ADVERTISEMENT

കോതമംഗലം/ ആലുവ∙ ഡെന്റൽ ഹൗസ് സർജൻ പി.വി.മാനസയെ വെടിവച്ചുകൊന്നു സ്വയം ജീവനൊടുക്കാൻ ഉപയോഗിച്ച തോക്ക് രഖിൽ വാങ്ങിയത് കാട്ടുമൃഗങ്ങളെ വേട്ടായാടാനെന്നു ധരിപ്പിച്ചാണെന്നു മൊഴി. ബിഹാറിൽ നിന്നു പിടിയിലായ സോനുകുമാറും മനീഷ്കുമാറുമാണു പൊലീസിനു മൊഴി നൽകിയത്. രഖിലിന്റെ കണ്ണൂരിലെ കൃഷിയിടത്തിൽ കാട്ടുപന്നി ഉൾപ്പെടെ മ‍ൃഗങ്ങളുടെ ശല്യമാണെന്നും ഇവയെ നേരിടാൻ തോക്ക് ആവശ്യമുണ്ടെന്നും പറ‍ഞ്ഞാണു രഖിൽ ഇവരെ സമീപിച്ചത്. ഇതിനാലാണു കൂടുതൽ നിറയൊഴിക്കാവുന്നതും പ്രഹരശേഷി കൂടിയതുമായ തോക്ക് നൽകിയതെന്നും പറയുന്നു. 13 റൗണ്ട് നിറയൊഴിക്കാവുന്ന തോക്കാണു കൊലപാതകത്തിന് ഉപയോഗിച്ചത്.

തോക്കേന്തിയ 3 ലോക്കൽ പൊലീസുകാർ കൂടെ ഉണ്ടായിരുന്നില്ലെങ്കിൽ, പ്രതികളെ തേടി ബിഹാറിൽ എത്തിയ റൂറൽ ജില്ലാ പൊലീസിന് അവരെയും കൊണ്ട് എളുപ്പം നാട്ടിലേക്കു മടങ്ങാൻ സാധിക്കുമായിരുന്നില്ല. ജനസംഖ്യ കുറഞ്ഞ വനപ്രദേശമായ പർസന്തോ കുഗ്രാമത്തിൽ നിന്നു സോനുകുമാറിനെ കസ്റ്റഡിയിൽ എടുത്തു മടങ്ങുമ്പോൾ വഴിയിൽ പ്രതിയുടെ കൂട്ടാളികൾ 4 ബൈക്കുകളിൽ എത്തി തടഞ്ഞു. സായുധരായ 3 പേർ വീതം ഉണ്ടായിരുന്നു ഓരോ ബൈക്കിലും. കേരളത്തിൽ നിന്നു പോയ പൊലീസ് ഉദ്യോഗസ്ഥർ നിരായുധരായിരുന്നു. 

     മാനസയെ കൊലപ്പെടുത്തിയ രഖിലും സുഹൃത്ത് ആദിത്യനും തോക്കു വാങ്ങാനും വെടിവയ്പ് പരിശീലിക്കാനും ബിഹാറിൽ പോയപ്പോൾ താമസിച്ച മുൻഗറിലെ ഹോട്ടൽ രാജ് പാലസ്.
മാനസയെ കൊലപ്പെടുത്തിയ രഖിലും സുഹൃത്ത് ആദിത്യനും തോക്കു വാങ്ങാനും വെടിവയ്പ് പരിശീലിക്കാനും ബിഹാറിൽ പോയപ്പോൾ താമസിച്ച മുൻഗറിലെ ഹോട്ടൽ രാജ് പാലസ്.

ബിഹാർ പൊലീസ് ആകാശത്തേക്കു 3 റൗണ്ട് നിറയൊഴിച്ചാണു അവരെ പിരിച്ചുവിട്ടത്. തുടർന്നു സോനുവിനെ ഖട്ടിയ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴും കടത്തിക്കൊണ്ടു പോകാൻ ഒട്ടേറെപ്പേരെത്തി. കേസുള്ളതിനാൽ കേരളത്തിലേക്കു കൊണ്ടുപോകാതെ കഴിയില്ലെന്ന് അറിയിച്ചപ്പോൾ ഒത്തുതീർപ്പിനുള്ള ശ്രമവുമായി മറ്റു ചിലരെത്തി. താൻ കൊടുത്ത തോക്കുപയോഗിച്ചു കേരളത്തിൽ കൊലപാതകം നടന്ന വിവരം സോനുകുമാറോ ഇടനിലക്കാരൻ മനീഷ്കുമാർ വർമയോ അറിഞ്ഞിരുന്നില്ല. 

കൊച്ചിയിൽ നിന്നു 3100 കിലോമീറ്റർ അകലെ തങ്ങളെ തേടി പൊലീസ് എത്തുമെന്നും ഇവർ കരുതിയില്ല. വീടിനോടു ചേർന്നു ചെറിയ സ്റ്റേഷനറി കട നടത്തുന്ന സോനുകുമാറിന്റെ പ്രധാന ബിസിനസ് ‘ഓൺലൈൻ മണി ട്രാൻസ്ഫറാ’ണ്. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളുടെ പണം കമ്മിഷൻ കൈപ്പറ്റി അവരുടെ വീടുകളിൽ തത്സമയം എത്തിക്കുന്നതാണ് ഇടപാട്. അതുകൊണ്ടു തന്നെ ഗ്രാമീണർക്കിടയിൽ പ്രിയങ്കരനാണ്. തോക്കു വിൽപന ഏജന്റായും പ്രവർത്തിക്കുന്നു. 

കേരളത്തിലേക്കുള്ള യാത്രയിലും ചോദ്യം ചെയ്യലിലും കൂസലില്ലാതെയാണ് ഇയാൾ പെരുമാറിയത്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ നോക്കിയാണു പൊലീസ് 2 പ്രതികളുടെയും അടുത്തെത്തിയത്. യൂബർ ടാക്സി സർവീസ് നടത്തുന്ന ബക്സർ സ്വദേശി മനീഷ്കുമാർ ഫോൺ ചാർജ് ചെയ്യാൻ വീട്ടിൽ വച്ചിട്ടു പോയതിനാൽ കണ്ടെത്താൻ പ്രയാസമായി. കാർ കച്ചവടത്തിനെന്ന പേരിൽ പിന്നീടു സോനുകുമാറിനെക്കൊണ്ടു വിളിച്ചു വരുത്തുകയായിരുന്നു. എസ്ഐമാരായ മാഹിൻ സലിം, വി.കെ. ബെന്നി, സിപിഒ എം.കെ. ഷിയാസ്, ഹോം ഗാർഡ് സാജു ഏലിയാസ്, മാനസയെ വെടിവച്ചു കൊന്ന രഖിലിന്റെ സുഹൃത്ത് ആദിത്യൻ എന്നിവരടങ്ങിയ സംഘം ഇക്കഴിഞ്ഞ 2നാണ് ട്രെയിനിൽ ബിഹാറിലേക്കു പുറപ്പെട്ടത്.

 4ന് അവിടെ എത്തി. കൊയിൽ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം മറ്റൊരു ട്രെയിനിൽ ജമാൽപ‌ുരിലേക്കു പോയി. അവിടെ നിന്നു ലോക്കൽ പൊലീസിന്റെ വാഹനത്തിലാണു പ്രതികളുടെ താമസ സ്ഥലങ്ങൾ തേടി പുറപ്പെട്ടത്. റൂറൽ എസ്പി കെ. കാർത്തിക്കിന്റെ സുഹൃത്തും കർണാടക സ്വദേശിയുമായ ശ്രീനാഥ് റെഡ്ഡി എന്ന ചെറുപ്പക്കാരനാണു ഖട്ടിയ സ്റ്റേഷൻ ഉൾപ്പെടുന്ന മുംഗർ ജില്ലാ പൊലീസ് മേധാവി. അദ്ദേഹം കേരള പൊലീസ് ഉദ്യോഗസ്ഥർക്കു സായുധ പൊലീസ് സംരക്ഷണവും താമസിക്കാൻ എസി മുറികളും ഏർപ്പാടു ചെയ്തിരുന്നു. 15 വർഷം ബിഎസ്എഫ് ഉദ്യോഗസ്ഥനായിരുന്ന ഹോം ഗാർഡ് സാജു ഏലിയാസ് ബിഹാറിൽ ജോലി ചെയ്തു സ്ഥല പരിചയം ഉള്ളയാളാണ്. 

ഇന്ത്യയിലെ മിക്ക പ്രാദേശിക ഭാഷകളും സംസാരിക്കും. അതുകൊണ്ടാണ് ബിഹാറിലേക്കുള്ള സംഘത്തിൽ എസ്പി അദ്ദേഹത്തെയും ഉൾപ്പെടുത്തിയത്. തോക്കു വാങ്ങാനും വെടിവയ്പ് പരിശീലിക്കാനും രഖിൽ ബിഹാറിലേക്കു പോയപ്പോൾ കൂടെ ആദിത്യനും ഉണ്ടായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ എടുത്തിട്ടും കൊച്ചിയിലേക്ക് 7 പേർക്കു നേരിട്ടു വിമാന ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടായതിനാൽ അന്വേഷണ സംഘത്തിന്റെ മടക്കയാത്രയ്ക്കു താമസം നേരിട്ടു.  പിന്നീടു പട്നയിൽ നിന്നു ഹൈദരാബാദിലേക്കും അവിടെ നിന്നു കൊച്ചിയിലേക്കും 2 വിമാനത്തിലാണു പ്രതികളെയും കൊണ്ടു പോന്നത്.മുൻഗറിലെ വിജനമായ മലയോരത്ത് 2 വട്ടം തോക്കിൽ തിരയിട്ടു നിറയൊഴിക്കാനുള്ള പരിശീലനവും രഖിലിനു നൽകിയതായും മൊഴിയുണ്ട്. രഖിൽ ഉപയോഗിച്ച തോക്ക് ഹാൻഡ് വാഷിനായി ഫൊറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. 

മാനസ വധം: തോക്ക് നൽകിയവർ റിമാൻഡിൽ

നെല്ലിക്കുഴി ഡെന്റൽ കോളജിലെ ഹൗസ് സർജൻ പി.വി.മാനസയെ വെടിവച്ചു കൊലപ്പെടുത്തി രഖിൽ ജീവനൊടുക്കിയ സംഭവത്തിൽ, തോക്ക് കൈമാറിയ കേസിലെ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.ബിഹാർ മുൻഗർ പർസന്തോ സ്വദേശി സോനുകുമാർ മോദി (22), ഇടനിലക്കാരനായ മനീഷ് കുമാർ വർമ (21) എന്നിവരാണു കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തത്. ഇവരെ മൂവാറ്റുപുഴ സബ് ജയിലിൽ പ്രവേശിപ്പിക്കുന്നതിനു മുൻപു നിരീക്ഷണത്തിനായി കാക്കനാട് കോവി‍ഡ് സെന്ററിലേക്ക് അയച്ചു. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും.

ലൈസൻസ് ഇല്ലാത്ത തോക്ക് കൈവശം വച്ചു, വിൽപന നടത്തി, മുദ്ര ഇല്ലാത്ത തോക്ക് കൈവശം വച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഞായർ രാത്രിയാണു പ്രതികളെ കോതമംഗലത്തെത്തിച്ചത്. ഇന്നലെ വൈദ്യ പരിശോധനയ്ക്കും വിരലടയാളം ശേഖരിക്കലിനും മറ്റു നടപടിക്രമങ്ങൾക്കും ശേഷം വൈകിട്ടാണു കോടതിയിലെത്തിച്ചത്. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണു തീരുമാനം. കേരളത്തിലെ ബന്ധങ്ങൾ, ബന്ധപ്പെടാനുണ്ടായ സാഹചര്യം, വേറെ തോക്കുകൾ കൈമാറിയത് തുടങ്ങിയവയെല്ലാം അന്വേഷിക്കും. മറ്റു വിവിധ ഏജൻസികളും ഇവരെ ചോദ്യം ചെയ്തേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com