ADVERTISEMENT

കൊച്ചി∙റോഡ് അപകടങ്ങൾ തുടർക്കഥയായിട്ടും കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്ക് ആവശ്യത്തിനു ട്രെയിനോടിക്കാൻ തയാറാകാതെ റെയിൽവേ. കേരളത്തിലെ റെയിൽവേ ഡിവിഷനുകൾ ട്രെയിനുകൾ ശുപാർശ ചെയ്താലും അവ നിർത്താൻ ബെംഗളൂരുവിൽ പ്ലാറ്റ്ഫോം ഇല്ലെന്ന കാരണം പറഞ്ഞു നിഷേധിക്കുകയാണു ബെംഗളൂരു ഡിവിഷൻ ചെയ്യുന്നത്. ഒപ്പം സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ പാര കൂടി വരുന്നതോടെ കൂടുതൽ ട്രെയിൻ എന്ന കേരളത്തിന്റെ ആവശ്യം നിരാകരിക്കപ്പെടുന്നു.

ആവശ്യത്തിനു രാത്രി ട്രെയിനുകളില്ലാത്തതു കൊണ്ടാണു സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വരുന്നതെന്നു സ്ഥിരം യാത്രക്കാർ പറയുന്നു. രാത്രി ബെംഗളൂരു–കന്യാകുമാരി ഐലൻഡ് എക്സ്പ്രസിനു ശേഷം പുതിയ ട്രെയിനോടിച്ചാൽ എറണാകുളത്തു രാവിലെ എത്തിച്ചേരാൻ കഴിയും. അടിക്കടിയുണ്ടാകുന്ന റോഡപകങ്ങളുടെ പശ്ചാത്തലത്തിൽ ഏറ്റവും സുരക്ഷിതവും ചെലവു കുറഞ്ഞതുമായ യാത്രാമാർഗം ട്രെയിനാണെങ്കിലും റെയിൽവേ സഹായിക്കുന്നില്ലെന്നു കേരള ബെംഗളൂരു ട്രെയിൻ യൂസേഴ്സ് ഫോറം സെക്രട്ടറി പി.ജി.വെങ്കിടേഷ് കുറ്റപ്പെടുത്തി.

 ബെംഗളൂരു ട്രെയിനിലെ ജനറൽ കോച്ചിലെ തിരക്ക്. (ഫയൽ ചിത്രം)
ബെംഗളൂരു ട്രെയിനിലെ ജനറൽ കോച്ചിലെ തിരക്ക്. (ഫയൽ ചിത്രം)

കേരളത്തിൽ നിന്നുളള ട്രെയിനുകൾക്കു പ്ലാറ്റ്ഫോം സൗകര്യമില്ലെന്നു പറയുന്ന ദക്ഷിണ പശ്ചിമ റെയിൽവേ കർണാടകയ്ക്കുളളിൽ ബെംഗളൂരുവിലെ വിവിധ സ്റ്റേഷനുകളിൽ നിന്ന് ഒട്ടേറെ ട്രെയിനുകളാണു കഴിഞ്ഞ 4 മാസത്തിനുളളിൽ സർവീസ് ആരംഭിച്ചിരിക്കുന്നത്.ഏറ്റവും തിരക്കേറിയ ടെർമിനലുകളിലൊന്നായ യശ്വന്തപുരയിൽ നിന്നാണു മിക്ക സർവീസുകളും. ടെർമിനലുകളിലെ തിരക്ക് ഒഴിവാക്കാനെന്ന പേരിൽ േകരളത്തിൽ നിന്നുളള ട്രെയിനുകൾ യാത്രാ സൗകര്യം കുറഞ്ഞ ബാനസവാടി പോലെയുളള സ്റ്റേഷനുകളിലേക്കു മാറ്റിയാണ് ഇത് ചെയ്തത്.

വാരാന്ത്യങ്ങളിൽ ട്രെയിനിൽ‌ ടിക്കറ്റ് കിട്ടാനില്ലാത്തതിനാൽ ബസുകളിലാണ് ഇപ്പോൾ യാത്ര ചെയ്യുന്നതെന്നു ബെംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ലാൽ പ്രസാദ് പറയുന്നു. രാത്രി 11.30നു തൃശൂർ ബൈപ്പാസിൽ എത്തുന്ന സ്വകാര്യ ബസ് പുലർച്ചെ 6.15ന് ഇലക്ട്രോണിക് സിറ്റിയിൽ എത്തും. നിലം തൊടാതെ പറക്കുന്ന ഇത്തരം ബസുകളിൽ ജീവൻ കയ്യിൽപിടിച്ചാണു യാത്ര ചെയ്യുന്നതെന്നു ലാൽ പറയുന്നു. തിരുവനന്തപുരത്തിനും ബെംഗളൂരുവിനുമിടയിൽ (കോട്ടയം വഴി) പുതിയ പ്രതിദിന ട്രെയിൻ ലഭിച്ചാൽ അനുഗ്രഹമാകുമെന്നും യാത്രക്കാർ പറഞ്ഞു.

ഒരു ട്രെയിനോടിച്ചാൽ ആയിരത്തിയഞ്ഞൂറോളം പേർക്കു യാത്രാ സൗകര്യം ലഭിക്കും. സ്വകാര്യ ട്രെയിനുകളെങ്കിലും ഈ സെക്ടറിൽ ഓടിക്കാൻ റെയിൽവേ തയാറാകണമെന്ന ആവശ്യവും ശക്തമാണ്. ഏറ്റവും തിരക്കുളള ഞായറാഴ്ചകളിൽ കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്ക് ആവശ്യത്തിനു ട്രെയിനില്ല. ഹംസഫർ‍ ഞായറാഴ്ച ഓടിക്കാനുളള നടപടിയുണ്ടാകണം. ബെംഗളൂരു വഴി ഹൈദരാബാദിലേക്കു സർവീസ് ആരംഭിച്ചാൽ ഗുണകരമാകുമെന്നും സോണൽ റെയിൽവേ യൂസേഴ്സ് കമ്മിറ്റി അംഗം പി.കൃഷ്ണകുമാർ പറഞ്ഞു.

കേരളത്തിൽ നിന്നു ട്രെയിനോടിക്കണമെങ്കിൽ തിരുവനന്തപുരം, പാലക്കാട്, സേലം, ബെംഗളൂരു ഡിവിഷനുകൾ നടപടി സ്വീകരിക്കണം. ട്രെയിൻ ശുപാർശ വരുമ്പോൾ ഡിവിഷനുകൾ വിരുദ്ധ നിലപാടു സ്വീകരിക്കുന്നതും കേരളത്തിനു തിരിച്ചടിയാകുന്നു.ഹംസഫർ എക്സ്പ്രസ് പ്രതിദിനമാക്കാൻ തടസ്സം നിൽക്കുന്നതു പാലക്കാട്, സേലം ഡിവിഷനുകളാണെന്നു നേരത്തെ തന്നെ ആക്ഷേപമുണ്ട്. ബെംഗളൂരു ഡിവിഷൻ തുടക്കം മുതൽ ഇതിനെ എതിർത്തിരുന്നെങ്കിലും പിന്നീടു നിർമാണം നടക്കുന്ന ബയ്യപ്പനഹളളി ടെർമിനൽ തുറക്കുമ്പോൾ പരിഗണിക്കാമെന്ന നിലപാടു സ്വീകരിച്ചു.

എന്നാൽ ബയ്യപ്പനഹളളി ടെർമിനൽ വരുന്നതു കാത്തു നിൽക്കാതെ തന്നെ ട്രെയിൻ പ്രതിദിനമാക്കാൻ കഴിയുമായിരുന്നുവെന്നാണ് ഇപ്പോൾ കർണാടകയിൽ നടക്കുന്ന ട്രെയിൻ ഉദ്ഘാടനങ്ങൾ സൂചിപ്പിക്കുന്നത്. കേരളത്തിന്റെ അടിയന്തര ആവശ്യങ്ങളിലൊന്നാണെങ്കിലും സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയിരുന്നെങ്കിൽ കൂടുതൽ ട്രെയിൻ സർവീസുകൾ നേരത്തെ തന്നെ ലഭിക്കുമായിരുന്നുവെന്നു യാത്രക്കാരുടെ സംഘടനകൾ പറയുന്നു.

മുഖ്യമന്ത്രി ഈ ആവശ്യമുന്നയിച്ചു റെയിൽവേ മന്ത്രിയെ കാണണമെന്നും ഇവർ പറയുന്നു. റെയിൽവേ ബോർഡ് ഉത്തരവാണെങ്കിൽ തടസ്സവാദങ്ങൾ ഉന്നയിക്കാതെ നടപ്പാക്കേണ്ട ചുമതലയും സോണുകൾക്കുണ്ടാകും. കത്തയക്കുന്നതല്ലാതെ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ കേരളത്തിനു കഴിയുന്നില്ല.

പണം തുച്ഛം ഗുണം മെച്ചം

എറണാകുളം ബെംഗളൂരു ട്രെയിൻ ടിക്കറ്റ് നിരക്ക് ബസുമായി തട്ടിച്ചു നോക്കിയാൽ വളരെ കുറവാണ്. സ്ലീപ്പറിൽ 360, തേഡ് എസി 970, സെക്കൻഡ് എസി 1380 എന്നിങ്ങനെയാണു നിരക്കെങ്കിൽ സ്വകാര്യ ബസുകൾ 1800 മുതൽ 3000 വരെയാണു ഈടാക്കുന്നത്. ഉത്സവ സീസണിൽ 4000 രൂപ വരെ ബസുകൾ ഈടാക്കുന്നുണ്ട്.ഹംസഫർ എക്സ്പ്രസിൽ തിരക്കു കൂടുമ്പോൾ നിരക്ക് ഉയരുന്ന ഡൈനാമിക് പ്രൈസിങാണെങ്കിലും 1500 രൂപയ്ക്ക് എറണാകുളം ടിക്കറ്റ് ലഭിക്കും

ഈ ‍‍ഞായറാഴ്ച തിരുവനന്തപുരത്ത് നിന്നു ബെംഗളൂരുവിലേക്കു ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചാൽ വെയ്റ്റ് ലിസ്റ്റ് ഇങ്ങനെ
∙കന്യാകുമാരി– ബെംഗളൂരു ഐലൻഡ് എക്സ്പ്രസ് – സ്ലീപ്പർ– 271, തേഡ് എസി–98
∙കൊച്ചുവേളി–മൈസൂരു എക്സ്പ്രസ്– സ്ലീപ്പർ 390, തേഡ് എസി– 97

നാട്ടിലേക്കും തിരിച്ചുമുളള ടിക്കറ്റുകൾ മാസങ്ങൾക്കു മുൻപു ബുക്ക് ചെയ്താൽ മാത്രമാണു കിട്ടുന്നതെന്നു ബെംഗളുരുവിൽ സൈക്കോളജി വിദ്യാർഥിനിയായ അൻസ മേരി സക്കറിയ പറയുന്നു. റിസർവേഷൻ ആരംഭിക്കുന്ന ആദ്യദിവസം തന്നെ ടിക്കറ്റുകൾ തീരുന്നതോടെ പിന്നീട് അധിക നിരക്കു നൽകി ബസുകളെ ആശ്രയിക്കേണ്ടി വരും. ഓണം, ക്രിസ്മസ് പോലെയുളള സീസൺ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞതു 2 മാസം മുൻപു ടിക്കറ്റ് ബുക്ക് ചെയ്താലേ നാട്ടിലേക്കുളള യാത്ര നടക്കൂ. വെയ്റ്റ് ലിസ്റ്റ് ടിക്കറ്റ് അവസാന നിമിഷം കൺഫേം ആയില്ലെങ്കൽ ആ സമയം ബസുകളിൽ കഴുത്തറപ്പൻ നിരക്കു നൽകി യാത്ര ചെയ്യേണ്ട ദുരവസ്ഥയുമുണ്ടാകും.

ഇപ്പോൾ ബെംഗളൂരുവിൽ‍ നിന്നു തെക്കൻ കേരളത്തിലേക്കുളള അവസാന ട്രെയിൻ രാത്രി 8 മണിക്കാണു പുറപ്പെടുന്നത്. എറണാകുളം, കോട്ടയം ഭാഗത്തേക്കു പോകുന്നവർക്കായി രാത്രി 10 മണിക്കു പുറപ്പെടുന്ന തരത്തിൽ പുതിയ സർവീസ് ആരംഭിക്കണമെന്നു സ്ഥിരം യാത്രക്കാരനായ ജോബി ലൂക്കോസ് പറഞ്ഞു. തിരുവനന്തപുരം ഭാഗത്തേക്കുളള ട്രെയിനുകളിലെ തിരക്കു കുറയ്ക്കാനും കൂടുതൽ പേർക്കു ടിക്കറ്റ് ലഭിക്കാനും ഇതു വഴിയൊരുക്കും. അതേ പോലെ തിരികെ ബെംഗളൂരുവിൽ രാവിലെ 7 മണിയോടെ എത്തുന്ന രീതിയിലും സർവീസ് വേണം. എറണാകുളത്തു പുതിയ പിറ്റ്‌ലൈൻ സൗകര്യം വന്ന സാഹചര്യത്തിൽ എറണാകുളം–ബെംഗളൂരു സർവീസിനാകണം റെയിൽവേ മുൻഗണന നൽകേണ്ടതെന്നും ജോബി പറഞ്ഞു.

5 കാര്യങ്ങൾ

കൊച്ചുവേളി–ബാനസവാടി ഹംസഫർ പ്രതിദിനമാക്കുക

ആഴ്ചയിൽ 2 ദിവസം മാത്രമുളള കൊച്ചുവേളി–ബാനസവാടി ഹംസഫർ പ്രതിദിനമാക്കണമെന്ന അപേക്ഷ ഏറെക്കാലമായി റെയിൽവേ ബോർഡിനു മുൻപിലുണ്ട്. ബയ്യപ്പനഹളളി ടെർമിനൽ വന്നാൽ മാത്രമേ ഇതു ചെയ്യൂവെന്നാണു ബെംഗളൂരു ഡിവിഷന്റെ നിലപാട്. എന്നാൽ ഈ ട്രെയിനിന്റെ ടെർമിനൽ യശ്വന്തപുരയിലേക്കോ മറ്റ് എവിടേക്കെങ്കിലുമോ മാറ്റിയാൽ ഇപ്പോൾ തന്നെ പ്രതിദിനമാക്കാൻ കഴിയും.

ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ െഡക്കർ കേരളത്തിലേക്കു നീട്ടുക

ഇപ്പോൾ കാലിയായി ഓടുന്ന ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ ഷൊർണൂരിലേക്കു നീട്ടുക. പാലക്കാട് അറ്റകുറ്റപ്പണി സൗകര്യമില്ലെന്ന പേരിലാണു ട്രെയിൻ നീട്ടാത്തത്. എന്നാൽ ചെന്നൈ–ബെംഗളൂരു ഡബിൾ ഡെക്കർ സർവീസുമായി ഇതിനെ ബന്ധിപ്പിച്ചാൽ അറ്റകുറ്റപ്പണി ചെന്നൈയിലേക്കു മാറ്റാൻ കഴിയും.

കൊച്ചുവേളി– യശ്വന്തപുര ഗരീബ് രഥിന്റെ സർവീസ് ദിവസങ്ങൾ മാറ്റുക

ഇപ്പോൾ ഇടദിവസങ്ങളിൽ സർവീസ് നടത്തുന്ന ഈ ട്രെയിൻ വെളളിയാഴ്ച ബെംഗളൂരുവിൽ നിന്നും ഞായറാഴ്ച കേരളത്തിൽ നിന്നും പുറപ്പെടുന്ന രീതിയിൽ പുനക്രമീകരിക്കണം. ഇതിന്റെ അറ്റകുറ്റപ്പണി യശ്വന്തപുരയിൽ നിന്നു കൊച്ചുവേളിയിലേക്കു മാറ്റണം. കൊച്ചുവേളിയിൽ ഇതിനുളള സൗകര്യം ലഭ്യമാണ്. ഇതിനു ടൈം സ്ലോട്ട് (പാത്ത്) ലഭ്യമായതിനാൽ പാലക്കാട്, സേലം ഡിവിഷനുകൾക്ക് എതിർക്കാൻ കഴിയില്ല.

കൊച്ചുവേളി– ഹുബ്ബാലി പ്രതിവാര സർവീസ് ആഴ്ചയിൽ 3 ദിവസമാക്കുക

ആഴ്ചയിലൊരിക്കലുളള ഈ ട്രെയിൻ ഇടദിവസം ഇതേ ടൈം സ്ലോട്ടിലുളള കൊച്ചുവേളി യശ്വന്തപുര എസി എക്സ്പ്രസ് റദ്ദാക്കി ആഴ്ചയിൽ 3 ദിവസമാക്കുക. ബെംഗളൂരു വഴിയുളള സർവീസായതിനാൽ മലയാളി യാത്രക്കാർക്കും ഏറെ പ്രയോജനമാകും.

മലബാറിൽ നിന്നു പുതിയ ബെംഗളൂരു ട്രെയിൻ

മലബാറിൽ നിന്നു ബെംഗളൂരുവിലേക്കു ട്രെയിൻ വേണമെന്ന ആവശ്യവുമായി ചെല്ലുന്ന എംപിമാരെ പറഞ്ഞു പറ്റിക്കുന്നതല്ലാതെ ഇതുവരെയും സർവീസ് തുടങ്ങാൻ ദക്ഷിണ റെയിൽവേയ്ക്കു കഴിഞ്ഞിട്ടില്ല. കഴിഞ്ഞിടെ നടന്ന യോഗത്തിൽ എം.കെ.രാഘവൻ എംപിക്കു പുതിയ ഇന്റർസിറ്റി ഓടിക്കുമെന്നു ദക്ഷിണ റെയിൽവേ അധികൃതർ ഉറപ്പു നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

കൂടുതൽ സമ്മർദം ചെലുത്തും

ബെംഗളുരൂവിലേക്കു കൂടുതൽ ട്രെയിൻ വേണമെന്ന കാര്യത്തിൽ സംശയമില്ല. കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് ഞാൻ കേന്ദ്രമന്ത്രിയായിരുന്ന സമയത്തു അനുവദിച്ചതാണ്.അതു പ്രതിദിനമാക്കാൻ റെയിൽവേ ബോർഡിൽ കൂടുതൽ സമർദം ചെലുത്തും.എറണാകുളം–കായംകുളം പാത ഇരട്ടിപ്പിക്കൽ വേഗത്തിൽ പൂർത്തിയാക്കാതെ കോട്ടയം വഴി കൂടുതൽ ട്രെയിനുകളോടിക്കാൻ കഴിയില്ല.
∙ അൽഫോൻസ് കണ്ണന്താനം എംപി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com