ADVERTISEMENT

കൊച്ചി ∙ 5 പൊലീസ് സ്റ്റേഷനുകൾക്കു സ്വന്തമായി വാഹനമില്ലെങ്കിലും 17 വർഷംകൊണ്ടു സംസ്ഥാന പൊലീസ് വാങ്ങിക്കൂട്ടിയത് 4,876 വാഹനങ്ങൾ. 2013–18 കാലത്തു പൊലീസ് വാങ്ങിയ 269 വാഹനങ്ങളിൽ 64 ഉം സേനയിലെ ഉന്നതർക്കുള്ള വാഹനങ്ങളാണെന്നു കണ്ടെത്തിയാണു സിഎജി റിപ്പോർട്ടിൽ പൊലീസിനെ രൂക്ഷമായി വിമർശിക്കുന്നത് .എന്നാൽ 2001 മുതൽ 2018 വരെയുള്ള വാങ്ങിക്കൂട്ടിയ വാഹനങ്ങളുടെ കണക്ക് ഏറെ ഞെട്ടിക്കുന്നതാണ്. വാങ്ങിയതിൽ ഏറെയും ആഡംബര വാഹനങ്ങൾ. 2018 ൽ സംസ്ഥാനത്താകെ 471 പൊലീസ് സ്റ്റേഷനുകൾ മാത്രമുള്ളപ്പോഴാണു പണം വകമാറ്റി സേന ഇത്രയേറെ വാഹനങ്ങൾ വാങ്ങിയത്.

2001 മുതൽ 2007 വരെ  899 ഡീസൽ ജീപ്പ് വാങ്ങിയെങ്കിലും ഇതിൽ ഒന്നുപോലും ഇപ്പോൾ ഉപയോഗത്തിലില്ല. ഇവയ്ക്ക് എന്തു സംഭവിച്ചുവെന്നും കണക്കില്ല. വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയാതായാൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിന്റെ സർട്ടിഫിക്കറ്റോടെ പരസ്യമായി ലേലം ചെയ്തുവേണം വിൽക്കാൻ. കുറഞ്ഞത് 15 വർഷമെങ്കിലും വാഹനം ഉപയോഗിക്കാമെന്നിരിക്കെ 2007 മുതൽ 2015 വരെ 95 ഇന്നോവ കാറുകൾകൂടി വാങ്ങി. ഇതിലേറെയും സേനയിലെ ഉന്നതന്മാരുടെ ഉപയോഗത്തിനു വേണ്ടിയായിരുന്നു.

മഹീന്ദ്ര ബൊലീറോ 411, സ്കോർപിയോ–5, ഇൻവേഡർ–442,സൈലോ–78,ടാറ്റാ സ്പേഷിയോ–123,ടാറ്റാ ഇൻഡിഗോ 11,ടാറ്റാ സഫാരി 1, ടാറ്റാ സുമോ 411, ടാറ്റാ 407 ആംബുലൻസ് 25 എന്നിങ്ങനെയാണു വാഹനങ്ങളുടെ മറ്റു കണക്കുകൾ. 2017–18 ൽ മാത്രം 5 ഇന്നോവ ക്രിസ്റ്റയും 41 ബൊലേറോയും 23 ഫോഴ്സ് ട്രാവലറും 2 ടാറ്റാ വിങ്ങറും വാങ്ങി. 1990 മുതൽ 2001 വരെ വാങ്ങിയ നൂറുകണക്കിനു വാഹനങ്ങൾ ഉപയോഗത്തിലിരിക്കുമ്പോഴാണു പുതിയതു വാങ്ങിയത്. പൊലീസ് സേനയിൽ 2018 ലെ കണക്കനുസരിച്ച് 8 ഡിജിപിമാരും 15 വീതം എഡിജിപിമാരും ഐജിമാരും 13 ഡിഐജിമാരും 94 എസ്പിമാരുമാണുള്ളത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com