ADVERTISEMENT

കൊച്ചി∙ അമ്മയും മകനും പൊരിഞ്ഞ ഇടിയാണ്. ഇടിച്ചിടിച്ച് അമ്മ അടിച്ചെടുത്തത് 2 സ്വർണം, മകൻ ഒരു വെങ്കലവും! ന്യൂഡൽഹിയിൽ നടന്ന വാകോ ഇന്ത്യൻ ഓപ്പൺ രാജ്യാന്തര കിക്ക്ബോക്സിങ് ചാംപ്യൻഷിപ്പിലാണ് അമ്മ ഇടപ്പള്ളി സ്വദേശി ആൻ മേരി ഫിലിപ്പും (35) മകൻ ക്രിസ് ജൂബിനും (9) മെഡലുകൾ നേടിയത്. സീനിയർ വനിത വിഭാഗത്തിൽ (60 കിലോയ്ക്കു താഴെ) ലൈറ്റ് കോണ്ടാക്ട്, കിക്ക് ലൈറ്റ് എന്നീ ഇനങ്ങളിലാണ് ആനിന്റെ സ്വർണം നേട്ടം. കുട്ടികളുടെ വിഭാഗം (32 കിലോയ്ക്ക് മുകളിൽ) പോയിന്റ് ഫൈറ്റിങ്ങിൽ ക്രിസ് വെങ്കലം നേടി. ഇന്ത്യയ്ക്കു പുറമേ കസഖ്സ്ഥാൻ, യുക്രെയ്ൻ, ജോർദാൻ, നേപ്പാൾ, ഇറാൻ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കിക്ക്ബോക്സർമാരാണു ചാംപ്യൻഷിപ്പിൽ പങ്കെടുത്തത്.

ചുമ്മാ തുടങ്ങി, സീരിയസായി

ക്യുത്രീ വെഞ്ച്വേഴ്സ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ജൂബിൻ പീറ്ററിന്റെ ഭാര്യയാണ് ആൻ. കളമശേരി രാജഗിരി പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ മകൻ ക്രിസിനെ കിക്ക് ബോക്സിങ് ക്ലാസിനു ചേർക്കാൻ വേണ്ടിയാണ് ഒന്നരവർഷം മുൻപു ചിറ്റൂർ റോ‍ഡ് വൈഎംസിഎയിലുള്ള ജിംനേഷ്യത്തിലേക്ക് ആദ്യമെത്തിയത്. ക്ലാസ് കണ്ടു കണ്ട് ഒരു ദിവസം ആനിനു തോന്നി– കിക്ക്ബോക്സിങ്ങിൽ ഒരു കൈ നോക്കിയാലോ?. ‘ഫിറ്റ്നസിനു നേരത്തേ തന്നെ പ്രാധാന്യം നൽകിയിരുന്നു. എന്നും രണ്ടു മണിക്കൂറോളം വർക്കൗട്ട് ചെയ്യാറുണ്ടായിരുന്നു. എന്നാലും കിക്ക് ബോക്സിങ് പഠിച്ചു തുടങ്ങിയിട്ട് ഒരു വർഷമേ ആകുന്നുള്ളൂ. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ ആദ്യം പേടിയായിരുന്നു. പരുക്കു പറ്റുമോയെന്ന പേടി. ഇപ്പോൾ ചാംപ്യൻ‌ഷിപ്പിൽ സ്വർണം നേടിയതോടെ എല്ലാവരുടെയും പേടി മാറി’ – ആൻ പറയുന്നു.

അമ്മേ, നമുക്ക് കപ്പടിക്കണം

വാകോ ഇന്ത്യൻ ഓപ്പൺ രാജ്യാന്തര കിക്ക്ബോക്സിങ് ചാംപ്യൻഷിപ്പിനു വേണ്ടി 6 മാസമായി തയാറെടുക്കുകയായിരുന്നു അമ്മയും മകനും. കേരള കിക്ക്ബോക്സിങ് അസോസിയേഷൻ കോച്ച് വി.എസ്. കിരണിനു കീഴിൽ ദിവസവും രാവിലെയും വൈകിട്ടും പരിശീലനം. കോട്ടയത്തു നടന്ന സംസ്ഥാന ചാംപ്യൻഷിപ്പിൽ ആൻ സ്വർണ മെഡൽ നേടി. തെലങ്കാനയിൽ നടന്ന ജൂനിയർ ദേശീയ ചാംപ്യൻഷിപ്പിൽ ക്രിസ് പങ്കെടുത്തിരുന്നു. ആ ചാംപ്യൻഷിപ്പുകൾ നൽകിയ ആത്മവിശ്വാസമാണു രാജ്യാന്തര ചാംപ്യൻഷിപ്പിനു തയാറെടുക്കാൻ ഇരുവരെയും പ്രേരിപ്പിച്ചത്. ചാംപ്യൻഷിപ്പിൽ ക്രിസ് ആദ്യം തന്നെ മെഡൽ നേടി.

പിന്നീട് എതിരാളിയെ ഇടിച്ചിടാൻ അമ്മയ്ക്കു വാശി കൂട്ടിയതു ക്രിസായിരുന്നു. വിവിധ റൗണ്ടുകൾക്കൊടുവിൽ ഫൈനലിൽ ഇന്ത്യൻ താരങ്ങളെ തന്നെ ഇടിച്ചിട്ടാണ് ആൻ 2 സ്വർണവും നേടിയത്. എറണാകുളം ജില്ലയിൽ നിന്ന് എസ്.വി.അരുൺ, പി.ആർ.സദക് (സ്വർണം), എസ്.സുധീഷ് കുമാർ (വെള്ളി), ആകാശ് അനിൽ, എൻ.പി.സോളി (വെങ്കലം) എന്നിവരും രാജ്യാന്തര ചാംപ്യൻഷിപ്പിൽ മെഡലുകൾ നേടി. കേരള കിക്ക്ബോക്സിങ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. നടരാജിന്റെ നേതൃത്വത്തിലാണു 13 കളിക്കാരടങ്ങിയ സംഘം ചാംപ്യൻഷിപ്പിൽ പങ്കെടുത്തത്. 8 സ്വർണവും 2 വെള്ളിയും 6 വെങ്കലവുമാണു കേരള സംഘം നേടിയത്.

എന്താണ് കിക്ക്ബോക്സിങ്?

ബോക്സിങ്ങും കരാട്ടെയും സമന്വയിക്കുന്ന കായിക ഇനമാണു കിക്ക്ബോക്സിങ്. ബോക്സിങ്ങിൽ കൈകൊണ്ടുള്ള ‘പഞ്ച്’ മാത്രമേയുള്ളൂ. എന്നാൽ, കിക്ക്ബോക്സിങ്ങിൽ ബോക്സിങ്ങിലെ ‘പഞ്ചും’, കരാട്ടെയിലെ ‘കിക്കും’ ഉണ്ട്. അതായത്, കൈ ഉപയോഗിച്ച് ഇടിക്കാം, കാൽ ഉപയോഗിച്ചു ചവിട്ടാം. 1950കളിൽ ജപ്പാനിലാണു കിക്ക്ബോക്സിങ്ങിന്റെ തുടക്കം. ഫിറ്റ്നസ്, സ്വയം പ്രതിരോധിക്കുക എന്നീ കാര്യങ്ങൾക്കു വേണ്ടിയായിരുന്നു കിക്ക്ബോക്സിങ് അഭ്യസിച്ചിരുന്നത്.

പിന്നീട് അതൊരു കായിക ഇനമായി വികസിച്ചു. രാജ്യാന്തര തലത്തിൽ വിവിധ അസോസിയേഷനുകൾ ഒട്ടേറെ കിക്ക്ബോക്സിങ് ചാംപ്യൻഷിപ്പുകൾ നടത്തുന്നുണ്ട്. വേൾഡ് അസോസിയേഷൻ ഓഫ് കിക്ക്ബോക്സിങ് അസോസിയേഷന് (വാകോ) രാജ്യാന്തര ഒളിംപിക് കമ്മിറ്റി താൽക്കാലിക അംഗീകാരം നൽകിയിട്ടുണ്ട്. ഏറെ വൈകാതെ ഒളിംപിക്സിൽ കിക്ക്ബോക്സിങ് ഒരു ഇനമായി ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിലാണു കിക്ക്ബോക്സർമാർ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com