വലിയ കരിങ്കല്ലുകൾ, കോൺക്രീറ്റ് കട്ടകൾ,തെങ്ങിൻ കുറ്റി;അണിയിൽ പാലം കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്തു തുടങ്ങി

എടവനക്കാട് അണിയിൽ പാലത്തിനടിയിൽ നിന്നു നിർമാണഅവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന തൊഴിലാളികൾ
SHARE

വൈപ്പിൻ ∙ എടവനക്കാട് അണിയിൽ പാലത്തിനു താഴെയുള്ള കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്തുതുടങ്ങി.  പഴയ പാലം പൊളിച്ചതിന്റെ സ്ലാബുകളും മറ്റും പൂർണമായും മാറ്റാത്തതു നീരൊഴുക്ക് തടസ്സപ്പെടുത്തുകയും മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയാകുകയും  ചെയ്യുന്നതായി  പരാതിയുയർന്നിരുന്നു. ഇതു സംബന്ധിച്ചു  മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

പലവട്ടം ആവശ്യപ്പെട്ടിട്ടും ഇവ നീക്കം ചെയ്യാൻ നടപടിയില്ലാത്തതിനാൽ കോൺഗ്രസ് എടവനക്കാട് മണ്ഡലം കമ്മിറ്റിയുടെയും മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെയും നേതൃത്വത്തിൽ  പാലത്തിനടിയിൽ ഓഗസറ്റ്2നു മത്സ്യത്തൊഴിലാളി മനുഷ്യമതിൽ തീർത്തുള്ള പ്രതിഷേധസമരം പ്രഖ്യാപിച്ചിരുന്നു. പിന്നീട്  എടവനക്കാട് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) വില്ലേജ് കമ്മിറ്റിയും ഇതേ ആവശ്യവുമായി രംഗത്തിറങ്ങി.

നേതാക്കൾ ചേർന്നു പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ്  എൻജിനീയർക്കു  നിവേദനവും നൽകി. ഇതിനു പിന്നാലെ ഇന്നലെ രാവിലെ പാലത്തിനടിയിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്തു തുടങ്ങി. വലിയ കരിങ്കല്ലുകൾ, കോൺക്രീറ്റ് കട്ടകൾ, 10 അടിയോളം നീളമുള്ള തെങ്ങിൻ കുറ്റി, കുപ്പിച്ചില്ലുകൾ തുടങ്ങിയവയാണു  വെള്ളത്തിൽ നിന്നു  കരയിലെത്തിച്ചത്.

മുഴുവൻ അവശിഷ്ടങ്ങളും   മാറ്റിയതായാണു ബന്ധപ്പെട്ടവർ പറയുന്നതെങ്കിലും  യന്ത്രസഹായത്തോടെ പാലത്തിന്റെ അടിഭാഗത്തു നേരത്തെയുള്ള ആഴവും  പുനസ്ഥാപിക്കേണ്ടതുണ്ടെന്നു  മത്സ്യത്തൊഴിലാളികൾ  ചൂണ്ടിക്കാട്ടി. പാലത്തിനു പടിഞ്ഞാറുഭാഗത്തേക്കു തോടിന്റെ ആഴം വർധിപ്പിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. നേരത്തെ കിഴക്കുഭാഗത്ത് പുഴയോരം വരെ ഈ ജോലികൾ  നടത്തിയിരുന്നു.

അണിയിൽ പോലെ സംസ്ഥാനപാതയിൽ പാലങ്ങൾ വീതി കൂട്ടി പുനർനിർമിച്ച മറ്റു സ്ഥലങ്ങളിലും ഇതേ പ്രശ്നമുള്ളതായി പരാതിയുണ്ട്.  പഴയ പാലങ്ങളുടെ സ്ലാബുകൾ നീക്കം ചെയ്യുന്നതിനു പകരം തകർത്തു തോട്ടിലേക്ക് ഇട്ടതായിരുന്നു പ്രശ്നം. കൂടാതെ നിർമാണത്തിനായി ഒരുക്കിയ ബണ്ടുകൾ പൂർണമായും പൊളിച്ചുനീക്കാത്തതും പ്രശ്നമായി.  വേലിയിറക്ക സമയത്താണു ഇത്തരം അവശിഷ്ടങ്ങൾ വ‍ഞ്ചികൾക്കു ഭീഷണിയാകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA