ADVERTISEMENT

കാക്കനാട്∙ ലോട്ടറി ടിക്കറ്റ് വാങ്ങിയ വകയിൽ തേവയ്ക്കലിലെ ലോട്ടറി കടയിൽ 32,000 രൂപ നൽകാനുണ്ടെന്നു സനു മോഹന്റെ മൊഴി. കലൂരിലെ ലോട്ടറി കടയിൽ 12,000 രൂപയും കടമുണ്ട്. കുറേനാളുകളായി പ്രതിദിനം 1,000 രൂപയുടെ ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്നു. ബംപർ അടിക്കുമെന്നു വിശ്വസിച്ചു. ചെറിയ തുകകൾ ലഭിച്ചിട്ടുണ്ട്. ഇടയ്ക്കു ചൂതാട്ടത്തിനു പോയി. വൈഗയെ കൊലപ്പെടുത്തി ഒളിവിൽ കഴിയുമ്പോഴും ചൂതാട്ടത്തിനു സമയം കണ്ടെത്തി. സമീപകാലത്തായി മദ്യപാനം വർധിച്ചു. പണം കൊടുക്കാനുള്ളവരുടെ പേരുകൾ സനു മോഹൻ പൊലീസിനോടു പറഞ്ഞിട്ടുണ്ട്.

ബന്ധുക്കളും സുഹൃത്തുക്കളുമായ നവീൻ, വൈശാഖ്, വിഷ്ണു, ബാബു, സാബു, ഫ്ലാറ്റിലെ കെയർടേക്കർ തുടങ്ങിയവർ ഇതിൽ പെടും. കൊച്ചിയിലെ ഇലക്ട്രിക്കൽ, ഫർണിച്ചർ കടകളിലും ലക്ഷങ്ങൾ നൽകാനുണ്ട്. പല കണക്കുകളും ഓർമയില്ലെന്നാണു സനു പൊലീസിനോടു പറയുന്നത്. ഭാര്യയുടെ പേരിലുള്ള ഫ്ലാറ്റ് പണയപ്പെടുത്തിയപ്പോൾ സനു തന്നെയാണു ഭാര്യയുടെ ഒപ്പിട്ടത്. പല സാമ്പത്തിക ഇടപാടുകളും ഭാര്യയ്ക്ക് അറിയില്ലായിരുന്നു. ഇടപാടുകളിലെ പാളിച്ചകളും ധാരാളിത്തവുമാണു വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കിയത്. 50,000 രൂപയ്ക്കാണു കാർ വിറ്റത്. കാറിന് 1.5 ലക്ഷം രൂപ വായ്പ ഉണ്ടായിരുന്നു.

ധനകാര്യ സ്ഥാപനത്തിന്റെ എൻഒസി ഹാജരാക്കിയാൽ കുറച്ചു പണം കൂടി നൽകാമെന്നു കാർ വാങ്ങിയ ആൾ പറഞ്ഞിരുന്നു. കോയമ്പത്തൂരിൽ കാർ പൊളിക്കുന്ന ഇടങ്ങളിൽ വിൽക്കാൻ ശ്രമിച്ച ശേഷമാണ് കാർ വിറ്റതെന്നു സനു പൊലീസിനോടു പറഞ്ഞു. സനുവിന്റെ ആദ്യത്തെ കാറും കോയമ്പത്തൂരിലാണ് വിറ്റത്. എൻഒസി ഇല്ലാത്തതിന്റെ പേരിൽ ഇതിന് ഒരു ലക്ഷം രൂപയേ ലഭിച്ചുള്ളു.

ലക്ഷങ്ങൾ കടമുണ്ടെന്ന് സനുമോഹൻ
25,000 രൂപ മുതൽ 13 ലക്ഷം രൂപ വരെയുള്ള തുകകൾ പലർക്കായി കൊടുക്കാനുണ്ടെന്നും സിനിമ നിർമിക്കാൻ ആഗ്രഹിച്ചിരുന്നതായും വൈഗ കൊലക്കേസിൽ അറസ്റ്റിലായ പിതാവ് സനു മോഹന്റെ മൊഴി. സനുവുമായി അന്വേഷണ സംഘം ഇന്നലെ കോയമ്പത്തൂരിലെത്തി തെളിവെടുത്തു. സനു മോഹനെ കർണാടകയിലെ കാർവാറിൽ നിന്നാണു ഞായർ പുലർച്ചെ പൊലീസ് പിടികൂടിയത്. വ്യക്തികളും സ്ഥാപനങ്ങളിലുമായി 11 ഇടങ്ങളിൽ പണം കൊടുക്കാനുണ്ടെന്നാണു സനുവിന്റെ മൊഴി.

ഒരു സിനിമ നിർമിച്ചിട്ടുള്ള സുഹൃത്ത് ഉണ്ണിക്ക് 2 ലക്ഷം രൂപ നൽകിയിരുന്നു. പിന്നീട് ഇതു തിരികെ വാങ്ങി. ഫോൺ വിറ്റു കിട്ടിയ 13,000 രൂപയാണു വൈഗയെ കൊലപ്പെടുത്തുന്നതിന്റെ തലേന്നാൾ കയ്യിലുണ്ടായിരുന്നത്. ഭാര്യ രമ്യയെ ഇപ്പോഴും ഇഷ്ടമാണെന്നും സനു പൊലീസിനോടു പറഞ്ഞു. പ്രണയ വിവാഹമായിരുന്നു. അച്ഛന്റെ ജ്യേഷ്ഠന്റെ മകന്റെ വിവാഹച്ചടങ്ങിലാണു രമ്യയെ ആദ്യമായി കാണുന്നത്.

ഒന്നു രണ്ടു തവണ കൂടി കണ്ടപ്പോൾ ഇഷ്ടം തുറന്നു പറഞ്ഞതോടെ വിവാഹത്തിനു വഴിയൊരുങ്ങുകയായിരുന്നു. കോയമ്പത്തൂരിൽ നടത്തിയ തെളിവെടുപ്പിൽ തൃക്കാക്കര ഇൻസ്പെക്ടർ കെ.ധനപാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാർ വിറ്റ വർക്‌ഷോപ്പും വാങ്ങിയ ആളെയും കണ്ടെത്തി. കോയമ്പത്തൂരിൽ സനു താമസിച്ച ഹോട്ടലിലും പൊലീസ് തെളിവെടുത്തു. മറ്റു സംസ്ഥാനങ്ങളിലും തെളിവെടുപ്പു പൂർത്തിയാക്കിയ ശേഷമേ സംഘം തിരിച്ചെത്തൂ. 29 വരെയാണു സനുവിനെ പൊലീസ് കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com