ADVERTISEMENT

കൊച്ചി∙ പുരാവസ്തു തട്ടിപ്പുകാരനായ മോൻസൻ മാവ‌ുങ്കലിനെതിരെയുള്ള കേസുകളിൽ സമാഹരിച്ച വിവരങ്ങളെല്ലാം കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകാനാവില്ലെന്നു ക്രൈംബ്രാ‍ഞ്ച് ഹൈക്കോടതിയെ അറിയിച്ചു. സാധ്യമായവ നൽകുന്നുണ്ട്. കൊച്ചിയിൽ ഓഫിസുള്ള ഇഡിക്ക് ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തി വേണ്ട വിവരങ്ങൾ എടുക്കാം. ആരെയെങ്കിലും നിയോഗിച്ചാൽ പ്രസക്തമായ വിവരങ്ങൾ കൈമാറാമെന്ന് അറിയിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ സഹായമില്ലാതെ തന്നെ ഇഡിക്ക് അന്വേഷിക്കാൻ സാധ്യമാണെന്നും അറിയിച്ചു.

മോൻസനെതിരെ മൊഴി നൽകിയതിനു പൊലീസ് പീഡിപ്പിക്കുന്നതായി ആരോപിച്ച് മുൻ ഡ്രൈവർ ഇ. വി. അജിത്ത് നൽകിയ ഹർജിയിൽ കോടതി നിർദേശപ്രകാരമാണു ക്രൈംബ്രാഞ്ച് എസ്പി എം. ജെ. സോജൻ ഇക്കാര്യങ്ങൾ അറിയിച്ചത്. അന്വേഷണ പുരോഗതി അറിയിക്കാൻ ഇഡി സമയം തേടിയതിനെ തുടർന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് രണ്ടാഴ്ച മാറ്റി. രേഖകൾ കൈമാറുന്നില്ലെന്ന് ഇഡി ആരോപിക്കുന്നതു തെറ്റാണെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ 26ന് 6 എഫ്ഐആറും ചില രേഖകളും വിവരങ്ങളും ആവശ്യപ്പെട്ടിരുന്നു.

ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് എസ്പി 3 എഫ്ഐആർ പകർപ്പുകൾ നൽകുകയും മറ്റു യൂണിറ്റുകളോടു നൽകാൻ നിർദേശിക്കുകയും ചെയ്തു. ഇഡി നവംബർ 16ന് ചില സംഭാഷണങ്ങളുടെ പകർപ്പും മറ്റും ആവശ്യപ്പെട്ടു. ലഭ്യമായവ നൽകി. കേസുകളുടെ പുരോഗതിയെ ബാധിക്കുമെന്നതിനാൽ ചില രേഖകളും സാക്ഷിമൊഴികളും നൽകിയില്ല. അന്തിമ റിപ്പോർട്ട് നൽകുന്നതു വരെ കേസ് ഡയറിയുടെ ഭാഗമായ മൊഴികളും മഹസറും സംബന്ധിച്ച് അവകാശം ഉന്നയിക്കാനാവില്ല. ജനുവരി ആദ്യം ചില സാക്ഷിമൊഴികളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും നൽകിയെന്നും അറിയിച്ചു.

വിശദീകരണ പത്രികയിൽ നിന്ന്:

 വിദേശ ബന്ധമില്ല

മോൻസൻ മാവുങ്കലിന്റെ ഇടപാടുകളിൽ ഇതുവരെ വിദേശ ബന്ധം കണ്ടെത്തിയിട്ടില്ല. ഇറ്റലിയിൽ താമസിക്കുന്ന അനിത പുല്ലയിലുമായി 2019–20 കാലത്ത് സൗഹൃദം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ശത്രുതയിലാണ്. മോൻസന് ഇന്ത്യൻ പാസ്പോർട്ട് ഇല്ല. വിദേശ രാജ്യങ്ങളൊന്നും സന്ദർശിച്ചിട്ടില്ല.

 ഓഫിസർമാർ പ്രതികളല്ല

ഏതെങ്കിലും പൊലീസ് ഓഫിസർമാരെ കേസിൽ ഉൾപ്പെടുത്താനുള്ള തെളിവുകൾ ഇതുവരെ കിട്ടിയിട്ടില്ല. ഔദ്യോഗിക പെരുമാറ്റ ദൂഷ്യത്തിന് വകുപ്പുതല നടപടികളുടെ ഭാഗമായി ഐജിയെയും ഇൻസ്പെക്ടറെയും സസ്പെൻഡ് ചെയ്തു.

 പുരാവസ്തു, വ്യാജരേഖ പരിശോധന

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക പരിശോധനയിൽ മോൻസന്റെ പക്കലുള്ള 4 സാധനങ്ങൾ മാത്രമാണു പുരാവസ്തുവായി കരുതപ്പെടുന്നത്. ബെംഗളൂരു റീജനൽ ഡയറക്ടറുടെ കീഴിലുള്ള അപ്പീൽ കമ്മിറ്റി 20 പുരാവസ്തുക്കൾ പരിശോധിച്ചു. ഫലം അറിവായിട്ടില്ല. ഡിആർഡിഒയുടെ വ്യാജരേഖ ചമച്ച കേസിൽ ഡിആർഡിഒ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുകയും സീലും ഒപ്പും പരിശോധിക്കുകയും വേണമെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com