ADVERTISEMENT

കൊച്ചി∙ കോവിഡിനു ശേഷം സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ടു കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) നടത്തിയ ഫൊട്ടോഗ്രഫി മത്സരത്തിൽ വയനാട്, എറണാകുളം, മലപ്പുറം, ആലപ്പുഴ ജില്ലകൾക്ക് ആദ്യ സ്ഥാനങ്ങൾ. സർക്കാർ– എയിഡഡ് മേഖലയിലെ പൊതു വിദ്യാലയങ്ങൾക്കായിരുന്നു അവസരം. ആദ്യ മൂന്നു സ്ഥാനക്കാർക്ക് സംസ്ഥാന തലത്തിൽ 25000, 20000, 10000 എന്നിങ്ങനെയും ജില്ലാ തലത്തിലേതിനു 5000, 3000, 2000 രൂപ സമ്മാനവും ലഭിക്കും. വയനാട് കാപ്പിസെറ്റ് മുതലി മാരൻ സ്മാരക ഗവ. ഹൈസ്കൂളിലെ ചിത്രത്തിനാണ് ഒന്നാം സ്ഥാനം. മലയാളം അധ്യാപിക ടി.പി. ആഷ ഒന്നാം ക്ലാസിൽ നിന്നും മൊബൈൽ ഫോണിൽ എടുത്ത ബലൂൺ പറത്തുന്ന വിദ്യാർഥികളുടെ ചിത്രമാണ് സമ്മാനാർഹമായത്.

രണ്ടാം സ്ഥാനം നേടിയ എറണാകുളം കുമാരപുരം മോറയ്ക്കാല സെന്റ് മേരീസ് എച്ച്എസിലെ ചിത്രം.

എറണാകുളം കുമാരപുരം മോറയ്ക്കാല സെന്റ് മേരീസ് എച്ച്എസിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ റെജു കെ. മാത്യു മൊബൈൽ ഫോണിൽ പകർത്തിയ ചിത്രത്തിനാണ് രണ്ടാം സ്ഥാനം. രണ്ടാം ക്ലാസുകാരി അതുല്യ ആൻസിന്റെ ഉച്ചഭക്ഷണ പാത്രത്തിൽ മുഖം നോക്കുന്ന ഒന്നാം ക്ലാസുകാരി ലക്ഷ്മിപ്രിയ അനന്തകൃഷ്ണന്റെ ചിത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആലപ്പുഴ അർത്തുങ്കൽ സെന്റ്. ഫ്രാൻസി‍സ് അ‍സീസി‍ ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ ജി. ലെനിൻ എടുത്ത ചിത്രമാണ് മൂന്നാം സ്ഥാനം പങ്കിട്ടത്. സ്കൂളിലെ ലിറ്റിൽ കൈറ്റ് മാസ്റ്ററായ ലെനിൻ മുൻപ് പത്ര സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അനുഭവപാഠത്തിൽ നിന്നും വാർത്താ ചിത്രങ്ങളുടേതിനോടു സമാനമായ ഫോട്ടോയാണു പകർത്തിയത്.

മൂന്നാം സ്ഥാനം പങ്കിട്ട ആലപ്പുഴ അർത്തുങ്കൽ സെന്റ്. ഫ്രാൻസി‍സ് അ‍സീസി‍ എച്ച്എസ്എസിലെ ചിത്രം.

5–ാം ക്ലാസിൽ കുട്ടിയെ വിട്ടു മടങ്ങുന്ന അമ്മയ്ക്കും ഇളയ കുട്ടിക്കും ജനാലയിലൂടെ യാത്രപറയുന്ന വിദ്യാർഥികളുടെ ചിത്രമാണ് സമ്മാനം നേടിയത്. സ്കൂളിനു കൈറ്റ് കൈമാറിയ ക്യാമറയിലായിരുന്നു ചിത്രം പകർത്തിയത്. മലപ്പുറം പറപ്പൂർ ഇഷാഅത്തുൽ ഉലൂം ഹയർസെക്കണ്ടറി സ്കൂളിലെ ഫിസിക്സ് അധ്യാപകൻ കെ.കെ. ജാബിർ പകർത്തിയ ചിത്രമാണ് മൂന്നാം സ്ഥാനം പങ്കിട്ട മറ്റൊരു ചിത്രം. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം 8–ാം ക്ലാസുകാർ സ്കൂളിൽ തിരിച്ചെത്തുമ്പോൾ 10–ാം ക്ലാസ് വിദ്യാർഥികൾ ‘വെൽകം ബാക് ടു സ്കൂൾ’ എന്ന ബോർഡുമായി സ്വാഗതമോതുന്ന ചിത്രമാണ് പട്ടികയിൽ ഇടം നേടിയത്. കൈറ്റ് നൽകിയ ക്യാമറയിലാണ് ഈ ചിത്രവും പകർത്തിയത്.

മൂന്നാം സ്ഥാനം പങ്കിട്ട മലപ്പുറം പറപ്പൂർ ഇഷാഅത്തുൽ ഉലൂം ഹയർസെക്കണ്ടറി സ്കൂളിലെ ചിത്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com