ADVERTISEMENT

കിഴക്കമ്പലം∙  നാട്ടുകാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പായ മാഞ്ചേരിക്കുഴി പാലം യാഥാർഥ്യത്തിലേക്ക്. തൃക്കാക്കര - കുന്നത്തുനാട് നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പടിഞ്ഞാറെ മോറയ്ക്കാലയിലാണ് മാഞ്ചേരിക്കുഴി പാലം. നിർമാണം പൂർത്തിയായാൽ പള്ളിക്കരയിൽ നിന്നു ഇൻഫോപാർക്കിലേക്ക് വേഗത്തിലെത്തിച്ചേരാം. കടമ്പ്രയാറിലെ വിനോദ സഞ്ചാര വികസനത്തിനും സാധ്യത തെളിയും. ജില്ലാ കേന്ദ്രമായ കാക്കനാട്ടേക്ക് മിനിറ്റുകൾ കൊണ്ട് എത്താം. മനയ്ക്കക്കടവ് പാലത്തിലെ തിരക്ക് ഒഴിവാക്കാനും പാലം സഹായകമാകും.  

കോലഞ്ചേരി, പാങ്കോട്, പഴന്തോട്ടം, പറക്കോട്, മോറയ്ക്കാല വഴി യാത്ര എളുപ്പമാവും. പടിഞ്ഞാറെ മോറയ്ക്കാലയിൽ നിന്നു അര മണിക്കൂർ നടന്നാൽ ഇൻഫോപാർക്ക്, സ്മാർട് സിറ്റി പ്രദേശങ്ങളിലേക്ക് എത്തിച്ചേരാനാകും. ഇവിടേക്കുള്ള ദൂരം 6 കിലോമീറ്റർ വരെ കുറയും. ഇപ്പോൾ  മോറയ്ക്കാല, പള്ളിക്കര, കാക്കനാട് വഴി  മണിക്കൂറുകൾ സഞ്ചരിച്ചാണ് ഇവിടെ എത്തുന്നത്. പാലം തുറക്കുന്നതോടെ പള്ളിക്കര, മോറയ്ക്കാല പ്രദേശങ്ങളുടെ വൻ വികസനത്തിനും കളമൊരുങ്ങും. 

വീണ്ടും ചിറകു മുളച്ചു

പടിഞ്ഞാറെ മോറയ്ക്കാല  താളിക്കല്ല് ഭാഗത്തു നിന്ന് ചെറുവഞ്ചിയിൽ കയറി എറണാകുളത്തേക്ക് പോകുന്ന ദുരിതത്തെ തുടർന്നാണ് മാഞ്ചേരിക്കുഴി പാലം എന്ന ആശയം ഉടലെടുത്തത്. നബാർഡിന്റെ ഫണ്ട് ഉപയോഗിച്ച്  ടെൻഡർ ചെയ്ത് പണി ആരംഭിച്ചതാണ്.  എന്നാൽ പാലത്തിന്റെ ഉയരം 10 മീറ്റർ വേണമെന്ന ആവശ്യവുമായി ചിലർ രംഗത്തു വന്നതോടെ നിർമാണം നിർത്തിവച്ചു.  2017 ഡിസംബർ 11 നാണ് നിർമാണം പുനരാരംഭിച്ചത്.  

ഒന്നര വർഷത്തിനുള്ളിൽ നിർമാണം തീർക്കുമെന്ന് ഉദ്ഘാടന വേളയിൽ മന്ത്രി ജി.സുധാകരൻ പറഞ്ഞിരുന്നെങ്കിലും നടന്നില്ല. കോവിഡും 2018, 2019 വർഷങ്ങളിലെ കാലവർഷവും നിർമാണത്തെ  ബാധിച്ചു.12 കോടി മുടക്കിയാണ് പാലം നിർമിക്കുന്നത്. പാലത്തിന്റെ നിർമാണം ഇതിനോടകം 90 ശതമാനവും പൂർത്തിയായി. നിർമാണം വേഗത്തിലാക്കി മാർച്ചിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കരാറുകാർ.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com