ADVERTISEMENT

മരട്  ∙ കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ മരട് ന്യൂക്ലിയസ് മാളിനു സമീപം രാവിലെ ആറരയോടെ ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രിക തൃശൂർ നെല്ലിക്കുന്ന് മൂലംകുളം വീട്ടിൽ ജനറ്റ് (ജോമോൾ– 50) മരിച്ചു. അവരെ ആശുപത്രിയിലെത്തിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ തൃപ്പൂണിത്തുറ തെക്കുംഭാഗം കരിയാപറമ്പ് നന്ദനത്തിൽ എം.വി. തമ്പി(58) മടങ്ങുംവഴി ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മതിലിലിടിച്ചു മരിച്ചു.

കാർ ഡ്രൈവ് ചെയ്തിരുന്ന,  അനുജൻ സാൻഗിയെ(45) ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിക്ക് അടിയിൽപെട്ട കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഡോർ വെട്ടിപ്പൊളിച്ചാണ് ജോമോളെ പുറത്തെടുക്കാനായത്. ആശുപത്രിയിലെത്തും മുൻപ‌ു മരിച്ചു. ഫാർമസിസ്റ്റ് ആയ ജോമോൾ അവിവാഹിതയാണ്. സംസ്കാരം പിന്നീട്. പിതാവ് പരേതനായ വർഗീസ്. മാതാവ്: എൽസി. മറ്റു സഹോദരങ്ങൾ: കുഞ്ഞുമോൾ, സുമോൾ. 

ആശുപത്രിയിൽനിന്നു തമ്പിക്കൊപ്പം ഓട്ടോയിലുണ്ടായിരുന്ന രക്ഷാപ്രവർത്തകൻ ഓട്ടോ പാളുന്നതു കണ്ട‌ു ചാടിയതിനാൽ അപകടത്തിൽപ്പെട്ടില്ല. ജോമോളെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്കു തന്നെയാണു തമ്പിയെയും കൊണ്ടുപോയത്. അവിടെയെത്തുംമുൻപ‌ു മരണം സംഭവിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പരേതരായ വാസുവിന്റെയും ലക്ഷ്മിയുടെയും മകനാണ് തമ്പി. ഭാര്യ: ഗിരിജ. മക്കൾ: ഗീതു, ശ്രുതി. മരുമകൻ: വിനീത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്.

രക്ഷിക്കാൻ ശ്രമിച്ചയാളും രക്തസാക്ഷിയായി

തൃപ്പൂണിത്തുറ ∙ ‘നീ അവർക്ക് വെള്ളം കൊടുത്തിരുന്നോ? ’ ഓട്ടോറിക്ഷയുടെ പിറകിൽ ഇരുന്ന ചിത്തരഞ്ജനോട് എം.വി. തമ്പി ചോദിച്ചു. ‘വെള്ളം കുറച്ചു കൊടുത്തിരുന്നു; ഇത്തിരി കുടിച്ചു’– ചിത്തരഞ്ജൻ പറഞ്ഞു. പിഎസ് മിഷൻ ആശുപത്രിയിൽ എത്തിച്ചു മടങ്ങുമ്പോഴായിരുന്നു തമ്പിയുടെ ആ ചോദ്യം. അതു തന്നെയായിരുന്നു അവസാനത്തേതും. ‘മരട് കൊട്ടാരം ജംക്‌ഷനിലെ വളവ് കഴിഞ്ഞതും ഓട്ടോറിക്ഷയ്ക്ക് പെട്ടെന്നു സ്പീഡ് കൂടി.

ഓട്ടോറിക്ഷ ഒരു വശത്തേക്ക് ചരിഞ്ഞതോടെ ഞാൻ ചാടി രക്ഷപ്പെട്ടു. പിന്നെ മതിലിലേക്കു ഇടിച്ചു കയറി. ആളുകളെ വിളിച്ചു കൂട്ടി ആശുപത്രിയിൽ എത്തിച്ചു. പക്ഷേ...’ ചിത്തരഞ്ജന്റെ വാക്കുകൾ മുറിഞ്ഞു. അപകടത്തിൽ പരുക്കേറ്റ ജനറ്റിനെയും കൊണ്ട‌ു തമ്പിയുടെ ഓട്ടോറിക്ഷയിൽ കയറിയതാണ് ഗാന്ധി സ്ക്വയറിൽ താമസിക്കുന്ന ഒഡ‌ീഷ സ്വദേശിയായ ചിത്തരഞ്ജൻ. മടക്കയാത്രയിൽ ഇവർ രണ്ടു പേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മരിക്കുന്നതിന് തൊട്ട് മുൻപ് പോലും മറ്റുള്ളവരുടെ അവസ്ഥയെ കുറിച്ചായിരുന്നു തമ്പി സംസാരിച്ചത്.

എല്ലാവർക്കും പ്രിയങ്കരനായിരുന്നു തമ്പിയെന്നു ഓട്ടോറിക്ഷ സ്റ്റാൻഡിലെ സുഹൃത്തുക്കൾ പറയുന്നു. എപ്പോൾ വിളിച്ചാലും ഓട്ടം പോകും, വളരെ അധ്വാന ശീലം ഉള്ളയാളായിരുന്നു. രാവിലെ വന്നാൽ രാത്രി 11 വരെയൊക്കെ ഓടിയ ദിവസങ്ങളുണ്ട്. ഓട്ടോറിക്ഷ ഓടിക്കുന്നത‌ു മാത്രമല്ല. തനിക്ക് ചെയ്യാൻ സാധിക്കുന്ന ഏതൊരു പണിക്കു‌ം പോകാൻ യാതൊരു മടിയും തമ്പിക്ക് ഇല്ലായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അടുത്ത ചങ്ങാതിയുടെ മരണം ഇനിയും അവർക്ക് ഉൾക്കൊള്ളാൻ ആയിട്ടില്ല.

മരട് ഞെട്ടി

∙ പുലർച്ചെ ഉണ്ടായ അപകട വാർത്തയറിഞ്ഞ് മരട് ഞെട്ടി. ന്യൂക്ലിയസ് മാളിനു കിഴക്കു വശത്തായിരുന്നു ആദ്യ അപകടം. ചോറ്റാനിക്കരയിലെ മൂത്ത സഹോദരിയെയും കുടുംബത്തെയും കാണാൻ കാറിൽ പുറപ്പെട്ടതായിരുന്നു ജനറ്റും സാൻഗിയും. കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

ലോറി റിവേഴ്സ് എടുത്തു കാർ പുറത്തെടുത്തെങ്കിലും ഇരുവരെയും രക്ഷിക്കുക പ്രയാസമായിരുന്നു. ഡോർ വെട്ടിപ്പൊളിച്ചാണ് അവരെ പുറത്തെടുത്തത്. ആ സമയം എത്തിയ തമ്പിയുടെ ഓട്ടോറിക്ഷയിലാണ് ജനറ്റിനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചത്. തിരികെവരും വഴി കൊട്ടാരം ജംക്‌ഷനിലെ വളവിലാണ് ഓട്ടോ മതിലിൽ ഇടിച്ചത്. തൃപ്പൂണിത്തുറ സ്റ്റാച്യു സ്റ്റാൻഡിലെ ഡ്രൈവറാണ് തമ്പി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com