ADVERTISEMENT

 കുന്നത്തുനാട്

പ്രചാരണദിനങ്ങളിലെന്നപോലെ വോട്ടെടുപ്പു ദിനത്തിലും കുന്നത്തുനാട് തിളച്ചുതന്നെ. ആദ്യ ഒന്നര മണിക്കൂറിൽ 7.74 ശതമാനമായിരുന്നു പോളിങ് എങ്കിൽ ഓരോ മണിക്കൂറിലും അതു ക്രമാനുഗതമായി ഉയർന്നു. 12 മണിയോടെ പോളിങ് ശതമാനം 42 ലെത്തി, ഒന്നരയോടെ 50% കടന്നു. ജില്ലയിലാദ്യം 50% പിന്നിട്ട മണ്ഡലമായി കുന്നത്തുനാട്. കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെ ഹരിതബൂത്തിൽ  ഉച്ചയ്ക്കു 12നു ശേഷവും വൻതിരക്കാണ് അനുഭവപ്പെട്ടത്.6നു ശേഷം കോവിഡ് പോസിറ്റീവ് വോട്ടർമാർ എത്തുമ്പോഴേക്കു മണ്ഡലത്തിൽ പോളിങ് 77% കവിഞ്ഞിരുന്നു. രാത്രി 8.15നു ലഭിച്ച കണക്കുപ്രകാരം 80.99 ആയിരുന്നു പോളിങ് ശതമാനം. 

ernakulam-aroor-school-voters
അരൂർ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ ബൂത്തിൽ വോട്ടർമാരുടെ നീണ്ട നിര.

 തൃക്കാക്കര 

പോരാട്ടച്ചൂടിലും പ്രചാരണ തന്ത്രങ്ങളിലും മികവിന്റെ മണ്ഡലമായിരുന്ന തൃക്കാക്കര പോളിങ്ങിൽ ജില്ലയിൽ പുലർത്തിയതു ശരാശരി നിരക്ക്. ആദ്യത്തെ ഒന്നര മണിക്കൂറിൽ പോളിങ് 8.54 ശതമാനത്തിലെത്തി. 10 മണിയോടെ  22.71 ശതമാനവും ഉച്ചയ്ക്ക് 1.30ന് 46 ശതമാനവുമായിരുന്നു പോളിങ്. 2 മണിക്കാണിവിടെ പോളിങ് 50% കടന്നത്. 5.30നു പോളിങ് 66.82% ആയി. രാത്രി 8.15നു ലഭിച്ച കണക്കുപ്രകാരം  69.27 ആയിരുന്നു പോളിങ് ശതമാനം. 

 തൃപ്പൂണിത്തുറ

ജില്ലയിൽ മത്സരത്തിന്റെ കടുപ്പംകൊണ്ടു ശ്രദ്ധേയമായ തൃപ്പൂണിത്തുറ മണ്ഡലത്തിൽ തുടക്കത്തിൽ മികച്ച പോളിങ് നിരക്കായിരുന്നു. ആദ്യ ഒന്നര മണിക്കൂറിൽ 8.13 ശതമാനം പേർ വോട്ടു രേഖപ്പെടുത്തിയ മണ്ഡലത്തിൽ പള്ളുരുത്തി, ഇടക്കൊച്ചി, തൃപ്പൂണിത്തുറ, ഉദയംപേരൂർ, പനങ്ങാട് മേഖലകളിലെല്ലാം വലിയതോതിൽ വോട്ടർമാരെത്തി. 10.10ന് 23.77% ആയിരുന്നു പോളിങ്. ആ സമയത്തു ജില്ലയിൽതന്നെ ഏറ്റവും മികച്ച പോളിങ് ഇവിടെയായിരുന്നു.

12.10നു 41.78ശതമാനത്തിലെത്തിയ പോളിങ് ഉച്ചയ്ക്ക് ഒന്നരയ്ക്കു ശേഷം 50% കടന്നു. 4 മണിക്ക് 63.79, 5.30ന് 70.51 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം. രാത്രി 8.15നു ലഭിച്ച കണക്കുപ്രകാരം 73.11 ആയിരുന്നു പോളിങ് ശതമാനം. 

 ആലുവ

രാവിലെ മന്ദഗതിയിൽ തുടങ്ങിയ വോട്ടെടുപ്പിൽ ആദ്യ മണിക്കൂറിലെ പോളിങ് ശതമാനം 6.02. 10നുശേഷം ക്രമേണ ഉയർന്ന പോളിങ് രണ്ടോടെ 52%ൽ ഏറെയായി. നാലരയ്ക്കു മഴയും കാറ്റും വന്നതു ചില സ്ഥലങ്ങളിൽ വോട്ടെടുപ്പിന് അൽപം തടസ്സം സൃഷ്ടിച്ചു. 5.30നു പോളിങ് ശതമാനം 72.22% ആയി. അവസാനിക്കുമ്പോൾ 75.39%. 

 അങ്കമാലി

കടുത്ത ചൂട് അങ്കമാലിയിലെ പോളിങ്ങിനെ ബാധിച്ചില്ല. ഒന്നരയോടെ മൊത്തമുള്ള വോട്ടർമാരിൽ പകുതിപ്പേരെയും ബൂത്തുകളിൽ എത്തിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കായി. രാവിലെ എട്ടിന് 5.46% ആണ് രേഖപ്പെടുത്തിയത്. എന്നാൽ പത്തിനുശേഷം കൂടുതൽ വോട്ടർമാർ എത്തിയതോടെ 22.4% ആയി. ഒരു മണിയോടെ ജില്ലയിൽ പോളിങ് ശതമാനം ഉയർന്ന മണ്ഡലങ്ങളിൽ അങ്കമാലി രണ്ടാം സ്ഥാനത്തെത്തി 47.6% രേഖപ്പെടുത്തി. 1.30ന് പോളിങ് 50% കടന്നു. നാലിന് 65.32%വും അഞ്ചിന് 69.07% ആയും പോളിങ് ഉയർന്നു. അവസാന മണിക്കൂറിൽ പോളിങ് 76.08% ആയി.

 പെരുമ്പാവൂർ

‌രാവിലെ മുതലുള്ള കടുത്ത വെയിലിലും വൈകിട്ടത്തെ മഴയിലും ഉൾപ്പെടെ ഉയർന്ന പോളിങ് തടസ്സപ്പെടാതെ പെരുമ്പാവൂർ മണ്ഡലം. ആദ്യ ഒരു മണിക്കൂറിൽ 5.25% ആയിരുന്ന പോളിങ് ഉച്ചയ്ക്ക് 12ന് 33.34% . കടുത്ത വെയിലിൽ പോളിങ് ഉയരുന്ന കാഴ്ചയായിരുന്നു പിന്നീട്. അടുത്ത ഒരു മണിക്കൂറിനുള്ളിൽ 14% ഉയർന്നു 47.46% ആയി. പിന്നെ അൽപം മന്ദഗതിയിലായെങ്കിലും രണ്ടു മണിക്കൂറിനുള്ളിൽ 55.52% ആയി. ബാക്കിയുള്ള 3 മണിക്കൂറിനുള്ളിൽ 20% കൂടി. രാത്രി 8.15നു ലഭിച്ച കണക്കുപ്രകാരം 76.32 ആയിരുന്നു പോളിങ് ശതമാനം.

 വൈപ്പിൻ

പ്രചാരണത്തിൽ ആദ്യം മുതൽ കണ്ട ശാന്തത തിരഞ്ഞെടുപ്പു ദിവസവും വൈപ്പിൻ കാത്തു സൂക്ഷിച്ചു. ആദ്യമണിക്കൂറിൽ രേഖപ്പെടുത്തിയ വോട്ടുകളിൽ നല്ലൊരു ശതമാനം ഒരു മണിക്കു മുൻപേ ബാലറ്റ് യൂണിറ്റിൽ കയറിയിരുന്നു. 50% അതിനകം പോൾ ചെയ്തു. അവസാന വോട്ടു നില 74.72. സ്ത്രീവോട്ടർമാരുടെ സാന്നിധ്യം രാവിലെ മുതൽ ബൂത്തുകളിൽ കണ്ടു. 

 പറവൂർ

തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ അത്ഭുതകരമായ പ്രതികരണം കണ്ട മണ്ഡലമാണു പറവൂർ. 12 മണിക്കു മുൻപേ 45% പോളിങ് പലയിടങ്ങളിലും രേഖപ്പെടുത്തി. ഒരുഘട്ടത്തിൽ പോളിങ് 80% പിന്നിടുമെന്നു പ്രതീക്ഷ രാഷ്ട്രീയപാർട്ടികളിലുണ്ടാക്കി. പോളിങ് അവസാനിച്ചപ്പോൾ 77.15 ശതമാനമാണു തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ട വോട്ടിങ് നില.

 കളമശേരി

തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി ജില്ലയിലെ മറ്റുമണ്ഡലങ്ങളിൽ കണ്ടതിനെക്കാൾ ‘നെഗറ്റീവ് സ്വഭാവം’ പ്രചാരണ രംഗത്തു കണ്ട മണ്ഡലത്തിൽ ആദ്യം മുതൽ നിഴലിച്ച വീറും വാശിയും തിരഞ്ഞെടുപ്പു ദിവസവും അണപൊട്ടി. ബൂത്തുതല പ്രവർത്തനത്തിൽ മുന്നണികൾ നന്നായി വിയർപ്പൊഴുക്കിയതിന്റെ ഫലം തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളി‍ൽ തന്നെ ബൂത്തുകളി‍ൽ പ്രകടമായി. അന്തിമ വോട്ടിങ് നില 75.83. 

 കോതമംഗലം 

കൊടും ചൂട്, ഉച്ചയ്ക്കു ശേഷം ചിലയിടങ്ങളിൽ മഴ. പ്രചാരണത്തിലെന്ന പോലെ തിരഞ്ഞെടുപ്പു ദിനത്തിലും വീറും വാശിക്കും കുറവില്ലായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. രാവിലെ 8 ന് 7.43% പോളിങ്. 9നു 12.91%. പിന്നീട് ഓരോ മണിക്കൂറിലും ക്രമാനുഗതമായി ഉയർന്നു 12 മണിയോടെ 33% പിന്നിട്ടു. 5.30ന് 73% കഴിഞ്ഞു. 6.30ന് 76.25%. രാത്രി 7.30ലെ കണക്കു പ്രകാരം കോതമംഗലം രേഖപ്പെടുത്തിയത് 76.77% പോളിങ്. 

 മൂവാറ്റുപുഴ 

രാവിലെ പതിഞ്ഞ താളത്തിലായിരുന്നു മൂവാറ്റുപുഴയിലെ പോളിങ്. ആദ്യത്തെ മണിക്കൂറിൽ 5.74% മാത്രമായിരുന്നു പോളിങ്ങെങ്കിൽ 10 മണിയോടെ 21.46% ആയി. 11നു 30% കടന്നു. ഉച്ച കഴിഞ്ഞു 2ന് 50 % കടന്നു. വൈകിട്ട് 6ന് 70%. ഒടുവിലെ കണക്കു പ്രകാരം മൂവാറ്റുപുഴക്കാർ ചെയ്തത് 73.53% വോട്ടുകൾ. 

 പിറവം 

ഉച്ചയ്ക്കു ശേഷം കനത്ത മഴയും കാറ്റുമെത്തുമെന്ന ആശങ്ക മൂലം സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാർ കാലേകൂട്ടി വോട്ടു ചെയ്തതിനാൽ പോളിങ് ശതമാനത്തിൽ തുടക്കം മുതൽ കുതിപ്പായിരുന്നു പിറവത്ത്. ആദ്യത്തെ മണിക്കൂറിൽ 8% ആയിരുന്നു പോളിങ്. പിന്നീടു വോട്ടിങ് ശതമാനം പടിപടിയായി ഉയർന്നു. 9 നു 14.9%,12നു 33.82% എന്നിങ്ങനെ. 3നു 55.38 ശതമാനമായി. 5ന് 68.10%. രാത്രി വൈകി രേഖപ്പെടുത്തിയതു പ്രകാരം പോളിങ് ശതമാനം 72.46. 

 കൊച്ചി

പതിവുള്ള ആവേശമില്ലാതെയാണു കൊച്ചി വോട്ടു ചെയ്തു തുടങ്ങിയത്. ആദ്യ ഒരു മണിക്കൂറിൽ വീണത് 5.15% വോട്ടുകൾ‌ മാത്രം. ഒരു പോളിങ് ബൂത്തിലും നീണ്ടു ക്യൂ ഉണ്ടായില്ല. സാധാരണഗതിയിൽ തിരക്കുണ്ടാകാറുള്ള മട്ടാഞ്ചേരി ടിഡി സ്കൂളിലും വലിയ ചലനങ്ങളില്ല. 10 മണിയായപ്പോഴേക്കും 14.83% പോളിങ്ങാണു നടന്നത്. മത്സ്യത്തൊഴിലാളി മേഖലയായ ചെല്ലാനത്തും ബൂത്തുകൾ സജീവമാകാൻ വൈകി. ഉച്ചയ്ക്ക് ഒന്നിന് പോളിങ് 42.36%. അഞ്ചു മണിയായപ്പോൾ 62.35 ശതമാനത്തിലെത്തി. ഒടുവിലത്തെ പോളിങ് ശതമാനം 69.81. 2016ൽ 72.74 ശതമാനമായിരുന്നു പോളിങ്.

 എറണാകുളം

എറണാകുളം മണ്ഡലത്തിലെ പോളിങ് കേന്ദ്രങ്ങളിൽ ഒരിക്കൽ പോലും തിരക്ക് പതിവിലേറെ ഉയർന്നില്ല. ഉച്ച നേരം ചില ബൂത്തുകൾ ആളില്ലാതെ ഒഴിഞ്ഞു കിടക്കുകയും ചെയ്തു. രാവിലെ 9 മണിയായപ്പോൾ 12.97% വോട്ടുകൾ പോൾ ചെയ്തു. ഉച്ചയായപ്പോഴേക്കും 42.72 ശതമാനം വോട്ടുകളും. കനത്ത മഴയിൽ നഗരം മുഴുവൻ വെള്ളക്കെട്ടായ 2019 ഒക്ടോബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 57.9 ശതമാനമായിരുന്നു എറണാകുളത്തെ പോളിങ്. ഇടയ്ക്കൊരു ചെറിയ മഴ പെയ്തെങ്കിലും 5 മണിയായപ്പോഴേക്കും പോളിങ് ശതമാനം 60.62ലെത്തി, ആശ്വാസം! ഒടുവിൽ പോളിങ് അവസാനിച്ചപ്പോൾ 65.91%. മണ്ഡലത്തിലെ കടാരിബാഗ് നേവൽബേസ് കേന്ദ്രീയ വിദ്യാലയ ബൂത്തിൽ പോൾ ചെയ്തത് വെറും 5% വോട്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com