ADVERTISEMENT

കൊച്ചി ∙ വൈറ്റില ജംക്‌ഷനിലെ കുരുക്കഴിക്കാനുള്ള ട്രാഫിക് പരിഷ്കാരങ്ങൾക്കു മികച്ച പ്രതികരണം. പ്രവൃത്തി ദിനമായിട്ടും ഇന്നലെ വൈറ്റില ജംക്‌ഷനിൽ കാര്യമായ ബ്ലോക്ക് ഉണ്ടായില്ല. ട്രാഫിക് മാറ്റം ഏർപ്പെടുത്തിയതോടെ വൈറ്റില ജംക്‌ഷനിൽ സിഗ്‌നൽ കിട്ടാനായുള്ള വാഹനങ്ങളുടെ കാത്തു നിൽക്കൽ സമയവും ഗണ്യമായി കുറഞ്ഞു. പാലാരിവട്ടം ഭാഗത്തു നിന്നു കടവന്ത്ര ഭാഗത്തേക്കു പോകേണ്ട കുറച്ചു വാഹനങ്ങൾ ട്രാഫിക് മാറ്റം അറിയാതെ വൈറ്റില ജംക്‌ഷനിൽ എത്തുന്നുണ്ട്.

ഇതു കൂടി ഒഴിവാക്കിയാൽ ഗതാഗതം സുഗമമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ട്രാഫിക് മാറ്റം ഗുണകരമാണെന്നാണു പതിവു യാത്രക്കാരുടെയും പ്രതികരണം. പാലാരിവട്ടം ഭാഗത്തു നിന്നു കടവന്ത്ര ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ നേരത്തേ മേൽപാലം കയറാതെ വൈറ്റില ‌ജംക്‌ഷനിലെത്തി വലത്തേക്കു തിരിയുകയാണു ചെയ്തിരുന്നത്. ഇതു പൂർണമായും ഒഴിവാക്കി. പകരം ഈ വാഹനങ്ങൾ മേൽപാലം കയറിയിറങ്ങി ഡെക്കാത്തലണിനു സമീപമുള്ള യു ടേൺ എടുക്കണം. യു ടേൺ‌ എടുക്കാനായി പ്രത്യേക ട്രാക്ക് ഉറപ്പാക്കിയതോടെ ഇവിടെയും വലിയ തിരക്ക് ഇന്നലെയുണ്ടായില്ല.

തൃപ്പൂണിത്തുറ– എറണാകുളം റൂട്ടിൽ സിഗ്‌നൽ കിട്ടാനായി വാഹനങ്ങൾ വൈറ്റില ജംക്‌ഷനിൽ കാത്തു നിൽക്കുന്ന സമയം അഞ്ചിലൊന്നായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്ന് എറണാകുളം ഈസ്റ്റ് ട്രാഫിക് പൊലീസ് എസിപി കെ.എഫ്. ഫ്രാൻസിസ് ഷെൽബി പറഞ്ഞു. എറണാകുളം ഭാഗത്തു നിന്നുള്ള വാഹനങ്ങൾക്കു പരമാവധി 3 മിനിറ്റും തൃപ്പൂണിത്തുറ ഭാഗത്തു നിന്നുള്ള വാഹനങ്ങൾക്കു പരമാവധി രണ്ടര മിനിറ്റും മാത്രമേ തിരക്കുള്ള സമയത്തു കാത്തു നിൽക്കേണ്ടി വരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ 10–15 മിനിറ്റുവരെ കാത്തു നിൽക്കേണ്ടി വന്നിരുന്നു.

അതേ സമയം തൃപ്പൂണിത്തുറ റോഡ്, പവർഹൗസ് റോഡ് എന്നിവിടങ്ങളിൽ ഇന്നലെ തിരക്കുണ്ടായി. വൈറ്റില മൊബിലിറ്റി ഹബിന്റെ പുറത്തേക്കുള്ള വഴിയിലുണ്ടാകുന്ന തിരക്കു മൂലമാണു തൃപ്പൂണിത്തുറ റോഡിൽ ബ്ലോക്കുണ്ടാകുന്നതെന്നാണു വിലയിരുത്തൽ.ട്രാഫിക് മാറ്റം അറിയാതെ ജംക്‌ഷനിൽ എത്തുന്ന വാഹനങ്ങൾ ഒഴിയുന്നതോടെ തൃപ്പൂണിത്തുറ റോഡിലെ നിലവിലെ തിരക്കും കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഹബിൽ നിന്നു ബസുകൾ കണിയാമ്പുഴ റോഡ് വഴി

വൈറ്റില മൊബിലിറ്റി ഹബിൽ നിന്ന് എറണാകുളം ടൗണിലേക്കും വടക്കൻ ജില്ലകളിലേക്കുമുള്ള ബസുകൾ ജംക്‌ഷനിലെത്തുന്നതു കണിയാമ്പുഴ റോഡ് വഴിയാക്കി. നേരത്തേ ഈ വാഹനങ്ങൾ തൃപ്പൂണിത്തുറ റോഡിലൂടെയാണു ജംക്‌ഷനിലെത്തിയിരുന്നത്. വൈറ്റില ഹബിൽ കയറാതെ വരുന്ന ബസുകൾ മാത്രമേ തൃപ്പൂണിത്തുറ റോഡ് വഴി വരികയുള്ളൂ. ജം‌ക്‌ഷനിൽ കാത്തു കിടക്കുന്ന സമയം കുറഞ്ഞതു ബസുകൾക്കു പ്രയോജനമാണ്.

എന്നാൽ, നേരത്തേ നിർത്തിയിരുന്ന ചില സ്റ്റോപ്പുകൾ ബസുകൾക്കു നഷ്ടപ്പെടും. വൈറ്റില മൊബിലിറ്റി ഹബിൽ നിന്ന് എറണാകുളം ടൗണിലേക്കുള്ള ബസുകൾ നേരത്തേ തൃപ്പൂണിത്തുറ റോഡിലും നിർത്തി ആളുകളെ കയറ്റിയിരുന്നു. പുതിയ ക്രമീകരണമനുസരിച്ച് ഈ ബസുകൾക്ക് എസ്എ റോഡിലെ സ്റ്റോപ്പിൽ നിന്നു മാത്രമേ ആളുകളെ കയറ്റാനാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com