ADVERTISEMENT

ഫോർട്ട്കൊച്ചി∙ കൊതുകു കടിയേറ്റു പശ്ചിമ കൊച്ചി പുളയുന്നു. രാത്രി മാത്രമല്ല, പകല‌ും കൊതുകു ശല്യം രൂക്ഷം. ജനലുകളിലും വാതിലുകളിലും കൊതുകു വലയുടെ സംരക്ഷണം ഇല്ലാത്ത വീട്ടുകാർക്കു രാത്രി വീടുകളിൽ കിടന്ന് ഉറങ്ങാൻ കഴിയാത്ത അവസ്ഥ. കൊതുകു തിരികൾ കത്തിച്ചു വച്ചാണ് ഓഫിസുകളിൽ ജീവനക്കാർ പണിയെടുക്കുന്നത്. സമീപകാലത്തൊന്നും ഇത്രയധികം കൊതുകുശല്യം ഉണ്ടായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കാനകളിലൂടെ കയറി ഇറങ്ങുന്നതിനാൽ കൊതുക് കുറയേണ്ടതാണെന്നു പഴമക്കാർ പറയുന്നുണ്ടെങ്കിലും വേലിയേറ്റ സമയത്തും കൊതുകിന്റെ കൂത്താടികൾ പെരുകുകയാണ്.

ഉത്തരേന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ കൂടുതലായി ഫോർട്ട്കൊച്ചിയിലേക്ക് എത്തിത്തുടങ്ങിയ അവസരത്തിൽ കൊതുകുശല്യം ടൂറിസം മേഖലയ്ക്കും തിരിച്ചടിയായി. വൈകിട്ട് പുറത്ത് ഇറങ്ങുന്നതിനും റസ്റ്ററന്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനും പറ്റുന്നില്ല. വിനോദ സഞ്ചാരികൾ ഇവിടെ കൂടുതൽ ദിവസം താമസിക്കാതെ മറ്റു കേന്ദ്രങ്ങളിലേക്കു പോകുന്നതിന് ഇതു കാരണമാകുന്നതായി ഹോംസ്റ്റേ ഉടമകൾ പറഞ്ഞു. കൊതുകു നിവാരണ നടപടികൾ ശക്തമാക്കിയതായി നഗരസഭാ അധികൃതർ പറയുന്നു.

ഓരോ ഡിവിഷനുകളിലേക്കും 3 തൊഴിലാളികളെ വീതം മരുന്നു തളിക്കാൻ മാത്രമായി നൽകിയിട്ടുണ്ടെന്നും ആഴ്ചയിൽ ഒരു ദിവസം ഡിവിഷനുകൾ കേന്ദ്രീകരിച്ചു ഫോഗിങ് നടത്തുന്നുണ്ടെന്നും അധികൃതർ അവകാശപ്പെടുന്നു. വൈപ്പിനിലെ ചതുപ്പിൽ നിന്നുള്ള കൊതുകാണു ഫോർട്ട്കൊച്ചി പ്രദേശത്ത് കൂടുതൽ എത്തുന്നതെന്നും പറയുന്നു. കുമ്പളങ്ങി, കണ്ണമാലി, ചെല്ലാനം പ്രദേശങ്ങളും മുൻപ് ഇല്ലാത്ത വിധം കൊതുകു ശല്യം രൂക്ഷമാണ്. 

ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനമുള്ള ഫോർട്ട്കൊച്ചി പൈതൃക പ്രദേശം കൊതുകിനെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കൊതുകു കടി ഭയന്നു വിനോദ സഞ്ചാരികൾ സ്ഥലം വിടുന്നു. 2 വർഷത്തെ ഇടവേളയ്ക്കു ശേഷം സഞ്ചാരികൾ എത്തിത്തുടങ്ങിയ അവസരത്തിലാണു കൊതുകു ശല്യം വിനയാകുന്നത്. എത്രയും പെട്ടെന്നു കൊതുക് നിവാരണ പരിപാടികൾ സ്വീകരിക്കണം.
- ജോസഫ് ഡൊമിനിക്, ജനറൽ സെക്രട്ടറി, ഹോംസ്റ്റേ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ കേരള.

നഗരസഭയുടെ ഹെൽത്ത് സർക്കിളുകളിൽ കൊതുകിന് എതിരായ മരുന്നും സ്പ്രേയറുകളും ആവശ്യത്തിനുണ്ട്. പ്രദേശത്തെ കൗൺസിലർമാരും എച്ച്ഐമാരും തൊഴിലാളികളെ സംയോജിപ്പിച്ചു കൊതുക് നിർമാർജന പരിപാടികൾക്കു നേതൃത്വം നൽകണം. ഫോഗിങ് നടത്തുന്നതിനുള്ള സംവിധാനവും ഉണ്ട്. ആവശ്യത്തിനു ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
- ടി.കെ.അഷ്റഫ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ, കൊച്ചി നഗരസഭ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com