ADVERTISEMENT

കൊച്ചി∙  കത്തിപ്പടർന്നു കോവിഡ്. സർക്കാർ, സ്വകാര്യ മേഖലകളിൽ കോവിഡ് ഐസിയു കിടക്കകളുടെ ക്ഷാമം. കോവിഡ് ചികിത്സയ്ക്കു മതിയായ അടിസ്ഥാന സൗകര്യം ജില്ലയിലുണ്ടെന്നു അധികൃതർ വിശദീകരിക്കുമ്പോഴും അതു പ്രവർത്തനത്തിൽ പ്രതിഫലിക്കുന്നില്ല. കോവിഡ് ആശുപത്രികളിൽ എത്തിക്കുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കു മണിക്കൂറുകൾ കാത്തുകിടന്ന ശേഷമാണു ഐസിയു കിടക്ക ലഭിക്കുന്നത്. പ്രധാന കോവിഡ് ചികിത്സാ കേന്ദ്രങ്ങളായ എറണാകുളം ഗവ. മെഡിക്കൽ കോളജ്, പിവിഎസ് ആശുപത്രി, സിയാലിലെ ചികിത്സാ കേന്ദ്രം എന്നിവിടങ്ങളിലെല്ലാം ഐസിയു കിടക്കകൾ ഒഴിവില്ല.

കിടക്കകൾക്കായി കോവിഡ് കൺട്രോൾ റൂമിൽ വിവരമറിയിച്ച ശേഷം കാത്തിരിക്കുന്ന നൂറിലേറെപ്പേരുണ്ടെന്നാണു വിവരം. വീടുകളിൽ ചികിത്സയിലിരിക്കെ ഗുരുതരാവസ്ഥയിലായ രോഗികളെ കിടക്ക കിട്ടാത്തതിനാൽ ആശുപത്രികളിലേക്കു മാറ്റാൻ കഴിയുന്നില്ല. സ്വകാര്യ ആശുപത്രികളിലും കോവിഡ് കിടക്കകൾ ഒന്നുപോലും ഒഴിവില്ലെന്നാണ് അധികൃതർ പറയുന്നത്.

മറ്റു രോഗങ്ങളുമായെത്തിയ ശേഷം കോവിഡ് സ്ഥിരീകരിക്കുന്നവർക്കാണു സ്വകാര്യ ആശുപത്രികൾ കൂടുതലായി ചികിത്സയൊരുക്കേണ്ടി വരുന്നത്. ആലുവ ജില്ലാ ആശുപത്രിയിലെ കോവിഡ് ചികിത്സാവിഭാഗം പ്രവർത്തനം ആരംഭിച്ചെങ്കിലും പൂർണതോതിലായിട്ടില്ല.  എറണാകുളം മെഡിക്കൽ കോളജിൽ ഇന്നലെ വൈകിട്ടോടെ 40 കിടക്ക കൂടി സജ്ജീകരിച്ചു.  ഇതോടെ കിടക്കകളുടെ എണ്ണം 120 ആയി. എന്നാൽ കോവിഡ് ബാധിതരുടെ കുത്തൊഴുക്ക് നേരിടാൻ ഇതും മതിയാകില്ലെന്നതാണു സ്ഥിതി. 

ഇതുകൊണ്ടു തന്നെ ഒരാഴ്ചയ്ക്കുള്ളിൽ മെഡിക്കൽ കോളജ് പൂർണമായി കോവിഡ് ചികിത്സയ്ക്കായി മാറ്റേണ്ടി വരുമെന്നു ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നുമ്പേലി പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളിൽ ഓക്സിജൻ സൗകര്യമുള്ള മുന്നൂറിലേറെ കിടക്ക ലഭ്യമാക്കാനാകുന്ന മറ്റൊരു ചികിത്സാകേന്ദ്രവും ജില്ലയിലില്ല. ആദ്യ കോവിഡ് തരംഗം തീവ്രമായപ്പോൾ 320 കോവിഡ് കടക്കകളാണു എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ മാത്രം ഒരുക്കിയത്. 

കോവിഡ് ബാധിതരുടെ എണ്ണം 25,000 കടന്നു

ജില്ലയിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 25,724. ഇന്നലെ കോവിഡ് പോസിറ്റീവായത് 4,396 പേർ. ഇതിൽ 4,321 പേർക്കും സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. വൈറസ് ബാധയുടെ ഉറവിടമറിയാത്ത 61 പേരുണ്ട്. 2 ആരോഗ്യ പ്രവർത്തകർക്കും 29 അതിഥിത്തൊഴിലാളികൾക്കും 2 സിഐഎസ്എഫുകാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 541 േപരാണു കോവിഡ് മുക്തരായത്. 55,755 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. 16,994 സാംപിളുകളാണ് ഇന്നലെ പരിശോധനയ്ക്കയച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com