ട്രോളിങ് നിരോധനം അവസാനിച്ചു; സജീവമായി ഹാർബർ; ബോട്ടുകൾ കടലിലേക്ക്

കാത്തോളണേ :ട്രോളിങ് നിരോധനം തീർന്ന ദിവസം മത്സ്യബന്ധനത്തിനിറങ്ങും മുൻപ് ബോട്ട് ഉടമ ടി.എ.യേശുദാസും സ്രാങ്ക് പി.കുഞ്ഞുമോനും ചേർന്നു ദേവാലയത്തിൽ പൂജിച്ച മാല തൊഴിലാളികളുടെ സാന്നിധ്യത്തിൽ ബോട്ടിൽ ചാർത്തുന്നു. കൊച്ചി വല്ലാർപാടം -വൈപ്പിൻ പാലത്തിനു സമീപം കാളമുക്കിലെ ജെട്ടിയിൽ നിന്ന് . ചിത്രം: മനോരമ
SHARE

തോപ്പുംപടി/വൈപ്പിൻ ∙ ട്രോളിങ് നിരോധനം അവസാനിച്ചതോടെ കൊച്ചി ഫിഷറീസ് ഹാർബറിൽ നിന്ന് നൂറോളം ട്രോളിങ് ബോട്ടുകൾ രാത്രി 12നു ശേഷം കടലിലേക്കു പുറപ്പെട്ടു. ബോട്ടുകളിൽ ഐസ്, വല, അനുബന്ധ സാധനങ്ങൾ, തൊഴിലാളികൾക്കുള്ള ഭക്ഷ്യ വസ്തുക്കൾ എന്നിവ കയറ്റുന്ന തിരക്കി‍ലായിരുന്നു ഫിഷറീസ് ഹാർബർ.

ട്രോളിങ് നിരോധനം അവസാനിക്കുന്നതിനു മുൻപേ ബോട്ടുകൾ ഇറങ്ങുന്നത് ഒഴിവാക്കാൻ ഇന്നലെ അർധരാത്രി വരെ മറൈൻ എൻ‌ഫോഴ്സ്മെന്റിന്റെ പട്രോൾ ബോട്ടുകൾ അഴിമുഖത്തു കാവലുണ്ടായിരുന്നു. ബോട്ടുകളിലേറെയും തെക്കൻ മേഖലകളിലേക്കാണു നീങ്ങിയിരിക്കുന്നതെന്നാണു സൂചന. മഴ സമയത്ത് ആലപ്പുഴ, കൊല്ലം മേഖലയിൽ കാണപ്പെടുന്ന ചെമ്മീൻ കൂട്ടങ്ങളെ തേടിയാണിത്.

എന്നാൽ കണവയും കൂന്തലും ലക്ഷ്യമിടുന്ന ബോട്ടുകൾ വടക്ക്, പടി‍ഞ്ഞാറ് ദിശകളിലേക്കാണു പോവുക. കോവിഡ് പരിശോധനകളും മറ്റും പൂർത്തിയാവേണ്ടതിനാൽ കുറച്ചു ബോട്ടുകൾ ഇപ്പോഴും തീരത്തു തങ്ങുന്നുണ്ട്. ഇവയും ഇന്നും നാളെയുമായി കടലിലിറങ്ങും. അതേസമയം മീനുമായെത്തുന്ന ബോട്ടുകളെ സ്വീകരിക്കാൻ ഹാർബറുകളിലും ഒരുക്കങ്ങൾ തകൃതിയാണ്.

ബോട്ടുകളിൽ നിന്നു മീൻ ഇറക്കാനുള്ള പ്ലാസ്റ്റിക് ബോക്സുകളും മറ്റും സജ്ജമാക്കുന്ന തിരക്കിലാണു കച്ചവടക്കാരും ജോലിക്കാരും. ഗിൽനെറ്റ് ബോട്ടുകൾ തിങ്കളാഴ്ച മാത്രമേ മത്സ്യബന്ധനത്തിനു പുറപ്പെടുകയുള്ളുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളാണ് ഗിൽനെറ്റ് ബോട്ടുകളിൽ ജോലിയെടുക്കുന്നവരിൽ ഭൂരിഭാഗവും.

ട്രോളിങ് നിരോധനം കഴി‍ഞ്ഞു ബോട്ടുകൾ കടലിലിറങ്ങിയതോടെ ഹാർബറുകളിൽ ഒരുക്കങ്ങൾ നടത്തുന്ന തൊഴിലാളികൾ. മുനമ്പത്തു നിന്നുളള ദൃശ്യം

തമിഴ്നാട്ടിൽ ഇവർ താമസിക്കുന്ന ഗ്രാമത്തിലെ ദേവാലയത്തിൽ തിരുനാൾ ദിനമായതിനാൽ ഇന്നു വൈകിട്ടോടെയാകും തൊഴിലാളികൾ തിരിച്ചെത്തുക. മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, വൈപ്പിൻ പ്രദേശങ്ങളിലെ കടവുകളിൽ കെട്ടിയിരിക്കുകയാണ് ഗിൽനെറ്റ് ബോട്ടുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA