ADVERTISEMENT

കാക്കനാട് ∙ കൂട്ട ആത്മഹത്യയ്ക്ക് ആലോചിച്ചിരുന്നതായി വൈഗ കൊലക്കേസിലെ പ്രതി സനു മോഹന്റെ മൊഴി. ഭാര്യ രമ്യ സമ്മതിക്കില്ലെന്ന് ഉറപ്പുണ്ടായതിനാലാണ് ആത്മഹത്യാ പദ്ധതി വെളിപ്പെടുത്താതിരുന്നതെന്നും ഇന്നലെ വൈകിട്ടു ഭാര്യയുടെയും മറ്റു കുടുംബാംഗങ്ങളുടെയും ഒപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലിൽ സനു പറഞ്ഞു.  തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ പ്രത്യേക മുറിയിലായിരുന്നു ചോദ്യം ചെയ്യൽ.

ജീവിക്കാനാകില്ലെന്ന് ഉറപ്പിച്ചതോടെയാണു ഭാര്യയെ രമ്യയെ ഒഴിവാക്കി മകളുമായി മരിക്കാൻ തീരുമാനിച്ചത്.     മകളെ കൊന്ന ശേഷം ആത്മഹത്യയായിരുന്നു തീരുമാനമെന്നു സനു ആവർത്തിക്കുമ്പോഴും പൊലീസിന് ഇതു ബോധ്യപ്പെടുന്നില്ല. മകൾക്ക് ഫോൺ നൽകിയതിനെ ചൊല്ലി ഭാര്യയുമായി തർക്കമുണ്ടായിരുന്നു. മകളെ കൊലപ്പെടുത്തുന്നതിനു 2 ദിവസം മുമ്പു തന്റെ ഫോൺ 13,000 രൂപക്ക് കങ്ങരപ്പടിയിൽ വിറ്റകാര്യം ഭാര്യയോടു പറഞ്ഞില്ല. 

ഫോൺ നന്നാക്കാൻ കൊടുത്തെന്നാണ് പറഞ്ഞത്. കുറേക്കാലമായി പ്രതിമാസം 60,000 രൂപയെങ്കിലും ഉണ്ടെങ്കിലേ മുന്നോട്ടു പോകാനാകു എന്നതായിരുന്നു അവസ്ഥ. മ കളുടെ സ്കൂൾ ഫീസ്, കാർ വായ്പ, മറ്റു വായ്പകളുടെ പലിശ, കുടുംബ ചെലവ് തുടങ്ങിയവ താങ്ങാനാകുമായിരുന്നില്ല. 5,65,000 രൂപയ്ക്കാണു കാർ വാങ്ങിയത്. 1,45,000 രൂപ ഒരുമിച്ചു നൽകി. ബാക്കി തുക 9,000 രൂപ മാസ ഗഡുക്കളായി അടക്കേണ്ട വായ്പയായിരുന്നു. ഇതിനിടെ ഭാര്യക്കു പുതിയ സ്കൂട്ടറും വാങ്ങിയതായി സനുമോഹൻ മൊഴി നൽകി. ചോദ്യം ചെയ്യൽ രാത്രി അവസാനിച്ചു. 

കസ്റ്റഡി കാലാവധിക്കു ശേഷം സനു മോഹനെ ഇന്നു കോടതിയിൽ തിരികെ ഹാജരാക്കും. വൈഗ കൊലപാതക കേസിൽ പൊലീസ് ചെയ്ത കാര്യങ്ങൾ ഭാര്യ രമ്യയെയും കുടുംബാംഗങ്ങളെയും ബോധ്യപ്പെടുത്തുകയാണ് ഇന്നലെ പൊലീസ് ചെയ്തതെന്നു തൃക്കാക്കര എസിപി ആർ. ശ്രീകുമാർ. ഇത്രയും നാൾ ചെയ്ത കാര്യത്തിൽ ഒരു വ്യക്തത വൈഗയുടെ അമ്മയ്ക്കു നൽകിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത മാത്രമാണു കൊലയ്ക്കു പിന്നിൽ എന്നാണ് ഇതുവരെ കണ്ടത്തിയത്.

ഒളിവിൽ ആയിരുന്ന സമയത്തു  ഗോവയിൽ വച്ച് സനു മോഹന്‍ ഒരു തവണ  ആത്മഹത്യയ്ക്കു ശ്രമിച്ചതിനു മാത്രമാണു തെളിവ് ലഭിച്ചത്. മറ്റു 2 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല.’ അദ്ദേഹം പറഞ്ഞു.  ഇതേസമയം, മകളുമായി എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയിൽ അരൂരിൽനിന്നു വാങ്ങിയ ശീതളപാനീയത്തിൽ മദ്യം കലർത്തി സനു മകൾക്കു കൊടുത്തതായി സൂചന ലഭിച്ചു.  ഇതിനിടെ, സനു മോഹനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് മഹാരാഷ്ട്ര പൊലീസ് കൊച്ചിയിലെത്തി. ഇന്ന് അവർ കോടതിയെ സമീപിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com