ADVERTISEMENT

കൊച്ചി∙ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ പോസ്റ്റുമോർട്ടത്തിനു വിദഗ്ധ മെഡിക്കൽ സംഘത്തെ നിയോഗിക്കാൻ തീരുമാനം. എറണാകുളം ഗവ. മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം മേധാവി, സംഘത്തിലെ അംഗങ്ങളെ തീരുമാനിക്കും. ഇൻക്വസ്റ്റ് നടപടികളും ഇവരുടെ നേതൃത്വത്തിലാകും നടക്കുകയെന്നു പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം ഇന്നു നടത്താനാണു തീരുമാനം.

അനന്യ താമസിച്ചിരുന്ന ഫ്ലാറ്റിൽ അന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തി. അനന്യയുടെ ചികിത്സാരേഖകളുൾപ്പെടെ പൊലീസ് ശേഖരിച്ചു. ഫൊറൻസിക് വിദഗ്ധരും തെളിവു ശേഖരിച്ചിട്ടുണ്ട്. അനന്യ, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിൽ നിന്നു കൂടുതൽ രേഖകൾ ശേഖരിക്കുമെന്നും ഇവ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് അനന്യയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരെ ആരോപണങ്ങൾ ഉയർന്നതിനാൽ സമൂഹമാധ്യമങ്ങളിലുൾപ്പെടെ ഇതു ചർച്ചയായി.

അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രിമാർ

മരണത്തെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയെ മന്ത്രി ആർ.ബിന്ദു ചുമതലപ്പെടുത്തി. മരണവുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുന്നതിനും ട്രാൻസ്ജെൻഡർ വിഭാഗം നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് യോഗം നാളെ വിളിച്ചു ചേർക്കും.

അനന്യ കുമാരിയുടെ മരണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ആരോഗ്യ ഡയറക്ടർക്കു മന്ത്രി വീണാ ജോർജും നിർദേശം നൽകി. ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചു പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും വീണ അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായും പിഴവ് ഇല്ലാതെയും നടത്തുന്നതിനുള്ള മാർഗരേഖ തയാറാക്കുമെന്നു മന്ത്രി ബിന്ദുവും പറഞ്ഞു.

സർക്കാർ നേതൃത്വത്തിൽ ട്രാൻസ് ക്ലിനിക്കുകൾ സ്ഥാപിച്ചു ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ശാരീരികവും മാനസികവും ആയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കും. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളുടെ ചൂഷണവും വഞ്ചനാപരമായ സമീപനവും അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ആശുപത്രി ജീവനക്കാർ മർദിച്ചെന്ന് പിതാവ്

ചികിത്സാപ്പിഴവിനെപ്പറ്റി പരാതിപ്പെട്ടതിന് റിനൈ മെഡിസിറ്റി ആശുപത്രി ജീവനക്കാർ അനന്യയെ മർദിച്ചെന്ന് പിതാവ് അലക്സാണ്ടർ ആരോപിച്ചു. സർക്കാർ ആശുപത്രിയിൽ ലഭിക്കുന്ന പരിഗണന പോലും വലിയ തുക മുടക്കി ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിൽ നിന്നു ലഭിച്ചില്ല.  ഡോക്ടർമാരുടെ സേവനം നിഷേധിച്ചു.

ചികിത്സ നൽകാതെ, മരുന്നു മാത്രം നൽകി മടക്കി അയയ്ക്കാൻ ശ്രമിച്ചതു ചോദ്യം ചെയ്തപ്പോഴാണ് ആശുപത്രി ജീവനക്കാർ കയ്യേറ്റം നടത്തിയതെന്നും രണ്ടു വട്ടം കയ്യേറ്റം ചെയ്തതായി അനന്യ വെളിപ്പെടുത്തിയിരുന്നുവെന്നും പിതാവ് പറഞ്ഞു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളായിരുന്നു ശസ്ത്രക്രിയയ്ക്കു ശേഷം അനന്യയ്ക്കുണ്ടായത്. എഴുന്നേറ്റു നിൽക്കാൻ പോലും പ്രയാസമായിരുന്നു. അദ്ദേഹം പറഞ്ഞു.

ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രി

ട്രാൻസ്ജെൻഡർ അനന്യകുമാരി അലക്സിന്റെ മരണവുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രി നിഷേധിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയപ്പോൾ പ്രതീക്ഷിച്ചതു പോലെയല്ല പിന്നീട് അവയവങ്ങൾ രൂപപ്പെട്ടത് എന്ന പരാതി ശസ്ത്രക്രിയയ്ക്ക് 6 മാസത്തിനു ശേഷം അനന്യ ഉന്നയിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

തുടർ ചികിത്സയും ആവശ്യമെങ്കിൽ ചികിത്സാരേഖകളും നൽകാമെന്ന് അനന്യയെ അറിയിച്ചിരുന്നു. ആശുപത്രിക്കെതിരെയുള്ള ആക്ഷേപങ്ങൾ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെയും അവരുടെ കഴിവിനെയും ഇകഴ്ത്തിക്കാട്ടാനും അപകീർത്തിപ്പെടുത്താനുമാണെന്ന് അധികൃതർ പറഞ്ഞു. ശസ്ത്രക്രിയയിലൂടെ നിർമിച്ചെടുത്ത അവയവഭാഗത്തെ കൊഴുപ്പ‌്, അനന്യയുടെ ശാരീരിക പ്രത്യേകതകൾ മൂലം നഷ്ടപ്പെട്ടു പോയി. 

ഇതിനാൽ മറ്റൊരു ശസ്ത്രക്രിയ കൂടി നിർദേശിച്ചിരുന്നു. ചികിത്സാ പിഴവുണ്ടെന്ന അനന്യയുടെ പരാതി മെഡിക്കൽ ബോർഡ് പരിശോധിക്കുകയും കഴമ്പില്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. തനിക്കു ലഭിച്ച ചികിത്സയിൽ സംതൃപ്തയായിരുന്ന അനന്യ 7 മാസത്തിനു ശേഷം പരാതിയുമായി എത്തുകയും വൻതുക ആവശ്യപ്പെടുകയുമായിരുന്നുവെന്നും അവർ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com