ADVERTISEMENT

കൊച്ചി∙ 50 ലക്ഷം രൂപ വിലമതിക്കുന്ന തിമിംഗല ദഹനശിഷ്ടവുമായി (ആംബർഗ്രിസ്) 3 ലക്ഷദ്വീപ് സ്വദേശികൾ വനംവകുപ്പിന്റെ പിടിയിൽ. ലക്ഷദ്വീപിൽ നിന്നു വിൽപനയ്ക്കായി എത്തിച്ച ഒരു കിലോഗ്രാം കറുത്ത ആംബർഗ്രിസും 400 ഗ്രാം വെളുത്ത ആംബർഗ്രിസും വൈറ്റിലയിൽ നിന്നാണു പിടിച്ചെടുത്തത്. ആന്ത്രോത്ത് ദ്വീപുവാസികളായ അമ്പാത്തിച്ചേറ്റയിൽ അബു മുഹമ്മദ് അൻവർ (30), പുതിയ സ്രാമ്പിക്കൽ പി.എസ്.മുഹമ്മദ് ഉബൈദുള്ള (29), അമിനി ദ്വീപ് പുതിയഇല്ലം സിറാജ് (39) എന്നിവരാണ് അറസ്റ്റിലായത്. 3 മാസത്തിനിടെ ഇതു മൂന്നാം തവണയാണു വനംവകുപ്പിന്റെ നേതൃത്വത്തിൽ ആംബർഗ്രിസ് പിടിക്കുന്നത്.

എറണാകുളം വനം വിജിലൻസ് ഡിഎഫ്ഒയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ, തൃശൂർ ഫ്ലൈയിങ് സ്ക്വാഡുകളിലെയും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയിലെയും ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്. ഇടപാടുകാരെന്ന വ്യാജേനയെത്തിയ ഉദ്യോഗസ്ഥർ പ്രതികളെ വൈറ്റില ഹബ് പരിസരത്തേക്കു വിളിച്ചു വരുത്തുകയും ഇവരുടെ കൈയിലുള്ളത് ആംബർഗ്രിസ് ആണെന്നുറപ്പു വരുത്തിയ ശേഷം പിടികൂടുകയുമായിരുന്നു. എറണാകുളം ഫ്ലൈയിങ് സ്ക്വാഡ് ഡിഎഫ്ഒ ഓഫിസിലെത്തിച്ച തൊണ്ടിയും പ്രതികളെയും പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം കോടനാട് റേഞ്ച് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനു കൈമാറി.

കേസിന്റെ തുടരന്വേഷണത്തിന്റെ മേൽനോട്ടം ചട്ടപ്രകാരം ഈ സ്റ്റേഷനാണ്. കോടനാട് റേഞ്ച് ഓഫിസർ തുടരന്വേഷണത്തിനു നേതൃത്വം നൽകും. പെരുമ്പാവൂർ ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ജി.അൻവർ, എസ്എഫ്ഒമാരായ എം.വി.ജോഷി, മുഹമ്മദ് കബീർ, എം.ആർ.ഷിബു, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.പി.ലൈപിൻ, ആർ.ശോഭ് രാജ്, പി.ആർ.രജീഷ്, ജാഫർ, സി.എം.സുബീഷ്, ലിബിൻ സേവ്യർ, ഡ്രൈവർ കെ.ആർ.അരവിന്ദാക്ഷൻ എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്. തൃശൂരിലെ ചേറ്റുവയിൽ നിന്നു ജൂലൈ 10ന് 30 കോടിയുടെ ആംബർഗ്രിസുമായി 3 പേരും ജൂലൈ 23ന് മൂന്നാർ പെട്ടിമുടിയിലെ ലോഡ്ജ‌ിൽ നിന്ന് 5 കോടി വിലമതിക്കുന്ന 5 കിലോഗ്രാം ആംബർഗ്രിസുമായി 5 പേരും പിടിയിലായിരുന്നു.

തിമിംഗല ദഹനശിഷ്ടം അമൂല്യം

അറേബ്യൻ സുഗന്ധവ്യാപാരത്തിലെ അമൂല്യ അസംസ്കൃത വസ്തുവാണിത്. സുഗന്ധം ദീർഘനേരം നിൽക്കാനാണ് ഉപയോഗിക്കുന്നത്. സ്പേം വെയ്ൽ എന്ന തിമിംഗലത്തിന്റെ വയറ്റിൽ ഉൽപാദിപ്പിക്കപ്പെടുന്ന ആംബർഗ്രിസിൽ നിന്നാണ് ആംബർ നിർമിക്കുന്നത്. തിമിംഗലങ്ങൾ ഛർദിച്ചു കളയുന്ന ഇവ ഒഴുകുന്ന സ്വർണം എന്നും അറിയപ്പെടുന്നു. വന്യജീവി സംരക്ഷണ നിയമത്തിലെ രണ്ടാം ഷെഡ്യൂളിൽ പെടുന്നതാണു സ്പേം തിമിംഗലം എന്നതിനാൽ ആംബർഗ്രിസ് കൈവശപ്പെടുത്തുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com