ADVERTISEMENT

കാക്കനാട്∙ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പു ശൃംഖലയിൽ ഇനിയും കണ്ണികളുണ്ടെന്ന് അന്വേഷണ സംഘം. കസ്റ്റഡിയിൽ വിട്ടുകിട്ടിയ മുഖ്യപ്രതി കലക്ടറേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദിനെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ പേരെ സംശയിക്കാവുന്ന വിവരങ്ങൾ ക്രൈംബ്രാഞ്ചിനു കിട്ടിയത്. 

വിഷ്ണുവിന്റെ വെളിപ്പെടുത്തൽ അന്വേഷണ ഉദ്യോഗസ്ഥർ പൂർണമായും വിശ്വസിക്കുന്നില്ലെങ്കിലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദ പരിശോധന നടത്താനാണ് തീരുമാനം.  ,വിഷ്ണു സൂചിപ്പിച്ച വ്യക്തികളെക്കുറിച്ച് ക്രൈംബ്രാഞ്ച്  അന്വേഷിക്കുന്നുണ്ട്. ജില്ലാ ഭരണ സംവിധാനത്തിലെ ഒരു എൽഡി ക്ലാർക്ക് മാത്രമായിരുന്നെങ്കിലും ദുരിതാശ്വാസ ഫണ്ട് വിതരണ വിഭാഗം വിഷ്ണുവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആയിരുന്നു. ഇതു മുതലെടുത്താണ് ഫണ്ട് വെട്ടിപ്പിനു വിഷ്ണു  തന്ത്രം തയാറാക്കിയത്. 

കലക്ടറേറ്റിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തതിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വിഷ്ണു മൊഴി നൽകിയെന്നാണ് സൂചന. പല ഫയലുകളും സൂപ്രണ്ടും ഡപ്യൂട്ടി കലക്ടറും കണ്ടിട്ടില്ല. കലക്ടറേറ്റിലെ ഫയൽ നീക്കത്തിൽ മേൽനോട്ട വീഴ്ച ഗുരുതരമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കലക്ടറേറ്റിൽ ചട്ടപ്രകാരമുള്ള ഫയൽ നീക്കം നാലു തലത്തിലാണ്  നടക്കേണ്ടത്.  പ്രളയാനന്തര നടപടികളുമായി ബന്ധപ്പെട്ട ഭൂരിഭാഗം ഫയലുകളും ഈ നടപടിക്രമം പാലിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്.

ക്ലാർക്ക് എഴുതുന്ന ഫയൽ ജൂനിയർ സൂപ്രണ്ട് പരിശോധിച്ചു അഭിപ്രായം രേഖപ്പെടുത്തി ഡപ്യൂട്ടി കലക്ടർക്കു കൈമാറണം. ഫയൽ കുറ്റമറ്റതാക്കി കലക്ടർക്കു സമർപ്പിക്കേണ്ട ചുമതല ഡപ്യൂട്ടി കലക്ടർക്കാണ്. എന്നാൽ പ്രളയ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്യുന്ന പല ഫയലുകളും ക്ലാർക്ക് നേരിട്ടു കലക്ടർക്കു സമർപ്പിച്ചെന്നാണ് വിവരം. അടിയന്തര സാഹചര്യം പരിഗണിച്ചു ഈ ഫയലുകളിൽ കലക്ടർ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. 

മഹേഷിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പു കേസിൽ അറസ്റ്റിലായ കൊല്ലം സ്വദേശി ബി.മഹേഷിന്റെ കാക്കനാട്ടെ വീട്ടിൽ അന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തി. ഏതാനും ബാങ്ക് പാസ് ബുക്കുകൾ മാത്രമേ ലഭിച്ചുള്ളു. തിരിച്ചറിയൽ കാർഡുകൾ ഉൾപ്പെടെ മറ്റെല്ലാ രേഖകളും കൊല്ലത്തെ വീട്ടിലേക്കു കൊണ്ടുപോയെന്നാണ് മഹേഷിന്റെ വിശദീകരണം. 

തട്ടിപ്പു കേസിൽ പ്രതിയാണെന്ന കാര്യം പുറത്തറിഞ്ഞതോടെ ഭീഷണി ഉണ്ടായെന്നും ഇതുമൂലം കാക്കനാട്ടെ വീട് പൂട്ടി കൊല്ലത്തേക്കു പോയപ്പോൾ അത്യാവശ്യം രേഖകൾ കൂടെ കൊണ്ടുപോയെന്നുമാണ് മഹേഷ് പൊലീസിനോടു പറഞ്ഞത്. തട്ടിപ്പുകേസിൽ പിടികിട്ടാനുള്ള ഭാര്യ നീതു എവിടെയാണെന്ന് അറിയില്ലെന്നും മഹേഷ് പറഞ്ഞു. നീതു, ഒളിവിൽ കഴിയുന്ന അൻവർ,  ഭാര്യ കൗലത്ത് എന്നിവരെയും പൊലീസ് തിരയുന്നുണ്ട്. മുൻകൂർ ജാമ്യ‌ാപേക്ഷയിൽ തീരുമാനം വരുന്നതുവരെ അൻവർ കീഴടങ്ങില്ലെന്നാണ് സൂചന. കൗലത്തും അതുവരെ കാത്തുനിൽക്കാനാണ് സാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com