ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്ത‌് ഒമിക്രോൺ വകഭേദത്തിന്റെ സമൂഹ വ്യാപനം പരിശോധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ. വൈറസ് വകഭേദം ഏതാണെന്നു തിരിച്ചറിയുന്നതു ചികിത്സയിലുൾപ്പെടെ പ്രയോജനകരമാണെന്നും അഭിപ്രായമുണ്ട്. രാജ്യത്ത് ഒമിക്രോൺ വകഭേദം സമൂഹ വ്യാപന ഘട്ടത്തിലാണെന്ന് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സാർസ് കോവ് 2 ജീനോമിക് സീക്വൻസിങ് കൺസോർഷ്യം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിനു കാരണം ഒമിക്രോൺ വകഭേദമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കൊച്ചിയിലെ ഡോക്ടർമാരുടെ പ്രതിവാര യോഗവും വിലയിരുത്തുന്നു.

ഒമിക്രോൺ കണ്ടെത്താനുള്ള പിസിആർ പരിശോധനകൾ നടത്താത്തതിനാൽ സംസ്ഥാനത്തു പുതിയ വകഭേദത്തിന്റെ സമൂഹ വ്യാപനം തിരിച്ചറിയാൻ കഴിയുന്നില്ല. സംസ്ഥാനത്ത് ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിലെ 90 ശതമാനവും ഒമിക്രോൺ വകഭേദം മൂലമാണെന്നാണു കരുതുന്നതെന്ന് ആരോഗ്യ വിദഗ്ധൻ ഡോ. പത്മനാഭ ഷെണോയ് പറഞ്ഞു. നിലവിൽ വിദേശത്തു നിന്ന് എത്തുന്നവരിൽ കോവിഡ് പോസിറ്റീവാകുന്നവരുടെ സാംപിളുകൾ മാത്രമാണു ജനിതക ശ്രേണീകരണത്തിന് അയയ്ക്കുന്നത്. ജനിതക ശ്രേണീകരണ സൗകര്യങ്ങൾ പരിമിതമായതിനാൽ വളരെ കുറച്ചു സാംപിളുകൾ മാത്രമാണു പരിശോധിക്കുന്നത്. ഒമിക്രോണിന്റെ ബിഎ. 2 ഉപ വകഭേദമാണ് ഇന്ത്യയിൽ ശക്തമെന്നാണ് ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നത്.

ഇത്തരം ഉപ വകഭേദങ്ങൾ കണ്ടെത്താൻ കഴിയുന്ന പരിശോധന‌ാ കിറ്റുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇത്തരം പ്രത്യേക പിസിആർ കിറ്റുകൾ പ്രയോജനപ്പെടുത്തി ഒമിക്രോൺ വ്യാപനം കണ്ടെത്തണമെന്ന് ഐഎംഎ റിസർച് സെൽ വൈസ് ചെയർമാൻ ഡോ. രാജീവ് ജയദേവൻ പറഞ്ഞു. മെഡിക്കൽ സർവീസസ് കോർപറേഷനിലെ (കെഎംഎസ്‌സിഎൽ) ക്രമക്കേടുകളെ തുടർന്നു പർച്ചേസ് ഓർഡർ നൽകാതിരുന്നതാണ് ഒമിക്രോൺ പരിശോധന കിറ്റുകളുടെ ലഭ്യതയ്ക്കും തടസ്സമായത്. മോണോക്ലോണൽ ആന്റിബോഡി ഉൾപ്പെടെയുള്ള വിലയേറിയ മരുന്നുകൾ ഒമിക്രോൺ വകഭേദത്തിനെതിരെ ഫലപ്രദമല്ല. ഇതു മനസ്സിലാക്കി ചികിത്സയിൽ മാറ്റം വരുത്തണമെങ്കിലും വൈറസ് വകഭേദത്തെ തിരിച്ചറിയേണ്ടത് ആവശ്യമാണെന്നു ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com