ADVERTISEMENT

കൊച്ചി ∙ വോട്ട് ചെയ്തശേഷം എളവൂർ സെന്റ് ആന്റണീസ് യുപി സ്‌കൂളിന്റെ മുറ്റത്തെ പ്ലാവിൻ ചുവട്ടിൽ നിന്ന അൽപ നേരത്തിനിടെ ആൽബിൻ ഏബ്രഹാം പലപ്രാവശ്യം ആറ് ബിയിലേക്ക് കണ്ണുപായിച്ചു. കുട്ടിക്കാലം ഓർമകളുടെ കൈപിടിച്ചു മനസ്സിലേക്കു കയറിവരുന്നതിനിടെ, മുങ്ങിത്താഴ്ത്തുന്ന ഒരു ശ്വാസം മുട്ടൽ ആൽബിനെ പെട്ടെന്ന് ഓർമപ്പെടുത്തി. ‘വേണ്ട, ഇനിയൊന്നും ഓർക്കണ്ട’, എത്രയും വേഗം അവിടെനിന്നു പോകണമെന്നു തോന്നുന്നതിനിടെയും യുവാവ് ഒന്നുകൂടി നോക്കി ആറ് ബിയിലേക്ക്.

2007 ഫെബ്രുവരി 20നു തട്ടേക്കാട് ബോട്ട് ദുരന്തം പെരിയാറിന്റെ ആഴങ്ങളിലേക്കു കൊണ്ടുപോയത് ആ ക്ലാസിൽ ആൽബിന്റെയൊപ്പമുണ്ടായിരുന്ന നാലുപേരെയാണ്. അതിൽ ഇരട്ടകളായ രണ്ടുപേർ. ബാക്കിയുള്ള പലർക്കും പരുക്ക്. അന്ന് എളവൂർ സെന്റ് ആന്റണീസ് യുപി സ്‌കൂളിൽ നിന്നു വിനോദയാത്രയ്‌ക്കു പുറപ്പെട്ടവരിൽ 15 വിദ്യാർഥികളും മൂന്ന് അധ്യാപകരും ഉൾപ്പെടെ 18 പേരെയാണു മരണം റാഞ്ചിയത്.

കേരളം വിറങ്ങലിച്ചുനിന്നുപോയ ദുരന്തം. പനിയായതിനാൽ താനും മറ്റൊരു സഹപാഠിയും വിനോദ യാത്രയ്ക്കു പോയില്ലെന്ന് ഇപ്പോൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ റൺവേ ലൈറ്റിങ് ഇലക്ട്രിക്കൽ വിഭാഗത്തിൽ ജോലിചെയ്യുന്ന എളവൂർ തെക്കിനേത്ത് ആൽബിൻ ഏബ്രഹാം പറഞ്ഞു.

ഇന്നലെ സെന്റ് ആന്റണീസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ പലരുടെയും മനസ്സിൽ ആ ദുരന്ത സ്മരണകൾ വിങ്ങിയിരിക്കാം. ഓരോ തവണയും സ്കൂളിലെത്തുമ്പോൾ ആ കുഞ്ഞ് മാലാഖ മുഖങ്ങൾ മനസ്സിലേക്ക് ചിറകടിച്ച് എത്തും. തങ്ങളുടെ ഓമനകളുടെ വിവരങ്ങളും കാത്ത് കരളുലഞ്ഞ് എത്തിയ മാതാപിതാക്കളും ഉറ്റവരും വട്ടംകൂടിനിന്നതും ആ പ്ലാവിൻ ചുവട്ടിലാണ്. ഇന്നലെ വോട്ടുചെയ്യാനെത്തിയതിൽ അവരിൽ ചിലരുമുണ്ടായിരുന്നു. ഓർമകൾ ഉള്ളിൽ തളച്ചിട്ട് നിൽക്കുന്ന ആ പ്ലാവിന്റെ ചുവട്ടിൽ ചൂട് തിളയ്ക്കുന്നതിനിടെ തണൽതേടി പലരും നിന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com