ADVERTISEMENT

കൊച്ചി ∙ പരസ്യപ്രചാരണത്തിന്റെ പൊടിയടങ്ങിയെങ്കിലും വോട്ടെടുപ്പിന്റെ തലേദിനമായ ഇന്നലെയും സ്ഥാനാർഥികൾ തിരക്കിൽ തന്നെയായിരുന്നു. ഒരുവട്ടം കൂടി വോട്ടർമാർക്കിടയിലേക്ക്; ശബ്ദ ഘോഷങ്ങളില്ലാതെ. 

 വൈപ്പിൻ 

യുഡിഎഫ് സ്ഥാനാർഥി ദീപക് ജോയ് ചെറായി കയർ സഹകരണ സംഘം പോലുള്ള സ്ഥാപനങ്ങളിലും ബൂത്ത് കമ്മിറ്റി ഓഫിസുകളിലുമെത്തി വോട്ടെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്തു. എൽഡിഎഫ് സ്ഥാനാർഥി കെ.എൻ‍. ഉണ്ണിക്കൃഷ്ണൻ വയോധികരെയും അസുഖം മൂലം വീടുകളിൽ വിശ്രമിക്കുന്നവരെയും കാണാനാണ് ഇന്നലെ കൂടുതൽ സമയം മാറ്റിവച്ചത്. എൻഡിഎ സ്ഥാനാർഥി കെ.എസ്.ഷൈജു സമുദായ നേതാക്കൾ, സഹപാഠികൾ, അധ്യാപകർ, അഭിഭാഷക മേഖലയിലെ സുഹൃത്തുക്കൾ തുടങ്ങിയവരെ സന്ദർശിച്ചു. ട്വന്റി 20 സ്ഥാനാർഥി ഡോ.ജോബ് ചക്കാലയ്ക്കൽ ദേവാലയങ്ങൾ സന്ദർശിച്ചു.

 കോതമംഗലം

സ്ഥാപനങ്ങൾ സന്ദർശിച്ചു വോട്ടഭ്യർഥിക്കാനാണു യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറം സമയം ചെലവിട്ടത്. യുഡിഎഫ് അവലോകന യോഗത്തിലും പങ്കെടുത്തു. എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ വിവിധ കോളജുകളിലും മറ്റു സ്ഥാപനങ്ങളിലും വോട്ടു തേടി. സ്വകാര്യ സന്ദർശനങ്ങളും നടത്തി. എൻഡിഎ സ്ഥാനാർഥി ഷൈൻ കെ.കൃഷ്ണൻ കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ, കല്ലേലിമേട് എന്നിവിടങ്ങളിൽ ഗൃഹസന്ദർശനത്തിലായിരുന്നു. ട്വന്റി 20 സ്ഥാനാർഥി ഡോ. ജോ ജോസഫ് പരിചയക്കാരെ സന്ദർശിച്ചും നഗരത്തിലെ കടകളിലെത്തിയും വോട്ടു തേടി.

 പറവൂർ

യുഡിഎഫ് സ്ഥാനാർഥി വി.ഡി.സതീശൻ വീടുകൾ, ക്ഷേത്രങ്ങൾ, ദേവാലയങ്ങൾ എന്നിവ സന്ദർശിച്ചു. എസ്എൻഡിപി യൂണിയൻ ഓഫിസ് സന്ദർശിച്ച എൽഡിഎഫ് സ്ഥാനാർഥി എം.ടി.നിക്സൺ പ്രമുഖ വ്യക്തികളെ കണ്ടു വോട്ടു തേടി. എൻഡിഎ സ്ഥാനാർഥി എ.ബി.ജയപ്രകാശ് പ്രമുഖ വ്യക്തികളെ കണ്ടു. 

 പെരുമ്പാവൂർ

യുഡിഎഫിലെ എൽദോസ് കുന്നപ്പിളളി പുല്ലുവഴി ജ്യോതി ദർശന, കൂവപ്പടി കോളനി, താന്നിപ്പുഴ അനിത വിദ്യാലയത്തോടു ചേർന്നുള്ള മഠം, നിറപറ, എൻഎസ്എസ്, എസ്എൻഡിപി ഓഫിസുകൾ എന്നിവ സന്ദർശിച്ചു. എൽഡിഎഫ് സ്ഥാനാർഥി ബാബു ജോസഫ് വല്ലം ഫൊറോന പള്ളി, സാൻജോ നഴ്സിങ് സ്കൂൾ, നെടുങ്ങപ്ര പള്ളി, കൂവപ്പടി ബത്‌ലഹേം അഭയ ഭവൻ എന്നിവിടങ്ങൾ സന്ദർശിക്കാനാണു സമയം ചെലവിട്ടത്. എൻഡിഎ സ്ഥാനാർഥി ടി.പി. സിന്ധു മോൾ പ്രധാന വ്യക്തികളെ കണ്ടു പിന്തുണ അഭ്യർഥിച്ചു. ട്വന്റി20 സ്ഥാനാർഥി ചിത്ര സുകുമാരൻ ഒക്കലിലെ ആരാധനാലയങ്ങൾ സന്ദർശിച്ചു. 

 ആലുവ

നെടുമ്പാശേരി, എടത്തല, കാഞ്ഞൂർ, കീഴ്മാട് പഞ്ചായത്തുകളിൽ പെട്ട വിവിധ പ്രദേശങ്ങളും കോളനികളും സന്ദർശിച്ചു വോട്ട് അഭ്യർഥിക്കാൻ യുഡിഎഫ് സ്ഥാനാർഥി അൻവർ സാദത്ത് സമയം കണ്ടെത്തി. എൽഡിഎഫ് സ്ഥാനാർഥി ഷെൽന നിഷാദ് മണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും ആലുവ നഗരസഭയിലും ഓരോ മണിക്കൂർ വീതം ചെലവഴിച്ചു. എൻഡിഎ സ്ഥാനാർഥി എം.എൻ. ഗോപി ഇന്നലെ 2 ക്ഷേത്രങ്ങളും കോളനികളും വീടുകളും സന്ദർശിച്ചു വോട്ടു തേടി. 

 കളമശേരി 

യുഡിഎഫ് സ്ഥാനാർഥി വി. ഇ.അബ്ദുൽ ഗഫൂർ കടുങ്ങല്ലൂർ കുന്നിൽ ക്ഷേത്രത്തിന് സമീപമുള്ള ചാല കോളനി, കടേപ്പിള്ളി കോളനി, കിഴക്കേ കടുങ്ങല്ലൂർ, വെളിഞ്ഞിൽ മന, ഏലപ്പിള്ളി മന, നെടുമാലി, കണിയാംകുന്ന് കോളനി എന്നിവിടങ്ങളിൽ വോട്ടു തേടി. എൽഡിഎഫ് സ്ഥാനാർഥി പി.രാജീവ് കളമശേരി നഗരസഭ പരിധിയിലെ റസിഡൻഷ്യൽ കോളനികളിലെ 150 വീടുകളിലും ഏലൂർ, മഞ്ഞുമ്മൽ മേഖലയിലെ നൂറോളം വീടുകളിലും വോട്ടഭ്യർഥിച്ചു. എൻഡിഎ സ്ഥാനാർഥി പി.എസ്.ജയരാജ് തൃക്കാക്കര, കടുങ്ങല്ലൂർ, കുന്നുകര, ബിനാനിപുരം മേഖലകൾ സന്ദർശിച്ചു. 

 പിറവം

വ്യക്തിഗത സന്ദർശനങ്ങൾക്കാണു യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബ് ഇന്നലെ മുൻഗണന നൽകിയത്. ഇലഞ്ഞിയിലും പാമ്പാക്കുടയിലും സ്വകാര്യ സ്ഥാപനങ്ങളിൽ വോട്ടു തേടി. എൽഡിഎഫിലെ ഡോ.സിന്ധു മോൾ ജേക്കബ് ഇലഞ്ഞി, എടയ്ക്കാട്ടുവയൽ, മണീട് പഞ്ചായത്തുകളിൽ വിവിധ കോളനികൾ സന്ദർശിച്ചു. എൻഡിഎ സ്ഥാനാർഥി എം.ആശിഷ് പിറവം ടൗണിൽ വോട്ടു തേടിയെത്തി. 

 തൃക്കാക്കര

യുഡിഎഫ് സ്ഥാനാർഥി പി.ടി.തോമസ് നടൻ മമ്മൂട്ടിയെ വസതിയിൽ സന്ദർശിച്ചു വോട്ട് അഭ്യർഥിച്ചു. ഭവന സന്ദർശനങ്ങൾക്കാണു തോമസ് പ്രാധാന്യം കൊടുത്തത്. എൽഡിഎഫിലെ ഡോ.ജെ.ജേക്കബ് വീടുകളിലെത്തി വോട്ട് അഭ്യർഥിച്ചു. പ്രധാന വ്യക്തികളെ ഫോണിൽ വിളിച്ചു വോട്ടു തേടി. എൻഡിഎ സ്ഥാനാർഥി എസ്.സജി ഗൃഹ സമ്പർക്ക പരിപാടി തുടർന്നു. പ്രധാന വ്യക്തികളെ ഫോണിൽ വിളിച്ചു. ട്വന്റി 20 സ്ഥാനാർഥി ഡോ.ടെറി തോമസ് ഇടത്തൊട്ടി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചു വോട്ടർമാരെ സന്ദർശിച്ചു. 

 കൊച്ചി

കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മണി പ്രധാന നേതാക്കളും പ്രവർത്തകരുമായി ഫോണിൽ വോട്ടെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി. വോട്ടർമാരെ ഫോണിൽ വിളിച്ചു. എൽഡിഎഫിലെ കെ.െജ.മാക്സി തോപ്പുംപടി, ചെല്ലാനം ഭാഗങ്ങളിൽ ഏതാനും വീടുകളും കോൺവന്റുകളും സന്ദർശിച്ചു. വൈകിട്ടു മൂലങ്കുഴി ആശ്രമം സന്ദർശിച്ചു. എൻഡിഎ സ്ഥാനാർഥി സി.ജി.രാജഗോപാൽ രാവിലെ മട്ടാഞ്ചേരി ബസാർ സന്ദർശിച്ചു. തീർഥാടന കേന്ദ്രമായ കൂനൻകുരിശു പള്ളിയിലെത്തി അനുഗ്രഹം തേടി. ട്വന്റി 20 സ്ഥാനാർഥി ഷൈനി ആന്റണി കോൺവന്റുകൾ സന്ദർശിച്ചു. 

 അങ്കമാലി 

യുഡിഎഫ് സ്ഥാനാർഥി റോജി എം.ജോൺ മഞ്ഞപ്ര പള്ളിയിലെത്തി ഏബ്രഹാം മാർ സേവേറിയോസിനെ സന്ദർശിച്ചു. യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തി. എൽഡിഎഫ് സ്ഥാനാർഥി ജോസ് തെറ്റയിൽ പനമ്പ് നെയ്ത്ത് കേന്ദ്രങ്ങൾ, മിഠായി നിർമാണ യൂണിറ്റ് എന്നിവ സന്ദർശിച്ചു. നേതാക്കളുമായും പ്രവർത്തകരുമായും ആശയവിനിമയം നടത്തി. എൻഡിഎ സ്ഥാനാർഥി കെ.വി.സാബു കാലടി അദ്വൈതാശ്രമവും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും സന്ദർശിച്ചു.

 തൃപ്പൂണിത്തുറ

യുഡിഎഫ് സ്ഥാനാർഥി കെ.ബാബു മണ്ഡലത്തിലെ വിവിധ മേഖലകളിലെത്തി പ്രമുഖരെ നേരിൽക്കണ്ടു. ബൂത്തുതല പ്രവർത്തകരുമായി കൂടിയാലോചനകൾ നടത്തി. എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് നേതാക്കളെയും പ്രവർത്തകരെയും കണ്ട് അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി. എൻഡിഎ സ്ഥാനാർഥി ഡോ.കെ.എസ്.രാധാകൃഷ്ണൻ മണ്ഡലത്തിലെ 18 ക്ഷേത്രങ്ങളിൽ ദർശനം നടത്തി. ഭവന സന്ദർശനവും നടത്തി. 

 മൂവാറ്റുപുഴ

യുഡിഎഫിലെ മാത്യു കുഴൽനാടൻ പ്രമുഖ വ്യക്തികളെയും സംഘടനകളുടെ ഭാവാഹികളെയും സമുദായ നേതാക്കളെയും സന്ദർശിച്ചു. മൂവാറ്റുപുഴ സർക്കാർ സശുപത്രിയിലെത്തി ജീവനക്കാരെയും രോഗികളെയും കണ്ടു.      എൽ‍ഡിഎഫിലെ എൽദോ ഏബ്രഹാം, വാളകം, ആയവന, പോത്താനിക്കാട്, മഞ്ഞള്ളൂർ, പൈങ്ങോട്ടൂർ, കല്ലൂർക്കാട്, ആവോലി പ‍ഞ്ചായാത്തുകളിലും പാലക്കുഴ, ആരക്കുഴ, മാറാടി, പഞ്ചായത്തുകളിലും മൂവാറ്റുപുഴ നഗരസഭയിലും വോട്ടർമാരെ കണ്ടു. എൻഡിഎയിലെ ജിജി ജോസഫ് വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചു.  ട്വന്റി20 സ്ഥാനാർഥി സി.എൻ.പ്രകാശ് കോളനികളിലാണു പ്രചാരണം നടത്തിയത്. 

 കുന്നത്തുനാട്

യുഡിഎഫിലെ വി.പി.സജീന്ദ്രൻ ഭവന സന്ദർശനം നടത്തി. എൽഡിഎഫിലെ പി.വി.ശ്രീനിജിൻ സുഹൃത്തുകളെയും ബന്ധുക്കളെയും ഫോണിൽ വിളിച്ചു പിന്തുണ തേടി. എൻഡിഎയിലെ രേണു സുരേഷ് ഛത്തീസ്ഗഡിൽ നക്സലൈറ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ജീവൻ വെടിഞ്ഞ ജവാൻമാർക്കു പട്ടിമറ്റത്ത് ആദരാഞ്ജലിയർപ്പിച്ചു. ട്വന്റി 20 സ്ഥാനാർഥി സുജിത് പി.സുരേന്ദ്രൻ ഐരാപുരം റബർ പാർക്കും കാവുങ്ങപ്പറമ്പിലെ വ്യവസായ സ്ഥാപനവും സന്ദർശിച്ചു. 

 എറണാകുളം

യുഡിഎഫ് സ്ഥാനാർഥി ടി.ജെ.വിനോദ് ചിറ്റൂർ കുരിശുപള്ളി ജംക്‌ഷൻ, ചേരാനെല്ലൂർ പള്ളിക്കവല, സരിത ജംക്‌ഷൻ എന്നിവിടങ്ങളിൽ ഭവന സന്ദർശനം നടത്തി. എൽഡിഎഫിലെ ഷാജി ജോർജ് പ്രണത എളമക്കര ടഗോർ ലെയ്ൻ, ചുള്ളിക്കാട്, കായപ്പള്ളി, തേവര, പെരുമാനൂർ തുടങ്ങി വിവിധ മേഖലകളിൽ ഗൃഹ സന്ദർശനം നടത്തി. എൻഡിഎ സ്ഥാനാർഥി പദ്മജ എസ്.മേനോൻ താൻ നൃത്തം പഠിച്ച വിദ്യാലയത്തിലെത്തി ഗുരു കലാമണ്ഡലം മണിയുടെ അനുഗ്രഹം തേടി. ട്വന്റി20 സ്ഥാനാർഥി പ്രഫ.ലെസ്‌ലി പള്ളത്ത് കുടുംബസമേതം പള്ളികൾ സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com