫൗണ്ടേഷനു നേതൃത്വം നൽകുന്നത്. തെരുവിൽ ഉപേക്ഷിക്കപ്പെടുന്നതും വാഹനങ്ങൾ തട്ടി മുറിവേൽക്കുന്നതുമായ മൃഗങ്ങളെയും പക്ഷികളെയും കണ്ടെത്തി ഏറ്റെടുക്കുകയും അവയ്ക്കു  പരിചരണം നൽകി സുഖപ്പെടുത്തിയ ശേഷം ഏറ്റെടുക്കാൻ താൽപര്യമുള്ളവർക്കു കൈമാറുകയുമാണു രീതി. മനുഷ്യരുമായി ഇണങ്ങാൻ പ്രയാസമായവയെ തിരികെ തെരുവിൽ വിടും. നായ, പൂച്ച, പശു, കാള എന്നിവയെല്ലാം തെരുവിൽനിന്ന് ഏറ്റെടുക്കുന്നവയിൽ പെടുന്നു. 

പ്രായമാകുമ്പോൾ ഉപേക്ഷിക്കപ്പെടുന്ന അരുമ മൃഗങ്ങൾക്കും ധ്യാൻ അഭയമേകുന്നുണ്ട്. മൃഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പുകൾ ഉൾപ്പെടെ നൽകിയാണ് ഇവയെ ദത്തെടുക്കുന്നവർക്കു കൈമാറുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള സേവനമനസ്ഥിതിയുള്ളവരാണു ഫൗണ്ടേഷന്റെ വൊളന്റിയർമാർ.ഫൗണ്ടേഷന്റെ മൃഗസംരക്ഷണ കേന്ദ്രം മട്ടാഞ്ചേരി കൂവപ്പാടത്താണ്. നൂറ്റൻപതിലേറെ മൃഗങ്ങൾ നിലവിൽ ഇവിടെയുണ്ട്. 350 മൃഗങ്ങൾക്കാണ് ഇതിനോടകം അഭയമേകിയത്. 

ഇതിൽ 200 എണ്ണത്തിനെ ദത്ത് നൽകിക്കഴിഞ്ഞു. അൻപതോളം നായ്ക്കളാണ് ഇവിടെ പരിചരണത്തിലുള്ളത്. പശുക്കളെയും കാളകളെയും കിടാങ്ങളെയും സംരക്ഷിക്കാൻ കാക്കനാട് ഗോശാലയുമുണ്ട്. ഇവിടെ സ്ഥലപരിമിതിയുള്ളതിനാൽ ആരോഗ്യം വീണ്ടെടുത്ത ശേഷം ഇവയെ മൈസൂരിലെ ഗോശാലയിലേക്കു മാറ്റുകയാണു നിലവിൽ ചെയ്യുന്നത്. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ അറുന്നൂറോളം കന്നുകാലികൾക്കാണു മൈസൂരിലെ ഗോശാലയിൽ അഭയം നൽകിയത്. 200 കാലികൾക്ക് അഭയമേകാനാവുന്ന ഗോശാലയ്ക്കായി  കണ്ണമാലിയിൽ 40 സെന്റ് സ്ഥലം ഫൗണ്ടേഷൻ ഏറ്റെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com