ADVERTISEMENT

വൈപ്പിൻ∙ മനുഷ്യക്കടത്തിനെതിരെ അമേരിക്കയിൽ സ്ഫടിക ശിൽപമൊരുക്കി എടവനക്കാട് സ്വദേശിനി. കാൻസസിലെ പ്രശസ്തമായ ലൈക്കിൻസ് സ്ക്വയർ പാർക്കിലാണു മനഃസാക്ഷിയെ നോവിക്കുന്ന സന്ദേശവുമായി ശിൽപങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. മനുഷ്യക്കടത്തിനിരയായി ജീവിതം ഹോമിക്കപ്പെട്ട നൂറുകണക്കിനു പെൺകുട്ടികളുടെ വേദനകളാണ് ഹസ്ന സാൽ ഒരുക്കിയ ശിൽപങ്ങളിൽ പ്രതിഫലിക്കുന്നത്. എടവനക്കാട് കിഴക്കേവീട്ടിൽ കുടുംബാംഗമായ ഹസ്നയുടേത് അമേരിക്കയിൽ മനുഷ്യക്കടത്ത് ഇരകൾക്കുള്ള ഏക സ്മാരകം കൂടിയാണിത്. 

ദുഃഖക്കടത്ത്

പണ്ടുമുതലേ മനുഷ്യക്കടത്തിന് കുപ്രസിദ്ധി നേടിയ കാൻസസിലേക്കു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണു യുവതികളെ കടത്തിക്കൊണ്ടുവന്നിരുന്നത്. നിർബന്ധിച്ച് ലഹരിമരുന്നിന് അടിമകളാക്കപ്പെടുന്ന ഇവർ ചൂഷണങ്ങൾക്കിരയാകുകയും 25 വയസ്സ് പിന്നിടും മുൻപേ അനാരോഗ്യം മൂലവും വെടിയുണ്ടകൾക്കിരയായും മരണത്തിനു കീഴടങ്ങുന്നതുമായിരുന്നു പതിവ്. 

ഉടഞ്ഞ ചില്ലുകൾ

ക്രൂര പീഡനങ്ങൾക്കിരയായിരുന്ന പെൺകുട്ടികളുടെ ദൈന്യത നേരിട്ടു ബോധ്യപ്പെട്ടതിനെത്തുടർന്നാണ് ആ ജീവിതം ലോക ശ്രദ്ധയിൽപ്പെടുത്താനായി സ്മാരകം നിർമിക്കുകയെന്ന ആശയത്തിലേക്കു ഹസ്ന എത്തിയത്. ദേവാലയങ്ങളുടെ മുഖമുദ്രയായ ചിത്രപ്പണികളുള്ള സ്ഫടികജാലകങ്ങളെ അനുസ്മരിപ്പിക്കുന്ന ഇൻസ്റ്റലേഷനാണ് ഒരുക്കിയത്.

ബുള്ളറ്റ്പ്രൂഫ് ആർട് 

ഇൻസ്റ്റലേഷൻ തയാറായപ്പോൾ പാർക്കിലെ വിളക്കുകാലുകളിൽ സ്ഥാപിക്കുന്നതിനും ഉണ്ടായി തടസ്സങ്ങൾ. ഭയപ്പെടുത്തി പിന്മാറ്റാൻ മാഫിയാസംഘങ്ങൾ പാർക്കിൽ വെടിവെയ്പ് രംഗങ്ങൾ വരെ സൃഷ്ടിച്ചു. ഹൻസയ്ക്കു പിന്തുണയുമായി സുഹൃത്തുക്കളും കേരള അസോസിയേഷൻ ഓഫ് കാൻസസ് സിറ്റിയും ഒപ്പം നിന്നു. ഒടുവിൽ കഴിഞ്ഞ 24ന് കാൻസാസ് മേയർ സ്മാരകം  അനാച്ഛാദനം ചെയ്തു. ദിവസങ്ങൾക്കുള്ളിൽ തന്നെ സ്മാരകം നശിപ്പിച്ചുകളയുമെന്ന ഭീഷണി മനുഷ്യക്കടത്ത് സംഘങ്ങൾ മുഴക്കി. ഇതോടെ തന്റെ സൃഷ്ടികൾക്ക് ബുള്ളറ്റ്പ്രൂഫ് ചില്ലുകൾ ഉപയോഗിച്ച് സംരക്ഷണകവചം ഒരുക്കാനും ഹസ്ന നിർബന്ധിതയായി. അതിനുവേണ്ട 6000 ഡോളർ കണ്ടെത്താൻ തന്റെ ഗാലറിയിൽ മാസങ്ങളുടെ അധ്വാനം കൊണ്ടു തയാറാക്കിയ വിലയേറിയ ശിൽപങ്ങൾ കോവിഡ് കാലത്തെ കുറഞ്ഞ വിലയ്ക്കു വിറ്റു.

സ്ഫടികഭംഗി

മുംബൈയിലെയും പിന്നീട് സൗദി അറേബ്യ, അമേരിക്ക, ഹോളണ്ട് എന്നിവിടങ്ങളിലെയും സ്ഥാപനങ്ങളിൽ എൻജിനീയറിങ് രംഗത്ത് ഉന്നത പദവികൾ വഹിച്ചിരുന്ന കെ.എം.സക്കരിയയുടെയും ഖദീജയുടെയും മകളായ  ഹസ്നയുടെ വിദ്യാഭ്യാസം വിവിധ രാജ്യങ്ങളിലായിരുന്നു. ബോസ്റ്റനിൽ നിന്ന് ആർക്കിടെക്ചർ ബിരുദമെടുത്തു. പിന്നീട് ഹാർവഡ് സർവകലാശാലയിൽ നിന്നു ലാൻഡ്സ്കേപ്പ് ആർക്കിടെക്ചറിൽ ബിരുദാനന്തര ബിരുദം. യാദൃച്ഛികമായി പരീക്ഷിക്കാനിടയായ സ്ഫടികം കലയിലെ ഇഷ്ടമാധ്യമമായി മാറി. 17 വർഷത്തോളമായി ഈ രംഗത്തു സജീവമാണ്. ഭർത്താവ്: കാഞ്ഞിരപ്പിള്ളി സ്വദേശിയും അമേരിക്കയിൽ കാർഡിയോളജിസ്റ്റുമായ ഡോ.താജു സലാം. മകൻ: പത്താം ക്ലാസ് വിദ്യാർഥി ആരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com