ADVERTISEMENT

കൊച്ചി ∙ തൊണ്ണൂറാം വയസ്സിൽ സുകുമാരൻ വോട്ടു ചെയ്യും, കന്നി വോട്ട്. വടുതലയിൽ താമസിക്കുന്ന വി.എ. സുകുമാരനാണ് (90) ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടു ചെയ്യാൻ പോകുന്നത്. എന്തേ ഇത്ര വൈകിയെന്നു ചോദിച്ചാൽ സുകുമാരൻ പറയും– ‘എനിക്ക് ഈ രാഷ്ട്രീയക്കാരെയൊന്നും വലിയ ഇഷ്ടമില്ല’. വോട്ടു വൈകാൻ അതു മാത്രമല്ല കാരണം. രേഖകളൊക്കെ ശരിയായി വോട്ടവകാശം കയ്യിൽ കിട്ടിയത് ഇപ്പോഴാണ്. മരടാണു സുകുമാരന്റെ നാട്. ചെറുപ്പത്തിലെ അവിടം വിട്ടു. കറവക്കാരനായിരുന്നു. കുറച്ചു കറവപ്പശുക്കളെ സ്വന്തമായി വളർത്തി പാൽ കച്ചവടം നടത്തി.

കൊച്ചിയുടെ പല ഭാഗങ്ങളിൽ വാടക വീടുകളിലായിരുന്നു അക്കാലത്ത് താമസം. കൃത്യമായ വിലാസവും രേഖകളും ഒന്നുമില്ലാത്തതിനാൽ വോട്ടർ പട്ടികയിൽ കയറിയില്ല. വടുതലയിൽ താമസിക്കാൻ തുടങ്ങിയിട്ട് 52 വർഷമായി. ഇതിനിടെ വാടക വീടുകൾ പലതു മാറി. 30 വർഷം മുൻപു ഭാര്യ മരിച്ചു. 2 മക്കളും സംസ്ഥാനത്തിനു പുറത്താണ്. വടുതലയിലെ ഒരു ഹോട്ടലിൽ കാഷ്യറെ സഹായിക്കുകയാണ് ഇപ്പോൾ. 66–ാം ബൂത്തിലെ ബിഎൽഒ ആയ പീറ്റർ വിവേരയാണ് ഇത്തവണ പേരു ചേർക്കാൻ സുകുമാരനെ സഹായിച്ചത്.

വാർധക്യ പെൻഷനു വേണ്ടി ശ്രമിച്ചപ്പോൾ സുകുമാരന്റെ കൈവശം ഒരു രേഖയുമില്ല. പെൻഷന് ആധാർ നിർബന്ധം. എന്നാൽ, സുകുമാരന്റെ കയ്യിൽ വോട്ടർ തിരിച്ചറിയൽ കാർഡ് പോലുമില്ല. ജനറൽ ആശുപത്രിയിൽ നിന്നു ഡോക്ടർ പ്രായം തെളിയിക്കുന്ന രേഖ നൽകി. ഇപ്പോൾ താമസിക്കുന്ന വിലാസത്തിലേക്കു വന്ന കത്തിന്റെ അടിസ്ഥാനത്തിൽ സ്ഥിര താമസക്കാരനാണെന്നതിന്റെ തെളിവു ഹാജരാക്കി. ഇതോടെ, വോട്ടർ പട്ടികയിൽ പേരു ചേർക്കാനായി. വോട്ടർ തിരിച്ചറിയൽ കാർഡു കിട്ടി. അങ്ങനെ തൊണ്ണൂറാം വയസ്സിൽ സുകുമാരൻ വോട്ടറായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com