ADVERTISEMENT

ആലുവ ∙ നിയമ വിദ്യാർഥിനിയായ എടയപ്പുറം കക്കാട്ടിൽ മോഫിയ പർവീൺ (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), പിതാവ് യൂസഫ് (63) എന്നിവരെ  അറസ്റ്റ് ചെയ്തു. ഐപിസി 304(ബി), 498(എ), 306, 34 എന്നീ  വകുപ്പുകൾ പ്രകാരം സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, വിവാഹിതയ്ക്കെതിരെയുള്ള ക്രൂരത തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.

മോഫിയയുടെ ആത്മഹത്യയ്ക്കു ശേഷം ഒളിവിലായിരുന്ന മുഹമ്മദ് സുഹൈലിനെയും കുടുംബത്തെയും കോട്ടപ്പടി ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്നാണ് ചൊവ്വാഴ്ച അർധരാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ ഡിവൈഎസ്പി പി.കെ.ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മോഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലുവ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.എൽ.സുധീറിനെ പൊലീസ് ആസ്ഥാനത്തേക്കു സ്ഥലംമാറ്റി.

പകരം ചുമതല നൽകിയിട്ടില്ല. വിശദമായ അന്വേഷണത്തിനു ശേഷം തുടർ നടപടിയുണ്ടാകുമെന്നു ഡിവൈഎസ്പി വ്യക്തമാക്കി. തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിയായ മോഫിയയെ തിങ്കളാഴ്ച വൈകിട്ടാണു സ്വവസതിയിൽ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ പീഡനം മൂലമാണു ജീവനൊടുക്കുന്നതെന്നു മോഫിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോൾ മോശമായി പെരുമാറിയ ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഇൻസ്പെക്ടർ സുധീറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, എൽദോസ് കുന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ രാവിലെ ഒൻപതരയ്ക്ക് ആരംഭിച്ച സമരം തുടരുകയാണ്.  പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായതോടെ പൊലീസ് ലാത്തിച്ചാർജും നടത്തി. ഒട്ടേറെ പ്രവർത്തകർക്കു പരുക്കേറ്റ‌ു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com