ADVERTISEMENT

കൊച്ചി∙ പിറന്നാൾ സമ്മാനമായി നൃത്തശിൽപം തയാറാക്കി അയച്ച ആരാധികയെ ശബ്ദസന്ദേശത്തിലൂടെ അഭിനന്ദിച്ചു നടൻ മോഹൻലാൽ. പറവൂർ സ്വദേശിനിയും യുവജനോത്സവ പ്രതിഭയുമായ അമൃതവർഷ കണ്ണനാണു പ്രിയ താരത്തിനായി നൃത്തശിൽപം ഒരുക്കിയത്. ‘മോഹൻലാൽ’ എന്ന മഞ്ജുവാരിയർ ചിത്രത്തിലെ ഗാനം പശ്ചാത്തലമാക്കി അമൃതവർഷ തയാറാക്കിയ നൃത്തശിൽപം നടൻ സലിംകുമാർ മുഖേന ലാലിന് അയച്ചു.

ആശംസാപുഷ്പം : മോഹൻലാലിന്റെ അറുപതാം ജന്മദിനത്തിൽ റോസാപ്പൂ സമർപ്പിക്കാനെത്തിയ പറവൂർ സ്വദേശിനി അമ്യതവർഷ എളമക്കരയിൽ ലാലിന്റെ വസതിക്കു മുൻപിൽ. ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ

നൃത്തം മനോഹരമായെന്നും പിറന്നാൾ സമ്മാനമായി അതു സ്വീകരിക്കുന്നെന്നുമാണു താരം ആരാധികയ്ക്കു നൽകിയ മറുപടി. ‘എപ്പോഴെങ്കിലും നേരിട്ടു കാണാൻ ഭാഗ്യമുണ്ടാകട്ടെ’ എന്ന പ്രതീക്ഷയും മോഹൻലാൽ ശബ്ദസന്ദേശത്തിലൂടെ പങ്കുവച്ചു. ഇതേത്തുടർന്നു ലാലിന്റെ എളമക്കരയിലെ വസതിക്കു മുന്നിലെത്തിയ അമൃതവർഷ ഗേറ്റിനു മുന്നിൽ റോസാപുഷ്പങ്ങൾ അർപ്പിച്ചു. ലാലേട്ടനു നൽകിയതായി സങ്കൽപിച്ചാണു പൂക്കൾ വച്ചതെന്നും താരത്തിന്റെ കടുത്ത ആരാധികയാണെന്നും അമൃതവർഷ പറഞ്ഞു.

മോഹൻലാലിന് ആദരമായി സംസ്കൃത ഗാനം

കൊച്ചി∙  ഷഷ്ടിപൂർത്തി നിറവിലെത്തിയ മോഹൻലാലിന്  സംസ്കൃത ഗാനവുമായി സംഗീതാദരമൊരുക്കി  സ്റ്റീഫൻ ദേവസി. നടനും സംവിധായകനുമായ രമേഷ് പിഷാരടിക്കൊപ്പം ചേർന്നാണു സ്റ്റീഫൻ ഈ സംഗീത വിഡിയോ തയ്യാറാക്കിയത്. ‘സുഖമോ ജയതേ...’ എന്നു തുടങ്ങുന്ന  ഗാനം സംഗീതം നൽകി ആലപിച്ചിരിക്കുന്നതു സ്റ്റീഫൻ തന്നെ. കീ ബോർഡിസ്റ്റായി ലോകം അറിയുന്ന സ്റ്റീഫൻ ആലപിച്ച് റെക്കോർഡ് ചെയ്യുന്ന ആദ്യ ഗാനം കൂടിയാണിത്. സ്റ്റീഫന്റെ  മുംബൈയിലെ ഫ്ലാറ്റിലെ സ്റ്റുഡിയോയിലാണു പാട്ടും പശ്ചാത്തല സംഗീതവുമെല്ലാം റിക്കോർഡ് ചെയ്തത്.

പശ്ചാത്തല സംഗീതം പൂർണമായും ഒരുക്കിയതു കീബോർഡിൽ . ധനേഷ് നമ്പൂതിരിയാണു സംസ്കൃതം വരികൾ എഴുതിയത്. ഗാനത്തിന്റെ തുടക്കത്തിൽ മോഹൻലാലിന്റെ  ജീവിതം വരച്ചിടുന്ന ശബ്ദവിവരണം രമേഷ് പിഷാരടിയുടേതാണ്. മോഹൻലാലിന്റെ  സൂപ്പർ ഹിറ്റ് കഥാപാത്രങ്ങൾ അണിനിരക്കുന്ന ഗാനത്തിന്റെ വിഡിയോയിൽ  സ്റ്റീഫനൊപ്പം പിഷാരടിയുമുണ്ട്.നിർമ്മൽ ജിൽസണാണു  എഡിറ്റിങ് നിർവഹിച്ചത്. ‘ലാലേട്ടാ... ഞാൻ ഒരു കടുംകൈ ചെയ്യുകയാണ്. എനിക്കറിയാവുന്ന ഒരു ഭാഷയിലെയും വാക്കുകൾ പോരാതെ വരുന്നു മോഹൻലാൽ എന്ന മഹാനടനെ വിശേഷിപ്പിക്കാൻ . അതുകൊണ്ട് പിറന്നാൾ ആശംസിക്കാൻ ഞാൻ കുറച്ചു സംസ്കൃതം കടം വാങ്ങി’- ഗാനം അവതരിപ്പിച്ചുകൊണ്ട്  സ്റ്റീഫൻ കുറിച്ചതിങ്ങനെ. ഗാനം ആസ്വദിച്ച മോഹൻലാൽ  സ്റ്റീഫനെ അഭിനന്ദനം അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com