ADVERTISEMENT

ആലുവ∙ ഗാർഹിക പീഡനത്തെ തുടർന്നു നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിലെ 3 പ്രതികളെയും കോടതി വീണ്ടും റിമാൻഡ് ചെയ്തു. ഭർത്താവ് സുഹൈൽ, ഭർതൃപിതാവ് യൂസഫ് എന്നിവരെ മൂവാറ്റുപുഴ സബ് ജയിലിലും ഭർതൃമാതാവ് റൂഖിയയെ കാക്കനാട് ജില്ലാ ജയിലിലുമാക്കി. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി ഇവരെ 3 ദിവസം കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നു തിരികെ ഹാജരാക്കിയപ്പോഴാണു റിമാൻഡ് ചെയ്തത്. പ്രതികൾ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. 

കേസ് അന്വേഷിക്കുന്ന റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. രാജീവിന്റെ നേതൃത്വത്തിൽ അറസ്റ്റിലായ പ്രതികളെ കൂടാതെ മുപ്പതിലേറെപ്പേരുടെ മൊഴിയെടുത്തു. ആരോപണവിധേയനായ ഇൻസ്പെക്ടർ സി.എൽ. സുധീർ, പ്രതികളുടെ കുടുംബാംഗങ്ങൾ, മോഫിയയുടെ വീട്ടുകാർ, കോളജിലെ സഹപാഠികൾ തുടങ്ങിയവർ ഇതിൽ പെടും. ഇൻസ്പെക്ടറെ ന്യായീകരിക്കുന്ന മൊഴിയാണു ഭർത്താവ് സുഹൈൽ ക്രൈംബ്രാഞ്ചിനു നൽകിയത്.

പ്രതികളുടെ മൊബൈൽ ഫോണുകളും മോഫിയ ഉൾപ്പെടെയുള്ളവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളും വിവാഹവും തലാക്കുമായി ബന്ധപ്പെട്ട പള്ളി രേഖകളും അന്വേഷണ സംഘം പരിശോധിച്ചു. മോഫിയ നീക്കം ചെയ്ത ചെയ്ത ഇൻസ്റ്റഗ്രാം പേജും മറ്റും വീണ്ടെടുക്കുന്നതിനു സൈബർ സെല്ലിന്റെ സഹായം തേടി. ഭർതൃവീട്ടുകാർക്കും പൊലീസ് ഇൻസ്പെക്ടർക്കും എതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം നവംബർ 22നാണു മോഫിയ കീഴ്മാട് എടയപ്പുറത്തെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com