ADVERTISEMENT

കൊച്ചി∙ പുരാവസ്തു ഗവേഷകനായ സന്തോഷ് എളമക്കരയുടെ പക്കൽ നിന്നു സാധനങ്ങൾ വാങ്ങി പണം നൽകാതെ കബളിപ്പിച്ചെന്ന കേസിൽ വിശദമായ തെളിവെടുപ്പിനായി മോൻസൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. ഇന്നു രാവിലെ മോൻസന്റെ കലൂരിലെ വസതിയിൽ തെളിവെടുപ്പു നടത്തും. രാവിലെ മോൻസന്റെ വീട്ടിലെത്താൻ സന്തോഷിനോടും ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. പോക്സോ കേസിൽ ഞായറാഴ്ച അറസ്റ്റിലായ മേക്കപ്മാൻ ജോഷിയെ റിമാൻഡ് ചെയ്തു. മോൻസന്റെ മേക്കപ്മാനായി ജോലി ചെയ്ത ജോഷി ക്രൂരമായി പീഡിപ്പിച്ചുവെന്ന് ഇരയായ പെൺകുട്ടി മൊഴി നൽകിയതിനെ തുടർന്നായിരുന്നു ഇയാളുടെ അറസ്റ്റ്.

ജോഷിയുടെ മൊഴി മജിസ്ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണു ക്രൈംബ്രാഞ്ച്. മോൻസന്റെ നിർദേശപ്രകാരം തെളിവു നശിപ്പിച്ചെന്നു വെളിപ്പെടുത്തിയ മോൻസന്റെ മാനേജർ ജിഷ്ണുവിനെ ഇന്നലെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. മോൻസന്റെ വീട്ടിൽ ഒളിപ്പിച്ചിരുന്ന പെൻഡ്രൈവ് കത്തിച്ചുകളഞ്ഞു എന്നായിരുന്നു ജിഷ്ണുവിന്റെ വെളിപ്പെടുത്തൽ. മോൻസൻ കേസിലെ അന്വേഷണ പുരോഗതി വിലയിരുത്താൻ ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇന്നലെ കൊച്ചിയിൽ യോഗം ചേർന്നു. 

‘തിമിംഗല അസ്ഥികൾ’ പരിശോധനയ്ക്ക് 

മോൻസന്റെ സുഹൃത്തിന്റെ കാക്കനാട്ടെ വീട്ടിൽ നിന്നു ഞായറാഴ്ച കണ്ടെടുത്ത തിമിംഗല അസ്ഥികളോടു സാദൃശ്യമുള്ള വസ്തുക്കൾ ഫൊറൻസിക്, ഡിഎൻഎ പരിശോധനകൾക്കായി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലേക്കു വനംവകുപ്പ് അയച്ചു. ഇതു സംബന്ധിച്ച ‌വിവരങ്ങൾ കണ്ടെത്താനും ചോദ്യം ചെയ്യാനുമായി മോൻസനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചതായി അന്വേഷണച്ചുമതലയുള്ള കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജിയോ ബേസിൽ പോൾ അറിയിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com