ഇലകളിലൂടെ ചിരിക്കുന്ന പ്രിയതമൻ

ഡോ. എം. രാജലക്ഷ്മി പൂണിത്തുറ മേച്ചേരിൽ തറവാട്ടു വളപ്പിലെ കുളക്കടവിൽ.
SHARE

പൂണിത്തുറ ∙ പണി പുരോഗമിക്കുന്ന മെട്രോ ചമ്പക്കര സ്റ്റേഷനു പടിഞ്ഞാറു വശത്തെ ഭുവനേശ്വരി ക്ഷേത്രത്തിലേക്കുള്ള വഴിയേ ചെന്നാൽ മേച്ചേരിൽ രാജ്ഭവൻ എന്ന വീടുകാണാം. മുറ്റത്തു ചുവന്ന ചീരയും പച്ചക്കറികളുമാണ് ഗേറ്റ് തുറന്നാൽ വരവേൽക്കുന്നത്. ഭർത്താവിന്റെ ഓർമ നിലനിർത്താൻ നാടിനുവേണ്ടി ജൈവ കൃഷിയിടം എന്ന ആശയം നടപ്പിലാക്കിയ ഒരമ്മ ഇവിടുണ്ട്. പട്ടം താണുപിള്ള സർക്കാരിലെ ഏറ്റവും പ്രായംകുറഞ്ഞ എംഎൽഎ പി.കെ. നാരായണൻ നമ്പ്യാരുടെ ഭാര്യ ഡോ. എം. രാജലക്ഷ്മി (80)യാണു കഥയിലെ നായിക.

ഡോ. എം. രാജലക്ഷ്മിയും ഭർത്താവ് പി.കെ. നാരായണൻ നമ്പ്യാരും വിവാഹശേഷം എടുത്ത ചിത്രം.

മഹാരാജാസ് കോളജിൽ പ്രഫ. എം.കെ. സാനുവിന്റെ ആദ്യ ബാച്ചിലെ വിദ്യാർഥി. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴാണു നമ്പ്യാർ രാജലക്ഷ്മിയെ വിവാഹം കഴിച്ചത്. ദീർഘകാലം മീഞ്ചന്ത ഗവ. ഹൈസ്‌കൂളിൽ അധ്യാപികയായിരുന്നു. റിട്ടയർ ചെയ്തശേഷം മേപ്പയ്യൂർ സലഫി ബിഎഡ് കോളജിൽ നാലു വർഷത്തോളം പ്രിൻസിപ്പലായും അധ്യാപനവൃത്തി തുടർന്നു. ഇതിനിടെ കുട്ടികളുടെ മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ രാജലക്ഷ്മി  പൂണിത്തുറയിൽ പൂർണശ്രീ എന്ന പേരിൽ സൗജന്യ ഡേ കെയറും നടത്തി. സമകാലികങ്ങളിൽ സ്ത്രീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതി. ആകാശവാണിയിലും പരിപാടികൾ അവതരിപ്പിച്ചു. എല്ലാത്തിനും പ്രിയതമന്റെ പിന്തുണ വലിയ ബലമായിരുന്നെന്ന് അവർ പറയുന്നു.

കോഴിക്കോട് പേരാമ്പ്ര- മേപ്പയ്യൂർ മണ്ഡലങ്ങൾ ഒന്നായിരുന്ന കാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ എംഎൽഎ ആയിരുന്നു നമ്പ്യാർ. അദ്ദേഹം മരിച്ചിട്ടു 17 വർഷമായി. ഇത്ര വർഷത്തിനിടെ നമ്പ്യാരെ രാഷ്ട്രീയ കേരളമോ ജന്മനാടായ കോഴിക്കോടോ ഓർത്തില്ല. കൃഷി ഏറെ ഇഷ്ടമായിരുന്ന ഭർത്താവ് തനിക്കായി ബാക്കിവച്ചുപോയ കോഴിക്കോട് കൂത്താളിയിലെ രണ്ടരയേക്കറിൽ സുമനസ്സുകളുടെ സഹായത്താൽ അവർ ജൈവ കൃഷിയിടം തീർത്തത് 6 വർഷം മുൻപാണ്. വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹാത്മാ ദേശസേവ എജ്യുക്കേഷനൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റാണിപ്പോൾ ജൈവകൃഷി നടത്തുന്നത്. ഡോ. രാജലക്ഷ്മി, കൊച്ചിയിലെ തറവാടിൽ മകൾ ഡോ. ഡോ. മഞ്ജുഷയ്ക്കൊപ്പമാണിപ്പോൾ.

കൂത്താളിയിലെ ജൈവകൃഷിയിടത്തിന്റെ മിനി പതിപ്പ് ഇവിടെയും തീർത്ത് പ്രിയതമന്റെ സ്മരണ നിലനിർത്തുകയാണ് അവർ. പറമ്പു നിറയെ പച്ചക്കറികളും ഔഷധ സസ്യങ്ങളും. കുളമാണു മറ്റൊരു പ്രത്യേകത. ഉള്ള കുളങ്ങളും ജലാശയങ്ങളും നികത്തുന്ന കാലത്ത് 4 ലക്ഷം രൂപ ചെലവാക്കി വൃത്തിയാക്കി കല്ലുകെട്ടി സംരക്ഷിച്ചു. പൂണിത്തുറയിലെ കൃഷിയിടത്തിലെ പച്ചക്കറി കൊച്ചി നഗരസഭ 50–ാം ഡിവിഷനിലെ ജൈവ വിപണന കേന്ദ്രമാണ് എടുക്കുന്നത്. "ഭർത്താവ് മരിച്ചതോടെ വേദനയിൽ ഉരുകിയൊലിക്കുകയായിരുന്നു ഞാൻ. പിന്നെ തോന്നി വെറുതെ മറ്റുള്ളവരെ കുറ്റം പറയുന്നതിലും നല്ലത് അദ്ദേഹത്തിന് അനുയോജ്യമായ സ്മാരകം പണിയുന്നതല്ലേ എന്ന്.

സ്മാരകങ്ങളുടെ പേരിൽ ആളുകളെ വഴിനടക്കാൻ ബുദ്ധിമുട്ടിക്കുന്ന കോൺക്രീറ്റ് സൗധമല്ല വേണ്ടത്. മറിച്ച് നമ്പ്യാരെക്കുറിച്ചു നല്ലതുമാത്രം പറയിക്കുന്ന ഒരു സ്മാരകം. അത് എന്താകണമെന്നു കുടുംബസുഹൃത്തും കൃഷിവകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടറുമായ ഹീര നെട്ടൂരിന്റെ മുമ്പാകെ വെച്ചപ്പോൾ അവരാണു ജൈവ കൃഷയിടം എന്ന ആശയം മുന്നോട്ട് വച്ചത്. കേട്ടപ്പോൾ ഞാൻ മനസ്സിലുറപ്പിച്ചു. നമ്പ്യാരെ അടക്കം ചെയ്ത കൂത്താളിയിലെ രണ്ടര ഏക്കർ, അവിടെ വിഷമില്ലാത്ത പച്ചക്കറി ഉൽപാദിപ്പിക്കുന്ന ഒരു കൃഷിയിടം. ഇതാണ് എന്റെ ഭർത്താവിനുവേണ്ടി പണിയാൻ കഴിയുന്ന ഏറ്റവും വലിയ സ്മാരകം. പൂണിത്തുറയിലും അതിന്റെ മിനി പതിപ്പ്..." രാജലക്ഷ്മി പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ