ADVERTISEMENT

ആ ദ്വീപിലെ മുഴുവൻ പേരും അന്നു പ്രധാനവാർത്തകൾ കേൾക്കാൻ ക്ലബ് കെട്ടിടത്തിന്റെ മുന്നിൽ ഒത്തുകൂടുമായിരുന്നു.

കൊച്ചി∙ തോക്കിനു ലൈസൻസ് വേണ്ട പോലെ ഒരുകാലത്ത് ഇന്ത്യയിൽ റേഡിയോ സെറ്റ് വാങ്ങി വാർത്തയും പാട്ടും കേൾക്കാനും വേണമായിരുന്നു ലൈസൻസ്. പട്ടാളത്തിന്റെയും പൊലീസിന്റെയും വയർലെസ് സന്ദേശങ്ങൾ വരെ തരംഗം വഴി തെറ്റി റേഡിയോ സെറ്റുകളിൽ കേൾക്കാൻ കഴിഞ്ഞിരുന്ന അക്കാലത്തു രാജ്യത്ത് ആരുടെയൊക്കെ കൈകളിലാണു റേഡിയോയുള്ളതെന്ന കണക്കു കേന്ദ്രസർക്കാരിന്റെ പക്കലുണ്ടായിരുന്നു. ഒരാളുടെ കൈവശം എത്ര റേഡിയോയുണ്ടെന്നു വരെ കേന്ദ്ര സർക്കാരിന് അറിയാമായിരുന്ന ഒരുകാലം.

1928 ലാണ് ഇന്ത്യയിൽ പൊതുവിപണിയിൽ റേഡിയോ വിൽപനയ്ക്കു വന്നത്. അന്നൊരു വിദേശ നിർമിത റേഡിയോ വാങ്ങാൻ 600 രൂപ വരെ ചെലവാകുമായിരുന്നു. അന്നു സ്വർണത്തിന്റെ വില പവന് 18 രൂപ 35 പൈസയാണെന്ന് ഓർക്കണം. അതായത് 32 പവൻ സ്വർണത്തിന്റെ വിലയ്ക്കു തുല്യമായിരുന്നു 1 റേഡിയോ സെറ്റിന്റെ വില. പിന്നീടുള്ള വർഷങ്ങളിൽ ഇന്ത്യയിലും റേഡിയോ നിർമാണം തുടങ്ങിയതോടെയാണു ഇടത്തരക്കാർക്കും സ്വന്തമായി വാങ്ങിയ റേഡിയോ കേൾക്കാൻ അവസരം ലഭിച്ചത്.

1928 ലെ റേഡിയോ ലൈസൻസ് ഫീസ് തന്നെ വർഷം 10 രൂപ വരുമായിരുന്നു. അതേ ലൈസൻസിൽ രണ്ടാമതൊരു സെറ്റു കൂടി വാങ്ങാൻ 3 രൂപ ഫീസ് അധികം നൽകണം. സ്വാതന്ത്ര്യം ലഭിച്ച ശേഷം 1970 ലാണു ലൈസൻസ് ഫീസ് ആദ്യമായി വർധിപ്പിച്ചു 15 രൂപയാക്കിയത്. എല്ലാവർഷവും തൊട്ടടുത്തുള്ള പോസ്റ്റോഫിസിൽ ലൈസൻസ് ബുക്ക് നേരിട്ടു ഹാജരാക്കി ഫീസ് അടച്ചു സ്റ്റാംപ് പതിപ്പിക്കണം. രാജ്യരക്ഷയെ ബാധിക്കാത്ത വിധം പട്ടാളത്തിന്റെയും പൊലീസിന്റെയും സിഗ്നൽ സംവിധാനങ്ങൾ ആധുനിക വത്കരിച്ചതോടെ റേഡിയോ ലൈസൻസ് എന്ന ബാധ്യത കേന്ദ്രസർക്കാർ എടുത്തുകളഞ്ഞു. 

1984 മുതൽ രാജ്യത്ത് ആർക്കും റേഡിയോ വാങ്ങി കേൾക്കാവുന്ന വിധത്തിൽ ബ്രോഡ്കാസ്റ്റിങ് നിയമങ്ങളിൽ മാറ്റം വരുത്തി. ജനങ്ങളുടെ പ്രതിഷേധത്തിനു വഴിയൊരുക്കിയിരുന്ന ‘ലൈസൻസ് രാജിനു’ കാലത്തിനൊത്ത മാറ്റം വന്നു തുടങ്ങിയതോടെയാണു റേഡിയോ ലൈസൻസിനു സമാനമായ സൈക്കിൾ ലൈസൻസും ‘ശീലക്കുട’ ചൂടാനുള്ള ലൈസൻസുമൊക്കെ മെല്ലെ മെല്ലെ ഇല്ലാതായത്. 

അതുവരെ രാജകുടുംബക്കാരും  ബ്രിട്ടിഷ് അധികാരികളും മാത്രം ചൂടിയിരുന്ന ശീലക്കുട ഇന്ത്യയിലെ സാധാരണ പൗരനു ചൂടണമെങ്കിൽ തഹസിൽദാർ നൽകുന്ന ലൈസൻസ് പേപ്പർ വേണമായിരുന്നു. ഈ പേപ്പറുമായി എത്തുന്നവർക്കു മാത്രമാണു വിൽപന കേന്ദ്രങ്ങളിൽ നിന്നും കുടകൾ പണം നൽകിയാൽ പോലും ലഭിച്ചിരുന്നുള്ളു. ഈ ലൈസൻസ് സമ്പ്രദായവും അവസാനിച്ചതോടെയാണു രാജാധികാരത്തിന്റെ ചിഹ്നമായ ‘ഛത്രപതി’ സ്ഥാനത്തിലും ജനാധിപത്യം കാതലായ മാറ്റം വരുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com