ADVERTISEMENT

മുളന്തുരുത്തി ∙ സ്ത്രീകൾക്ക് അഭയമൊരുക്കുന്നതിനു കോടികൾ മുടക്കി നിർമിച്ച നിർഭയ കേന്ദ്രം കെട്ടിടം നശിക്കുന്നു. വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടം ഇന്ന് സാമൂഹിക വിരുദ്ധരുടെ താവളമായി മാറിക്കഴിഞ്ഞു. ഡൽഹി നിർഭയ കേസിന്റെ പശ്ചാത്തലത്തിൽ അശരണരായ സ്ത്രീകൾക്കു വാസം ഒരുക്കാൻ സാമൂഹികനീതി വകുപ്പ് ആരംഭിച്ച നിർഭയ പദ്ധതിക്കായി ആദ്യം നിർമിച്ച കെട്ടിടമാണ് ഇന്നും താഴുവീണു കിടക്കുന്നത്.എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ആരക്കുന്നത്ത് 1.20 കോടി മുടക്കിയാണ് കേന്ദ്രത്തിനായി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. ആരക്കുന്നം വെൽഫെയർ ട്രസ്റ്റ് ജില്ലാ പഞ്ചായത്തിനു നൽകിയ സ്ഥലത്തായിരുന്നു നിർമാണം. പണികൾ പൂർത്തിയാക്കി, കഴിഞ്ഞ തദ്ദേശ സ്വയംഭരണ വകുപ്പ് തിരഞ്ഞെടുപ്പിനു മുൻപായി ഉദ്ഘാടനവും നടത്തി. എന്നാൽ 5 വർഷം കഴിഞ്ഞിട്ടും അഭയം തേടി ആരും ഇവിടെ എത്തിയിട്ടില്ല.

കാക്കനാട് വാഴക്കാലായിൽ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന നിർഭയ കേന്ദ്രത്തിലെ അന്തേവാസികളെ ഇവിടേക്കു മാറ്റുമെന്നായിരുന്നു ഉദ്ഘാടന സമയത്ത് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ജോലിക്കാരായ അന്തേവാസികൾക്കു ദിവസവും ആരക്കുന്നത്ത് വന്നുപോകുന്നതു ബുദ്ധിമുട്ടായതിനാൽ നീക്കം പാളി. കെട്ടിട നിർമാണത്തിനു മുൻപേ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതിരുന്നതാണു പദ്ധതിയുടെ താളം തെറ്റിച്ചത്. തുടർന്നു കാക്കനാട് തന്നെ പുതിയ കേന്ദ്രം നിർമിച്ചതോടെ ആരക്കുന്നത്തെ കെട്ടിടം സാമൂഹികനീതി വകുപ്പും മറന്നു. വർഷങ്ങളായി പൂട്ടിക്കിടക്കുന്നു കെട്ടിടം നശിച്ചു തുടങ്ങിയതോടെ മറ്റു പദ്ധതികൾക്ക് ഉപയോഗിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. ഒരു വർഷം മുൻപു തേജോമയ പദ്ധതിക്കായി കെട്ടിടം പ്രയോജനപ്പെടുത്തുമെന്നു വാഗ്ദാനം വന്നെങ്കിലും അതും നടപ്പായിട്ടില്ല.

നശിക്കുന്ന സൗകര്യങ്ങൾ

100 സ്ത്രീകളെ വരെ താമസിപ്പിക്കാൻ ഒരുക്കിയ കേന്ദ്രത്തിൽ ഷട്ടിൽ കോർട്ട്, കൗൺസലിങ് സെന്റർ, അടുക്കള, ഭക്ഷണമുറി, തൊഴിൽ പരിശീലന കേന്ദ്രം, കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. അനുബന്ധ വൈദ്യുതി ഉപകരണങ്ങളും സ്ഥാപിച്ചിരുന്നു. എന്നാൽ ഉപയോഗിക്കാതെ ഉപകരണങ്ങൾ പലതും നശിച്ചു. കാടുകയറി കിടക്കുന്ന കെട്ടിടം ഇന്ന് ഇഴ‍ജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമായി മാറി. ശല്യം രൂക്ഷമായതിനാൽ കെട്ടിടം ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 നിർഭയകേന്ദ്രം വളപ്പിലെ തൊഴിൽ പരിശീലന കേന്ദ്രം കാടുകയറിയ നിലയിൽ.
നിർഭയകേന്ദ്രം വളപ്പിലെ തൊഴിൽ പരിശീലന കേന്ദ്രം കാടുകയറിയ നിലയിൽ.

വരുമോ തേജോമയ?

ചിൽഡ്രൻസ് ഹോമുകളിൽ നിന്നു തിരഞ്ഞെടുക്കുന്ന പ്രായപൂർത്തിയായ പെൺകുട്ടികളെ സ്വയംപര്യാപ്തരാക്കാൻ തൊഴിൽ പരിശീലനം നൽകുന്ന പദ്ധതിയാണു തേജോമയ.സാമൂഹികനീതി, തൊഴിൽ നൈപുണ്യ വകുപ്പുകൾ ചേർന്നു നടത്തുന്ന പദ്ധതി ആരക്കുന്നത്തെ നിർഭയകേന്ദ്രം കെട്ടിടത്തിൽ ആരംഭിക്കാനാണ് ഒടുവിലത്തെ തീരുമാനം. ഇതിനായി കഴിഞ്ഞ ദിവസം വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. അറ്റകുറ്റപ്പണികൾ തീർത്തു തിരഞ്ഞെടുപ്പിനു മുൻപ് പദ്ധതി ആരംഭിക്കാനുള്ള തീവ്രശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com